സർവിസ് റോഡിൽ ‘ലക്ഷ്മണരേഖ’; വാഹനങ്ങൾ നിർത്തിയാൽ ഇനി പിഴ
text_fieldsദേശീയപാത സർവിസ് റോഡിൽ നോ പാർക്കിങ് സൂചിപ്പിച്ച് അടയാളമിടുന്നു
കാസർകോട്: ദേശീയപാത സർവിസ് റോഡ് ടൂവേയാണോ വൺ വേയാണോ എന്നതിനെ ചൊല്ലി രണ്ടഭിപ്രായം നിലനിൽക്കുന്നതിനിടയിൽ സർവിസ് റോഡിൽ ദേശീയപാത നിർമാണ കമ്പനി അധികൃതർ ‘ലക്ഷ്മണരേഖ’ വരച്ചുതുടങ്ങി. ഇതുവരെ വൺവേയായിരുന്ന സർവിസ് റോഡിൽ നടപ്പാതക്ക് സമീപം വരെ രണ്ടുവരിപ്പാതയാണുള്ളത്. മാർക്ക് ചെയ്തതോടെ ഇനി ഈ ലക്ഷ്മണരേഖക്കുള്ളിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴയടക്കേണ്ടിവരും.
ദേശീയപാത നിർമാണം പൂർണമായും പൂർത്തിയാക്കിയ 66ൽ തലപ്പാടി-ചെങ്കള റീച്ചിലെ സർവിസ് റോഡിലാണ് ലക്ഷ്മലേഖ വരച്ചുതുടങ്ങിയത്. ഇടുങ്ങിയ സർവിസ് റോഡുകളിൽ നടപ്പാതകളിൽപോലും വാഹനങ്ങൾ നിർത്തിയിടുന്നത് വാഹനങ്ങൾക്കും വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്കും ഏറെ ദുരിതമായി മാറിയിരുന്നു. ഇത് ഒഴിവാക്കാനാണ് അധികൃതർ രേഖ വരച്ചിരിക്കുന്നത്.
സർവിസ് റോഡുകളിൽ ഇനിമുതൽ പൊലീസ് പരിശോധനയുമുണ്ടാകും. ജില്ലയിലുടനീളം അനധികൃത പാർക്കിങ്ങുകൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചുവരുന്നുണ്ട്. പിഴചുമത്തിയും ലോക്ക് ചെയ്തുമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾക്ക് പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

