പുത്തൻ ലുക്കിൽ മഹീന്ദ്ര ബൊലേറോ; സിൽവർ ജൂബിലി എഡിഷൻ ഉടൻ വിപണിയിൽ
text_fieldsസ്പൈ ചിത്രങ്ങൾ അനുസരിച്ച് എ.ഐ നിർമിച്ച മാതൃക ചിത്രം
ഇന്ത്യൻ വാഹനലോകത്ത് കുതിപ്പ് തുടരുന്ന മഹീന്ദ്രയുടെ ലെജൻഡറി എസ്.യു.വിയായ ബൊലേറോയുടെ സിൽവർ ജൂബിലി എഡിഷൻ ഉടൻ വിപണിയിൽ എത്തുമെന്ന് കമ്പനി അറിയിച്ചു. നീണ്ട 25 വർഷത്തെ പാരമ്പര്യമുള്ള ബൊലേറോ ഇന്നും വിപണിയിൽ വലിയ ഡിമാൻഡ് നേരിടുന്ന വാഹനമാണ്. ആഗസ്റ്റ് 4, 2000ത്തിലാണ് ബൊലേറോ ആദ്യമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രാജ്യത്ത് അവതരിപ്പിക്കുന്നത്. 2.5 ലിറ്റർ പ്യൂഷോ എഞ്ചിനായിരുന്നു അന്ന് ബൊലേറോയുടെ കരുത്ത്. അതിനുശേഷം പിന്നീട് ബൊലോറോയിലേക്ക് മഹീന്ദ്രക്ക് കാര്യമായി മാറ്റങ്ങൾ വരുത്താതെതന്നെ ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചു.
25 വർഷം പൂർത്തിയാക്കിയ ബൊലേറോയുടെ സ്പൈ ചിത്രങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 2020 ഏപ്രിലിൽ പുറത്തിറങ്ങിയ ബി6 ഓപ്ഷൻ മോഡലിനോട് ഏറെ സാമ്യമുള്ള വാഹനമായാണ് സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. നാല് മീറ്റർ സബ് കോംപാക്ട് എസ്.യു.വി സെഗ്‌മെന്റിൽ എത്തുന്ന ബൊലേറോക്കും ജി.എസ്.ടി 2.0 ആനുകൂല്യം ലഭിക്കും.
മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, രൂപമാറ്റം വരുത്തിയ ഫ്രണ്ട് ഗ്രിൽസ്, ഫ്രണ്ട് ബമ്പർ, ഗ്ലാസ് ഏരിയ, പുറത്തേക്ക് തള്ളി നിൽക്കുന്ന വീൽ ആർച്ച് ക്ലാഡിങ്ങുകൾ, ഫ്ലിപ്പ് അപ്പ് ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവ സ്പൈ ചിത്രത്തിൽ കാണാൻ സാധിക്കും.
വാഹനത്തിന്റെ ഉൾവശത്ത് വരുന്ന മാറ്റങ്ങളാണ് വാഹനപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. പക്ഷെ നിർഭാഗ്യവശാൽ പുറത്തുവന്ന സ്പൈ ചിത്രത്തിൽ ഇന്റീരിയർ ഭാഗം കാണിക്കുന്നില്ല. എന്നിരുന്നാലും ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേയോട് കൂടിയ ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീൻ, റിയർ എസി വെന്റുകൾ, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ ആംറസ്റ്റ്, കോൾഡ് ഗ്ലോബോക്സ്, റിയർ ചാർജിങ് പോർട്ട് തുടങ്ങിയ ഫീച്ചറുകൾ പുതിയ ബൊലേറോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2020 മോഡൽ ബൊലേറോയിലെ 1.5 ലിറ്റർ എം.ഹോക്ക് 75 ടർബോ ഡീസൽ എൻജിൻ തന്നെയാകും സിൽവർ ജൂബിലി എഡിഷന്റെയും കരുത്ത്. ഇത് 75 ബി.എച്ച്.പി പവറും 210 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്.
ബൊലേറോ ക്ലാസികിനെ കൂടാതെ ടി.യു.വി 300നെ ബൊലേറോ നിയോ എന്നപേരിൽ മഹീന്ദ്ര വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് വേണ്ട രീതിയിലുള്ള ജനപ്രീതി നേടാൻ സാധിച്ചില്ല. അതിന് ശേഷമാണ് പുതിയ ഡിസൈനിലും ആധുനിക ഫീച്ചറിലുമായി ബൊലേറോ സിൽവർ ജൂബിലി എഡിഷൻ മഹീന്ദ്ര നിരത്തുകളിൽ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

