ഇന്ത്യക്കാർക്ക് പ്രിയം എസ്.യു.വികളോട്, ഹാച്ച്ബാക്ക് വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ്; ചർച്ചയായി എസ്.ഒ.ഐ.സി റിപ്പോർട്ട്
text_fieldsപ്രതീകാത്മക ചിത്രം
രാജ്യത്തെ പാസഞ്ചർ വാഹന വിപണിയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഏതാനം വർഷങ്ങളായി നടക്കുന്നത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് വാഹനങ്ങളുടെ വിൽപ്പനയെ പിന്തള്ളി കഴിഞ്ഞ അഞ്ച് വർഷമായി എസ്.യു.വികൾ ഇന്ത്യൻ നിരത്തിൽ ആധിപത്യം പുലർത്തുന്നു.
ഏറ്റവും പുതിയ എസ്.ഒ.ഐ.സി (സ്കൂൾ ഓഫ് ഇൻട്രിൻസിക് കോമ്പൗണ്ടിങ്) പഠനങ്ങൾ പ്രകാരം ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വാഹനങ്ങളുടെ വിൽപ്പന ഇനിയും ഇടിയും. അതേസമയം എസ്.യു.വികളുടെ ഡിമാൻഡ് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയിൽ പുതിയ വാഹനങ്ങൾ സ്വന്തമാക്കിയവരിൽ 50 ശതമാനവും എസ്.യു.വി ഉപഭോക്താക്കളാണ്. ബാക്കി വരുന്ന 50 ശതമാനം ഉപഭോക്താക്കളും ഹാച്ച്ബാക്ക്, സെഡാൻ, എം.പി.വി തുടങ്ങിയ മോഡലുകൾക്കാണ് പ്രാധാന്യം നൽകിയത്.
ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് പുറമെ കിയ, ടൊയോട്ട, നിസാൻ എന്നീ കമ്പനികളും എസ്.യു.വികൾ കൂടുതലായി നിർമിക്കാൻ തുടങ്ങി. മഹീന്ദ്രയിൽ നിന്നും സെഡാൻ, ഹാച്ച്ബാക്ക് വാഹനങ്ങൾ നിർമിക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ലെന്ന് മാനേജിങ് ഡയറക്ടർ & സി.ഇ.ഒ ഡോ. അനീഷ് ഷാ പറഞ്ഞു.
രാജ്യത്തെ വാഹനനിർമാണ മേഖലയിൽ ഹാച്ച്ബാക്ക് വാഹനങ്ങളെക്കാൾ കൂടുതൽ ഡിമാൻഡ് എസ്.യു.വി മോഡലുകൾക്കാണ്. അതിനാൽ തന്നെ വിപണിയിൽ പിടിച്ചുനിൽക്കാൻ എസ്.യു.വികൾ നിർമിക്കാൻ നിർബന്ധിതരാണെന്ന് ടാറ്റ മോട്ടോർസ് മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഇന്ത്യൻ ഉപഭോക്താക്കൾ ചെറിയ കാറുകളിൽ നിന്നും ഉയർന്ന സെഗ്‌മെന്റുകളിലുള്ള കാറുകൾ വാങ്ങിക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്നു. ഇത് വിൽപ്പനയിലും കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് മാരുതി സുസുകി ചെയർമാൻ ആർ.സി. ഭാർഗവ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

