വിപണി തൂക്കാൻ ഹോണ്ട: സിറ്റിയെത്തി മാറ്റങ്ങളോടെ. പ്രാരംഭ വില 12 ലക്ഷം
text_fieldsഇന്ത്യയിൽ സെഡാൻ വിപണിയിലെ രാജാവായ ഹോണ്ട സിറ്റിയുടെ പുത്തൻ പതിപ്പ് വിപണിയിലിറക്കി ഹോണ്ട. 12 ലക്ഷമാണ് പ്രാരംഭ വില. 2020ൽ പുറത്തിറങ്ങിയ അഞ്ചാം തലമുറ സിറ്റിയുടെ രണ്ടാമത്തെ മിഡ്-ലൈഫ് സൈക്കിൾ അപ്‌ഡേറ്റാണ് ഇപ്പോഴത്തെത്. 2023ലെ ചെറിയ മാറ്റങ്ങൾക്ക് ശേഷം കൂടുതൽ ആകർഷകമായ ലുക്കും കൂടുതൽ ഫീച്ചറുകളുമായാണ് സിറ്റിയെ വിപണിയിൽ ഇറക്കിയത്. എൻജിനിലും മെക്കാനിക്കൽ ഫീച്ചറുകളിലും മാറ്റമില്ല.
ഡിസൈനിൽ മാറ്റങ്ങൾ
ഹോണ്ട സിറ്റിയുടെ മുൻഭാഗം പൂർണ്ണമായും മാറ്റിയിട്ടുണ്ട്. ഹണികോംബ് ഗ്രില്ലും അതിന് മുകളിലായി രണ്ട് ഭാഗങ്ങളുള്ള ഐബ്രോ സ്റ്റൈൽ എൽ.ഇ.ഡി ഡി.ആർ.എൽ ലൈറ്റുകളോട് കൂടിയ സ്ലീക്ക് ഹെഡ്‌ലാമ്പുമാണ് പ്രധാന ആകർഷണം. ഇതിനെ ബന്ധിപ്പിച്ച് ഒരു ലൈറ്റ് ബാറുമുണ്ട്. ഹെഡ്‌ലാമ്പുകളുടെ പ്രകാശ പരിധി മുമ്പത്തേക്കാൾ കൂടുതലാണെന്നും ഹോണ്ട അവകാശപ്പെടുന്നു. മുൻ തലമുറയിലെ ക്രോം ട്രിമ്മിന് പകരം ബോഡി കളറിലുള്ള പാനലാണ് ഗ്രില്ലിന് മുകളിൽ.
മുൻ ബമ്പറിലെ വലിയ എയർ ഇൻടേക്കും ഇരുവശങ്ങളിൽ ത്രികോണാകൃതിയിലുള്ള എയർ ഇൻടേക്കുകളും കാറിന് ഷാർപ്പ് ലുക്ക് നൽകുന്നു. വശങ്ങളിൽ പുതിയ ഡ്യുവൽ-ടോൺ 16 ഇഞ്ച് അലോയ് വീലുകൾ ഒഴിച്ചാൽ മറ്റു മാറ്റങ്ങളില്ല. പിൻഭാഗത്ത് റിഫ്ലക്ടറുകളോട് കൂടിയ പുതിയ ടു-ടോൺ ബമ്പറും ബോഡി കളറിലുള്ള വ്യാജ ഡിഫ്യൂസറുമുണ്ട്. നിലവിലുള്ള 5 നിറങ്ങൾക്ക് പുറമെ പുതിയൊരു ബ്ലാക്ക് കളർ ഓപ്ഷനും ഹോണ്ട ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്റീരിയറും ഫീച്ചറും
അകത്ത് മാറ്റങ്ങളില്ലെങ്കിലും ഡാഷ്‌ബോർഡിൽ നിന്ന് അൽപം മുന്നോട്ട് നിൽക്കുന്ന രീതിയിലുള്ള 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുണ്ട്. ഡ്യുവൽ ടോൺ തീം, എ.സി വെന്റുകൾ, സെന്റർ കൺസോൾ, പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയിൽ മാറ്റമില്ല. എ.സി നിയന്ത്രണങ്ങൾക്കും സ്റ്റിയറിങ് വീലിനും ഫിസിക്കൽ ബട്ടണുകളും ഡയലുകളും നിലനിർത്തിയത് എളുപ്പത്തിൽ ഉപയോഗിക്കാനാക്കും.
360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് പുതിയ കൂട്ടിച്ചേർക്കലുകൾ. എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, വയർലെസ് ആപ്പിൾ കാർപ്ലേ-ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജിങ് പാഡ്, സൺറൂഫ്, റിയർ വിൻഡ്‌സ്‌ക്രീൻ സൺഷെയ്ഡ് എന്നിവയുമുണ്ട്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ലൈൻ വാച്ച് ക്യാമറ, റെയിൻ സെൻസിങ് വൈപ്പറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ആറ് എയർബാഗുകൾ എന്നിവ സുരക്ഷയ്ക്കായി തുടരുന്നു.
എൻജിൻ പെർഫോമൻസ്
1.5 ലീറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനാണ് കാറിന്റെ കരുത്ത്. 121 എച്ച്.പി കരുത്തും 145 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സി.വി.ടി ഗിയർ ബോക്‌സുകളിൽ ലഭ്യമാണ്. ഇതോടൊപ്പം 126 എച്ച്.പി/253 എൻ.എം ശേഷിയുള്ള 1.5 ലീറ്റർ സ്ട്രോങ്-ഹൈബ്രിഡ് എൻജിനും (ഇ-സി.വി.ടി ഗിയർബോക്‌സ്) മാറ്റമില്ല. ഹൈബ്രിഡ് മോഡലിന് ലീറ്ററിന് 27.26 കിലോമീറ്റർ മൈലേജാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡിന് അഞ്ച് വർഷം വാറന്റിയും നൽകുന്നുണ്ട്.
ഇന്ന് സെഡാൻ ഇനത്തിൽ വിപണിയിൽ ഹ്യുണ്ടായ് വെർണ, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർട്ടസ് എന്നിവയോടാണ് ഹോണ്ട സിറ്റി മത്സരിക്കുന്നത്. സമീപകാലത്ത് ഹ്യുണ്ടായ് വെർണ ചെറിയ മാറ്റങ്ങളോടെ പുറത്തിറക്കിയിരുന്നു. സ്ലാവിയയുടെയും വിർട്ടസിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ ഉടൻ പുറത്തിറങ്ങുമെന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

