Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right'E20 ഇന്ധനം കാരണം...

'E20 ഇന്ധനം കാരണം ഇൻജെക്ടറുകൾ അടയുന്നു, ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നു'; പരാതിയുമായി മെക്കാനിക്കുകൾ

text_fields
bookmark_border
E20 ഇന്ധനം കാരണം ഇൻജെക്ടറുകൾ അടയുന്നു, ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നു; പരാതിയുമായി മെക്കാനിക്കുകൾ
cancel

ന്യൂഡൽഹി: തണുപ്പുള്ള രാവിലെകളിൽ മോട്ടോർ സൈക്കിളുകൾ സ്റ്റാർട്ട് ആകാൻ മടിക്കുക, കാറുകൾ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ഓഫാകുക, ഒപ്പം മൈലേജ് ഗണ്യമായി കുറയുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലാണ് നിലവിൽ രാജ്യത്തെ വാഹന ഉടമകൾ കടന്നുപോകുന്നത്.

എഞ്ചിൻ ഇൻജെക്ടറുകൾ അടഞ്ഞുപോകുന്നതും, ഇന്ധനക്കുഴലുകൾ (Fuel lines) ദ്രവിക്കുന്നതും, റബ്ബർ ഭാഗങ്ങളിൽ വിള്ളലുകൾ വീഴുന്നതും മുൻപെങ്ങുമില്ലാത്ത വിധം കൂടിയിട്ടുണ്ടെന്നാണ് വാഹന മെക്കാനിക്കുകൾ പറയുന്നത്. ഇത് മെക്കാനിക് വർക് ഷോപ്പുകളിൽ സ്ഥിരം കാഴ്ചയായതോടെ വാർത്തയാകുന്നതിൽ പോലും വലിയ കാര്യമില്ലാത്ത അവസ്ഥയാണ്.

2025 ഏപ്രിലിൽ രാജ്യവ്യാപകമായി E20 പെട്രോൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റങ്ങൾ വ്യാപകമായി ശ്രദ്ധയിൽ പെട്ടതെന്നാണ് ഡൽഹിയിലെ സാമ്രുദ്പൂർ ഗ്രാമത്തിലുള്ള 'ഡി.പി. മോട്ടോഴ്‌സ്' എന്ന റോയൽ എൻഫീൽഡ് അംഗീകൃത സർവിസ് സെന്‍ററിലെ മെക്കാനിക്കായ സുനിൽ കുമാർ പറയുന്നത്. വെറും മൂന്നോ നാലോ വർഷം മാത്രം പഴക്കമുള്ള ബൈക്കുകളുമായി ഉപഭോക്താക്കൾ എഞ്ചിൻ മിസ്ഫയറിങ്, സ്റ്റാർട്ടിങ് ബുദ്ധിമുട്ടുകൾ തുടങ്ങിയ പരാതികളുമായി വരാൻ തുടങ്ങി.

'ഒരു ദിവസം ഒരു ഉപഭോക്താവിന്‍റെ ബൈക്കിലെ ഇന്ധനം അദ്ദേഹം ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റി. നിമിഷങ്ങൾക്കകം അതിലെ പെട്രോളും വെള്ളവും വേർതിരിഞ്ഞു. മുകളിൽ പെട്രോളും അടിയിൽ കറുത്ത അവശിഷ്ടങ്ങളോടു കൂടിയ വെള്ളവും വന്നടിഞ്ഞു. ഇത് എഞ്ചിനിലേക്ക് പോകുന്നതാണ് വാഹനം കേടാകുന്നതിന് കാരണം. പക്ഷേ പഴി കേൾക്കുന്നത് തങ്ങളാണ്' മെക്കാനിക്കുകൾ പറയുന്നു.

പെട്രോളിൽ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കുന്ന എഥനോളിന്‍റെ അളവ് കൂട്ടുന്നതിലൂടെ അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും, കാർബൺ പുറന്തള്ളൽ കുറയ്ക്കാനും, കരിമ്പ് കർഷകരെ സഹായിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ യാത്രയിലെ നിർണായക നാഴികക്കല്ലായാണ് E20 (20% എഥനോൾ ചേർത്ത പെട്രോൾ) പ്രഖ്യാപിക്കപ്പെച്ചത്. എന്നാൽ രാജ്യവ്യാപകമായി ഇത് നടപ്പിലാക്കി ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ സർക്കാർ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങിക്കഴിഞ്ഞു.

ജൂണിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ന്യൂഡൽഹിയിലെ ഒരു ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റിൽ E85 ഇന്ധനം പുറത്തിറക്കി. ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഈ ഇന്ധനം ലഭ്യമാക്കുന്നതിനായി രാജ്യത്തെ 48 പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലാണ് (ROs) ഇത് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ 500 ഔട്ട്‌ലെറ്റുകളിലേക്കും 2027 ഡിസംബറോടെ 5000 ഔട്ട്‌ലെറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. എന്നാൽ ഇന്ത്യ എഥനോൾ പരിവർത്തനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാകുന്നു: E20 ഇന്ധനത്തിലോടുന്ന ശലക്ഷക്കണക്കിന് വാഹനങ്ങൾക്ക് എന്ത് സംഭവിക്കും?

ഈ മാറ്റങ്ങൾക്ക് ചില ദോഷങ്ങളുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നുണ്ട്. പി.ഐ.ബി പുറത്തിറക്കിയ വിശദമായ FAQവിൽ,, സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോൾ ചേർത്ത പെട്രോളിന് ഊർജക്ഷമത കുറവായതിനാൽ മൈലേജ് കുറയുമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാത്ത പഴയ വാഹനങ്ങളിലെ റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങൾ നശിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്നും സർക്കാർ അംഗീകരിക്കുന്നു. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കൽ, ഊർജ സുരക്ഷ, കുറഞ്ഞ ഹരിതഗൃഹ വാതക പുറന്തള്ളൽ, കർഷകർക്ക് ലഭിക്കുന്ന അധിക വരുമാനം എന്നിവ പോലുള്ള വലിയ നേട്ടങ്ങൾ നോക്കുമ്പോൾ ഈ ചെറിയ നഷ്ടങ്ങൾ അവഗണിക്കാമെന്നാണ് സർക്കാറിന്‍റെ വാദം.

ഇ20യിലൂടെ വിദേശനാണ്യ വിനിമയത്തിൽ വലിയ ലാഭമുണ്ടായതായും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില മാറുമ്പോഴും ആഭ്യന്തര ഇന്ധനവില സ്ഥിരമായി നിർത്താൻ കഴിഞ്ഞതായും സർക്കാർ പറയുന്നു. കൃത്യമായ സർവീസിങ്ങിലൂടെയും പുതിയ E20 അനുയോജ്യമായ വാഹനങ്ങളിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തിലൂടെയും ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

മുമ്പ് ഒരു ലിറ്റർ ഇന്ധനത്തിന് ഏകദേശം 14 കിലോമീറ്റർ മൈലേജ് കിട്ടിയിരുന്നു. ഇന്ന് അത് കഷ്ടിച്ച് ഏഴോ എട്ടോ കിലോമീറ്റർ മാത്രമാണ് നൽകുന്നതെന്നാണ് ഒരു റാപ്പിഡോ ഡ്രൈവർ പറയുന്നത്. വാങ്ങുന്ന ഓരോ അധിക ലിറ്റർ ഇന്ധനവും അദ്ദേഹത്തിന്‍റെ വരുമാനത്തെ ബാധിക്കുന്നു. ഈ പരാതി ഒരാളുടേത് മാത്രമല്ല. മുൻപത്തേക്കാൾ കൂടുതൽ ഇന്ധനം വാഹനത്തിന് വേണം, എഞ്ചിന് പവർ കുറവാണ്, തുടർച്ചയായി റിപ്പയറിങ് ബില്ലുകൾ വരുന്നു എന്നിങ്ങനെ ഒരേ തരത്തിലുള്ള പരാതികളുമായാണ് ഉപഭോക്താക്കൾ വർക്ക്‌ഷോപ്പിലേക്ക് വരുന്നത്.

രാജ്യത്തുടനീളം E20 ഇന്ധനം ലഭ്യമായി ഏതാനും മാസങ്ങൾക്ക് ശേഷം, 2025 ആഗസ്റ്റിൽ ഡൽഹിയിലെ 331 ജില്ലകളിലായി 37,000ത്തിലധികം വാഹന ഉടമകൾക്കിടയിൽ 'ലോക്കൽ സർക്കിൾസ്' (Local Circles) ഒരു സർവേ നടത്തിയിരുന്നു. 2022-ന് മുൻപുള്ള വാഹന ഉടമകളിൽ മൂന്നിൽ രണ്ട് പേരും മൈലേജ് കുറവുണ്ടായതായി റിപ്പോർട്ട് ചെയ്തു. 28% പേർ എഞ്ചിൻ, ഫ്യുവൽ ടാങ്ക്, കാർബ്യൂറേറ്റർ, ഫ്യുവൽ ലൈനുകൾ എന്നിവയിൽ അസാധാരണമായ കേടുപാടുകൾ സംഭവിച്ചതായി പറഞ്ഞു.

