ഗുരുവായൂരപ്പന് ഇത്തവണ കാണിക്ക 'അപ്പാച്ചെ ആർ.ടി.എക്സ്'; പതിവ് തെറ്റിക്കാതെ ടി.വി.എസ്
text_fieldsഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക സമർപ്പിച്ച അപ്പാച്ചെ ആർ.ടി.എക്സ്
പതിവ് തെറ്റിക്കാതെ ഗുരുവായൂരപ്പന് വഴിപാടായി ഇത്തവണ ടി.വി.എസിന്റെ പുതിയ മോഡൽ ബൈക്കായ അപ്പാച്ചെ ആർ.ടി.എക്സ് സമർപ്പിച്ചു. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കമ്പനി സി.ഇ.ഒ കെ.എൻ രാധാകൃഷ്ണനാണ് ബൈക്ക് കാണിക്കയായി ക്ഷേത്ര നടയിൽ സമർപ്പിച്ചത്. വാഹനപൂജയ്‌ക്ക് ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
ടി.വി.എസ് മോട്ടോർ കമ്പനിയുടെ ആദ്യത്തെ അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് അപ്പാച്ചെ ആർ.ടി.എക്സ് 300. 2025 ഒക്ടോബർ മാസത്തിലാണ് ഇന്ത്യയിൽ ഈ ഇരുചക്രവാഹനം അവതരിപ്പിച്ചത്. റാലി, ടൂറർ, എക്സ്ട്രീം (Rally, Tourer, Xtreme) എന്നീ വാക്കുകളെ സൂചിപ്പിക്കുന്നതാണ് ഇതിലെ ആർ.ടി.എക്സ് എന്ന പേര്.
835 എം.എം സീറ്റ് ഉയരവും 180 കിലോഗ്രാം ഭാരവുമുള്ള അഡ്വഞ്ചർ ബൈക്കാണ് ആർ.ടി.എക്സ്. 299.1 സി.സി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് ഡി.ഒ.എച്ച്.സി എഞ്ചിൻ പരമാവധി 36 പി.എസ് കരുത്തും 28.5 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഈ എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. കണ്ണിന്റെ ആകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, മസ്‌കുലാർ ഫ്യുവൽ ടാങ്ക്, ഓഫ്-റോഡിങിന് അനുയോജ്യമായ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ആർ.ടി.എക്സിന്റെ പ്രത്യേകതകളാണ്. 1.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂംവില. നവംബർ അവസാനത്തോടെ രാജ്യവ്യാപകമായി ബൈക്കിന്റെ ഡെലിവറികൾ ആരംഭിച്ചിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന പരുപാടിയിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി അരുൺകുമാർ, ഡി എ കെ.എസ് മായാദേവി, അസി. മാനേജർമാരായ രാമകൃഷ്ണൻ, അനിൽ കുമാർ, ടി.വി.എസ്. ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ടി.വി.എസ് ഡീലർമാരായ ഫെബി എ ജോൺ, ചാക്കോ എ ജോൺ, ജോൺ ഫെബി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

