സ്വപ്നം കണ്ട ‘ലംബോർഗിനി’ സ്വയം നിർമിച്ച് ആരോമൽ
text_fieldsസ്വന്തമായി നിർമിച്ച ലംബോർഗിനി കാറിനരികിൽ
ആരോമൽ
ചാരുംമൂട്: സ്വപ്നം കണ്ട ലംബോർഗിനി കാർ സ്വന്തമായി നിർമിച്ച് ആരോമൽ. താമരക്കുളം ചത്തിയറ ആതിരയിൽ ഓട്ടോ മൊബൈൽ എൻജിനീയറിങ് വിദ്യാർഥിയായ ആരോമൽ ഉണ്ണിയാണ് (24) ലംബോർഗിനി സ്വന്തമായി രൂപകൽപന ചെയ്തത്.
ചെറുപ്പത്തിൽതന്നെ കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ലംബോർഗിനി മോഡലുകളോടായിരുന്നു ആരോമലിന് താൽപര്യം. വാഹനങ്ങളുടെയും മറ്റും ചെറുരൂപങ്ങൾ നിർമിച്ചായിരുന്നു തുടക്കം. സ്കൂൾ വിദ്യാർഥിയായിരിക്കെ കളിപ്പാട്ടം നൽകിയ പ്രചോദനത്തിൽനിന്നാണ് കോടികൾ വിലയുള്ള ലംബോർഗിനി കാറിന്റെ മാതൃക സൃഷ്ടിക്കാൻ പ്രേരണയായത്. പത്താം ക്ലാസ് പരീക്ഷക്ക് പോയപ്പോഴായിരുന്നു അടുത്തുള്ള കടയിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഓടുന്ന ലംബോർഗിനി കാറിന്റെ മോഡൽ കണ്ടത്. അമ്മയോടൊപ്പമെത്തി അതു വാങ്ങി. അന്ന് മനസ്സിൽ കയറിക്കൂടിയ ആഗ്രഹത്തിനാണ് ഇപ്പോൾ പൂർണത വന്നത്.
പഠനത്തോടൊപ്പം നാലുവർഷത്തെ അധ്വാനത്തിലൂടെയാണ് തന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്. സ്വന്തം വീട്ടുമുറ്റത്ത് തന്നെയായിരുന്നു നിർമാണം. ആദ്യം നിർമിച്ചത് ഒരു ജീപ്പായിരുന്നു. റിമോട്ട് കൺട്രോളിൽ ഡ്രൈവറില്ലാതെ ഓടുന്നതായിരുന്നു അത്. പിന്നീട് അതിനെ മൊബൈൽ ഫോൺ വഴി കൺട്രോൾ ചെയ്യുന്ന രീതിയിലേക്ക് മാറ്റി. ഇതിന്റെ അനുഭവ പരിചയവുമായാണ് 2021ൽ ലംബോർഗിനി കാറിന്റെ മോഡൽ നിർമാണത്തിലേക്ക് ഇറങ്ങിയത്. എൻജിനീയറിങ്ങിന് ചേരുന്നതിനുമുമ്പേ നിർമാണം ആരംഭിച്ചു. പിന്തുണയുമായി കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മോൾഡ് തയാറാക്കിയാണ് ലംബോർഗിനിയുടെ മോഡൽ രൂപപ്പെടുത്തിയത്. ഫൈബർ ഗ്ലാസ് ബോഡിയും ലാമിനേറ്റഡ് ഗ്ലാസ് വിൻഡ് സ്ക്രീനും ഒക്കെയായി 13 ലക്ഷം രൂപ ചെലവായി. ഫോഡ് ഐക്കൺ 1.3 ലീറ്റർ പെട്രോൾ എൻജിൻ ശക്തിപകരുന്ന കാറിന്റെ നിർമാണത്തിന് ത്രീ ഡി പ്രിന്റിങ് അടക്കം ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചതായി ആരോമൽ പറയുന്നു. നാല് വർഷംകൊണ്ട് കാർ നിർമാണം പൂർത്തിയായപ്പോൾ ഓടിക്കാൻ മോട്ടർ വാഹനവകുപ്പ് നിയമം അനുവദിക്കാത്തതിനാൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരിക്കുകയാണ്. സന്ദർശകർക്കായി മുറ്റത്ത് വണ്ടി ഓടിച്ച് കാണിക്കും. വിവരമറിഞ്ഞ് എത്തിയ മാവേലിക്കര ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർ ആരോമലിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

