അനുസരണയില്ലാതെ കൊണ്ട് പോകുന്നതാണ് സാറേ.... ഇനി ആവർത്തിക്കില്ല; പ്രായപൂർത്തിയാകാതെ വാഹനം ഓടിക്കുന്ന കുട്ടികൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം നിരത്തിലിറക്കുന്നതിന് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. 'നോ കീ ഫോർ കിഡ്സ്' എന്ന പുതിയൊരു കാമ്പയിനുമായാണ് ഇത്തവണ എം.വി.ഡിയുടെ വരവ്. പുതിയ കാമ്പയിന് ഏറെ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്.
18 വയസ്സ് തികയാതെയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയും അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്ന ദുഃഖവും സാമ്പത്തിക ബാധ്യതകളും രക്ഷിതാക്കൾക്ക് താങ്ങാൻ സാധിക്കുന്നതിലും കൂടുതലാണ്. രക്ഷിതാക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ പലപ്പോഴും കുട്ടികൾ ഉപയോഗിക്കുന്നത് അച്ഛനോ, അമ്മയോ അറിയാതെയാണ്. എന്നാൽ അപകടം നടന്ന സമയത്ത് ഇക്കാര്യം വെളിപ്പെടുത്തുമ്പോൾ നിസ്സഹായരായി ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങേണ്ടി വരും. അതിനാൽ രക്ഷിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് കർശനമായി വിലക്കണമെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
വീട്ടുകാർ അറിയാതെ എടുത്തു പോകുന്നതാണ്, തീരെ അനുസരണ ഇല്ലാതെ പോകുന്നതാണ്, കടയിലേക്ക് മാത്രമേ വണ്ടി എടുത്ത് പോവാറുള്ളൂ, അവൻ്റെ ചേട്ടനോ അച്ഛനോ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഓടിക്കാറുള്ളു, അപ്പുറത്തെ വീട്ടിലെ പയ്യൻ വണ്ടി ഓടിക്കുന്നുണ്ട് അതുകണ്ടിട്ടാണ്, മെയിൻ റോഡിലേക്കൊന്നും പോകാറില്ല.... തുടങ്ങിയ നിരവധി മറുപടികളാണ് 18 വയസ്സ് തികയാത്ത കുട്ടികൾ വാഹനമോടിക്കുമ്പോൾ രക്ഷിതാക്കൾ പറയാറുള്ളത്. ഇത് കുട്ടികളെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതിന് തുല്യമാണ്. ഇങ്ങനെ എന്തൊക്കെ കാരണങ്ങൾ പറയാനുണ്ടായാലും മക്കൾ നമ്മുടേതാണെന്ന ബോധം രക്ഷിതാക്കൾക്കുണ്ടാകണമെന്നും മോട്ടോർ വാഹന വകുപ്പ് നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.
പ്രായപൂർത്തിയാകാതെ വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങൾക്ക് രക്ഷിതാക്കളും കുട്ടികളും ഒരുപോലെ ശിക്ഷാർഹരാണ്. മോട്ടോർവാഹന നിയമം സെക്ഷൻ 199 A പ്രകാരം താഴെ പറയുന്ന ശിക്ഷകൾ ലഭിക്കുന്നതാണ്.
- ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള 10000 രൂപ പിഴ കൂടാതെ
- രക്ഷിതാവിനോ ഉടമക്കോ 25000 രൂപ പിഴ.
- രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ ഒരു വർഷം തടവ് ശിക്ഷ.
- വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കൽ.
- വാഹനമോടിച്ച പ്രായമാവാത്ത കുട്ടിക്ക് 25 വയസ്സ് വരെ ഇന്ത്യയിലെവിടെ നിന്നും ലേണേർസ് /ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കുന്നതിന് വിലക്ക്.
- ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ
'മോട്ടോർ വാഹന വകുപ്പ് കേരള' എന്ന ഫേസ്ബുക് അക്കൗണ്ട് വഴിയാണ് കേരള എം.വി.ഡി കാമ്പയിന് തുടക്കം കുറിച്ചത്. കാമ്പയിനോടനുബന്ധിച്ച് കുട്ടി ഡ്രൈവർമാരെ ലക്ഷ്യംവെച്ച് സ്കൂൾ, കോളേജ് പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ കൂടുതൽ പരിശോധനയും നിരീക്ഷണവും തുടരുമെന്നും എം.വി.ഡി അറിയിച്ചു. കാമ്പയിൻ വൈറലായതോടെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

