കെ.എസ്.ആർ.ടി.സിയുടെ കേരളപ്പിറവി സമ്മാനം; പുതിയ വോൾവോ 9600 സ്ലീപ്പർ ബസുകളെക്കുറിച്ചറിയാം...
text_fieldsകെ.എസ്.ആർ.ടി.സി വോൾവോ 9600 സ്ലീപ്പർ ബസ്
കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിരവധി ബസുകൾ ഈയടുത്തായി നിരത്തുകളിൽ എത്തിച്ചിരുന്നു. അതിൽ ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ, വോൾവോ തുടങ്ങിയ കമ്പനികളുടെ ബസുകൾ കെ.എസ്.ആർ.ടി.സി സ്വന്തമാക്കിയിരുന്നു. ലോകത്തിൽ തന്നെ ഏറ്റവും സുരക്ഷ വാഗ്‌ദാനം ചെയ്യുന്ന വോൾവോ കമ്പനിയുടെ പുത്തൻ 9600 സ്ലീപ്പർ ബസുകൾ ഇപ്പോൾ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കാൻ പോവുകയാണ് കെ.എസ്.ആർ.ടി.സി. കേരള ഗതാഗതവകുപ്പ് മന്ത്രി ശ്രി .കെ.ബി ഗണേഷ് കുമാറാണ് പുതിയ ബസുകൾ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
വോൾവോ 9600 സ്ലീപ്പർ ബസ്
ഈയടുത്തായി കെ.എസ്.ആർ.ടി.സിയിൽ വോൾവോ 9600 സെമി സ്ലീപ്പർ ബസുകൾ ഇതിനോടകം അവതരിപ്പിച്ചിരുന്നു. ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ മകനാണ് ബസ് ഡിസൈൻ ചെയ്തത്. തിവർണ പതാകയുടെ നിറത്തിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളിയുടെയും നെറ്റിപട്ടത്തിന്റെയും ചിത്രങ്ങൾ ഡിസൈനിൽ ചേർത്തിട്ടുണ്ട്. പുതിയതായി നിരത്തുകളിൽ എത്തുന്ന സ്ലീപ്പർ ബസിനും ഇതേ ഡിസൈൻ തെന്നെയാണ് കെ.എസ്.ആർ.ടി.സി നൽകിയിട്ടുള്ളത്.
വോൾവോ 9600 സീറ്റർ ബസ്
പൂർണമായും ആഡംബര വിഭാഗത്തിൽ ഉൾപെടുത്താൻ സാധിക്കുന്ന വോൾവോ 9600 സ്ലീപ്പർ ബസുകൾ 15 മീറ്റർ, 13.5 മീറ്റർ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് എത്തുന്നത്. ഇതിൽ 15 മീറ്റർ ബസാണ് കെ.എസ്.ആർ.ടി.സി സ്വന്തമാക്കുന്നത്. ഈ രണ്ട് മോഡലുകളെ കൂടാതെ 12.2 മീറ്റർ മോഡലിൽ സീറ്റർ ബസും വിപണിയിൽ ലഭ്യമാണ്. D8K6300 ഡീസൽ എൻജിൻ 12.2 മീറ്റർ മോഡലിൽ കരുത്ത് പകരുമ്പോൾ DBK6300 ഡയറക്റ്റ് ഇൻജക്ഷൻ എൻജിൻ 13.5 മീറ്റർ ബസിനും DBK6350 ഡയറക്റ്റ് ഇൻജക്ഷൻ എൻജിൻ 15 മീറ്റർ മോഡലിനെയും ചലിപ്പിക്കും. 15 മീറ്റർ വാഹനം 2200 ആർ.പി.എമിൽ 258 kW പവറും 1200-1600 ആർ.പി.എമിൽ 1350 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 13.5 മീറ്റർ ബസ് 2200 ആർ.പി.എമിൽ 221 kW പവറും 1200-1600 ആർ.പി.എമിൽ 1200 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 12.2 മീറ്റർ ബസ് 2200 ആർ.പി.എമിൽ 221 kW പവറും 1200-1600 ആർ.പി.എമിൽ 1200 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 15 മീറ്റർ ബസിൽ ഐ-ഷിഫ്റ്റ് ഓട്ടോമേറ്റഡ് ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് വോൾവോ നൽകിയിട്ടുള്ളത്. എന്നാൽ 12.2 മീറ്റർ, 13.5 മീറ്റർ ബസുകൾക്ക് സിൻക്രോമെഷ് മാനുവൽ ഗിയർബോക്സ് ഓപ്ഷനും ലഭിക്കുന്നു.
15 മീറ്റർ നീളത്തിൽ എത്തുന്ന വോൾവോ 9600 സ്ലീപ്പർ ബസിന്റെ ആകെഭാരം 22,200 കിലോഗ്രാമാണ്. സ്ലീപ്പർ ബസിൽ 40 സ്ലീപ്പർ ബെർത്തുകളും സെമി സ്ലീപ്പർ ബസിൽ 55 സീറ്റുകളും ബസിന് ലഭിക്കുന്നു. എന്നാൽ 12.2 മീറ്റർ ബസിൽ 43 സീറ്റുകൾ മാത്രമാണ് കമ്പനി നൽകുന്നത്. കൂടാതെ 13.5 മീറ്റർ ബസിന് 34 സ്ലീപ്പർ ബെർത്തുകളും 43 സീറ്റുകളും ലഭിക്കും. പൂർണമായും ആഡംബര വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ യാത്ര സുഖം നൽകുന്നതിനായി ഫ്രണ്ടിലും റിയറിലുമായി എയർ സസ്പെൻഷനാണ് വോൾവോ ഉപയോഗിക്കുന്നത്.
നേരത്തെ പറഞ്ഞതുപോലെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനാൽ ഫുൾ-എയർ ഡിസ്ക് ബ്രേക്ക്, ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം (ഇ.ബി.ഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), എമർജൻസി എക്സിറ്റ് ഡോർ, പാനിക് ബട്ടൺ, ഫയർ എക്സ്റ്റിങ്‌ഷർ, റൂഫ് ഹാച്ചസ് എന്നിവ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ക്രൂയിസ് കൺട്രോൾ, എയറോഡൈനാമിക്കലി രൂപകൽപ്പന ചെയ്ത ബോഡി തുടങ്ങിയ സവിശേഷതകൾ കൂടുതൽ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