ഒക്ടോബറായപ്പോഴേക്കും ഡൽഹിയിലെ 323 ജില്ലകളിലായി 36,000ത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ ഫോളോ അപ്പ് സർവേയിൽ ആശങ്കകൾ വീണ്ടും വർധിച്ചതായി കാണിച്ചു. പഴയ വാഹന ഉടമകളിൽ പത്തിൽ എട്ടുപേരും കുറഞ്ഞ മൈലേജ് റിപ്പോർട്ട് ചെയ്തു, കേടുപാടുകൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 52% ആയി ഉയർന്നു.

E20 ഇന്ധനം വ്യാപകമായി ഉപയോഗിച്ച് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും, 2 പഴയ വാഹന ഉടമകളിൽ പകുതിയോളം പേർക്കും ഇപ്പോഴും ഇന്ധനക്ഷമത കുറയുന്നതായി 2026 മേയിലെ ഒരു സർവേയിൽ കണ്ടെത്തി. നാലിലൊരാൾക്ക് 20 ശതമാനത്തിലധികം മൈലേജ് നഷ്ടം സംഭവിക്കുന്നുണ്ട്. എന്നാൽ സർക്കാറിന്‍റെ കണക്കുകൾ ഉപഭോക്തൃ സർവേകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം കണക്കാക്കുന്നത് വെറും 3-5% മൈലേജിന്‍റെ കുറവ് മാത്രമാണ്. കൃത്യമായ സർവീസിങ് നടത്തിയാൽ ഈ മാറ്റം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് അവരുടെ വാദം.

സാധാരണ പെട്രോളിൽ നിന്ന് വ്യത്യസ്തമായി, എഥനോൾ അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കും. വാഹനം കൂടുതൽ സമയം പാർക്ക് ചെയ്തിടുമ്പോൾ, ഇന്ധന ടാങ്കിനുള്ളിൽ വെള്ളം വേർതിരിയുകയും ഇത് വേഗം തുരുമ്പെടുക്കാൻ കാരണമാവുകയും ചെയ്യും. ഓട്ടോമൊബൈൽ നിർമാതാക്കളും ഈ പരിമിതികൾ അംഗീകരിച്ചിട്ടുണ്ട്.

10 ശതമാനത്തിലധികം എഥനോൾ അടങ്ങിയ മിശ്രിതങ്ങൾ ഉപയോഗിക്കരുതെന്ന് ജീപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് എഞ്ചിൻ തകരാറിനും മെറ്റീരിയലുകൾ നശിക്കുന്നതിനും കാരണമാകുമെന്നാണ് അവരുടെ വാദം. പഴയ വാഹനങ്ങൾക്ക് E20 സുരക്ഷിതമായി ഉപയോഗിക്കുന്നതിന് മുൻപ് ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ടി.വി.എസ് മോട്ടോറും അറിയിച്ചിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ റോഡുകളിലുള്ള വാഹനങ്ങളിൽ ഏകദേശം 80 ശതമാനവും E5 അല്ലെങ്കിൽ E10 പെട്രോളിനായി നിർമിച്ചവയാണ്. എന്നിട്ടും രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ E20 ഡിഫോൾട്ട് ഇന്ധനമായി മാറിയപ്പോൾ, തങ്ങളുടെ കൈവശമുള്ള വാഹനങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്താനുള്ള വ്യക്തമായ പദ്ധതിയൊന്നുമില്ലാതെ ദശലക്ഷക്കണക്കിന് ഉടമകൾക്ക് പുതിയ ഇന്ധനവുമായി പൊരുത്തപ്പെടേണ്ടി വന്നു. ഈ വിടവ് വിപണിയിൽ പുതിയൊരു ബിസിനസിന് വഴിതുറന്നിരിക്കുകയാണ്.

ലജ്പത് നഗറിലെ ഒരു ഓട്ടോ-പാർട്സ് കടയിൽ ലിക്വി മോളി (Liqui Moly) കമ്പനിയുടെ E20 അഡിറ്റീവ് ബോട്ടിലുകൾ ഇപ്പോൾ എഞ്ചിൻ ക്ലീനറുകൾക്കും ലൂബ്രിക്കന്റുകൾക്കുമൊപ്പം നിരന്നുക്കഴിഞ്ഞു. ഒരു ഫ്യുവൽ ടാങ്കിന് ഏകദേശം 800 രൂപ വിലവരുന്ന ഈ അഡിറ്റീവ്, എഥനോൾ മിശ്രിത ഇന്ധനം മൂലമുണ്ടാകുന്ന പെർഫോമൻസ് കുറവ് പരിഹരിക്കുമെന്നാണ് അവകാശപ്പെടുന്നത്. എഞ്ചിൻ മെച്ചപ്പെടുത്താനല്ല, മറിച്ച് ഇന്ധനവുമായി പൊരുത്തപ്പെടാൻ എഞ്ചിനെ സഹായിക്കുന്നതിനായി ഒഴിവാക്കാനാവാത്ത ഒരു ഉൽപ്പന്നമായാണ് ഇത് രൂപകൽപ്പന ചെയ്തിതിരിക്കുന്നത്. ഈ പരിവർത്തനത്തിന്‍റെ ഏറ്റവും വ്യക്തമായ തെളിവ് ഒരുപക്ഷേ ഇതായിരിക്കാം.

ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുക എന്ന ശക്തമായ ദേശീയ താല്പര്യത്തിലാണ് സർക്കാറിന്‍റെ എഥനോൾ മിശ്രിത പദ്ധതി നിലകൊള്ളുന്നത്. എങ്കിലും, ഈ സുസ്ഥിരതാ ചർച്ചകൾ പെട്രോൾ പമ്പുകളിൽ അവസാനിക്കുന്നില്ല. ഇന്ത്യയിലെ എഥനോളിന്‍റെ ഭൂരിഭാഗവും കരിമ്പ്, നെല്ല്, ചോളം എന്നിവയിൽ നിന്നാണ് നിർമിക്കുന്നത്.

നിതി ആയോഗിന്‍റെ) 'റോഡ്മാപ്പ് ഫോർ എഥനോൾ ബ്ലെൻഡിങ് ഇൻ ഇന്ത്യ 2020-2025' എന്ന റിപ്പോർട്ടിൽ, എഥനോൾ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് വിവിധതരം അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കേണ്ടതുണ്ടെന്നും ദീർഘകാല സുസ്ഥിരത ഉറപ്പാക്കാൻ ജലവിഭവങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യയുടെ എഥനോൾ ലക്ഷ്യങ്ങൾ ശക്തമാകുമ്പോൾ ഈ മുന്നറിയിപ്പ് കൂടുതൽ പ്രസക്തമാകുന്നു.

ഒരു കിലോഗ്രാം നെല്ല് ഉത്പാദിപ്പിക്കുന്നതിന് ഏകദേശം 4,000 ലിറ്റർ വെള്ളം ആവശ്യമാണ്. കരിമ്പ് കൃഷി പല സംസ്ഥാനങ്ങളിലും ഭൂഗർഭ ജലക്ഷാമത്തിന് കാരണമായിട്ടുണ്ട്. അതിനാൽ, ഈ മാറ്റം കേവലം ഫോസിൽ ഇന്ധനങ്ങളും ജൈവ ഇന്ധനങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് ഊർജ സുരക്ഷയും ജലസുരക്ഷയും എന്ന രണ്ട് ദേശീയ മുൻഗണനകൾ തമ്മിലുള്ള ഒരു ബാലൻസിങ് കൂടിയാണ്.

ഇന്ത്യ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എഥനോൾ മിശ്രിത പദ്ധതി പിന്തുടരുന്നുണ്ടെങ്കിലും, അത് ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തിയത് വളരെ പെട്ടെന്നാണ്. ബ്രസീൽ ഇന്ധന സാങ്കേതികവിദ്യ, വാഹനങ്ങൾ, അടിസ്ഥാന സൗകര്യം, ഉപഭോക്താക്കൾ എന്നിവ ഒന്നിച്ച് വികസിക്കുന്ന ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ ഏകദേശം മൂന്ന് പതിറ്റാണ്ടുകളെടുത്തു. അതേസമയം, രാജ്യം തങ്ങളുടെ എഥനോൾ പദ്ധതി ക്രമമായി വിപുലീകരിച്ചിട്ടുണ്ടെങ്കിലും, E20-ൽ നിന്ന് E85-ലേക്ക് വളരെ വേഗത്തിൽ മാറിയതിനെ പിന്തുണക്കുന്ന മറ്റ് സംവിധാനങ്ങൾ അതിനൊപ്പം എത്തിയിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നു.

ഊർജ സുരക്ഷക്കായി ചില വിട്ടുവീഴ്ചകൾ ആവശ്യമാണെന്നാണ് സർക്കാറിന്‍റെ നിലപാട്. എന്നാൽ മെക്കാനിക്കുകളുടെയും വാഹന ഉടമകളുടെയും തൊഴിലാളികളുടെയും അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, ഈ മാറ്റത്തിന്‍റെ ആഘാതം പ്രതീക്ഷിച്ചതിലും വളരെ വലുതാണെന്നാണ്. കർഷകർക്കും വാഹന ഉടമകൾക്കും ഗിഗ് തൊഴിലാളികൾക്ക് പുതിയ മാറ്റങ്ങളെ അഭിമുഖീകരിക്കാൻ സമയം ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EngineHot WheelmechanicsE20 Petrol
News Summary - mechanics complaints about e20 fuel makes damage in vehicle engine
Next Story