അബൂദബിയിൽ ഫീൽഡ് പരിശോധനക്ക് എ.ഐയും ഡ്രോണുകളും
text_fieldsഅബൂദബി: എമിറേറ്റിലെ പൊതുസംവിധാനങ്ങളിലും കേന്ദ്രങ്ങളിലും ഫീൽഡ് പരിശോധനക്കും നിരീക്ഷണത്തിനുമായി നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ, ഡ്രോണുകൾ, റോബോട്ടുകൾ എന്നിവ ഉപയോഗിക്കും. മാനുഷിക പരിശോധനകൾക്ക് പകരമാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക. അബൂദബി മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ കേന്ദ്രങ്ങൾ ഒരേസമയം നിരീക്ഷിക്കാനും ഗുരുതര നിയമലംഘനങ്ങൾ സംഭവിക്കുന്നതിന് മുമ്പ് തടയാനും ഇതുവഴി കഴിയും. പൊതു ഇടങ്ങൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിലേക്ക് വ്യാപിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ സംവിധാനം തലസ്ഥാനത്തുടനീളം സുരക്ഷ ശക്തിപ്പെടുത്തുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
ഫാമിലി പാർക്കുകളിൽ നായയോട് സാമ്യമുള്ള റോബോട്ടുകളാണ് നിരീക്ഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ഹരിത മേഖലകളിലും നടപ്പാതകളിലും ഇവ പട്രോളിങ് നടത്തുകയും സൗകര്യങ്ങൾ നിരീക്ഷിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്യും. കൂടാതെ വിവരങ്ങൾ യഥാസമയം കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രത്തിന് കൈമാറുകയും ചെയ്യും. നിരീക്ഷണ മേഖലയിൽ കുതിച്ചുചാട്ടമാണ് ഈ റോബോട്ട് എന്ന് നഗര, ഗതാഗത വകുപ്പ് ആക്റ്റിങ് മേധാവി സുൽത്താൻ അൽ ഹമീരി പറഞ്ഞു. നഷ്ടപെട്ട വസ്തുക്കൾ കണ്ടെത്താനും 55 ഡിഗ്രി സെൽഷ്യസ് വരെയുള്ള അന്തരീക്ഷ താപനിലകളിൽ ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി പാർക്കിൽ വിന്യസിച്ച ശേഷം അടുത്ത വർഷം മറ്റു പൊതു പാർക്കുകളിലേക്കും റോബോട്ടുകൾ വ്യാപിപ്പിക്കാനാണ് പദ്ധതി. ജബൽ ഐലൻഡിലെ നിർമാണ കേന്ദ്രങ്ങളിലും മറ്റും നിർമിത ബുദ്ധി അധിഷ്ഠിതമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ റാഡ് എന്ന സ്മാർട്ട് വാഹനം ഉപയോഗിക്കുന്നുണ്ട്. തെരുവുകളിൽ പട്രോളിങ് നടത്തുന്ന റാഡ് വാഹനം കെട്ടിടങ്ങളിലെ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്തു സുരക്ഷ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. അവശ്യഘട്ടങ്ങളിൽ റോബോട്ടിക് നായയെ വാഹനത്തിൽ നിന്ന് പുറത്തിറക്കി തനിയെ കെട്ടിടത്തിന് ഉള്ളിൽ കടത്തിവിടുകയും ഇവിടെനിന്നുള്ള ഡാറ്റാ ശേഖരിച്ച് ഇത് കമാൻഡ് സെന്ററിലേക്ക് അയക്കുകയും ചെയ്യും.
കൂടാതെ അടിയന്തരഘട്ടങ്ങളിൽ വ്യോമ നിരീക്ഷണത്തിനായി റാഡ് വാഹനത്തിൽ നിന്നും ഡ്രോണുകൾ പറത്താനാവുമെന്നും അഡ്വാൻസ്ഡ് സൊല്യൂഷൻസ് ആൻഡ് എമർജിങ് ടെക്നോളജി പ്രൊജക്റ്റ് ഡയറക്ടർ മേജർ എൻജിനീയർ അലി ഹസൻ മദ്ഫായി പറഞ്ഞു. ഈ ഡ്രോണിന് തീപിടിത്തം പോലുള്ള സാഹചര്യങ്ങളിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനും അഗ്നിബാധയുടെ ഉറവിടം കണ്ടെത്താനും തീ കെടുത്തുന്നതിനുള്ള പൗഡർ ക്യാപ്സൂളുകൾ വിതറാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

