ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം; പരിശോധന ശക്തമാക്കും
text_fieldsമനാമ: ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഉപയോഗിക്കുന്നതിലെ നിയമലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തുടനീളം പരിശോധന കർശനമാക്കുമെന്ന് ബഹ്‌റൈൻ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കാമാണ് തീരുമാനം. ഇലക്ട്രിക് സ്കൂട്ടറുകൾ നിർദ്ദിഷ്ട മേഖലകളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
റൈഡർമാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. അധിക യാത്രക്കാരെ കയറ്റുന്നതും ട്രാഫിക് ദിശയ്ക്ക് എതിരായി വാഹനം ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കളുടെയോ ഉത്തരവാദപ്പെട്ട മുതിർന്നവരുടെയോ നേരിട്ടുള്ള മേൽനോട്ടമില്ലാതെ ഇവ ഉപയോഗിക്കാൻ പാടില്ല.
കുട്ടികൾ നിയമം ലംഘിച്ച് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരം ലംഘനങ്ങൾ അപകടസാധ്യത ഉയർത്തുന്നതിനൊപ്പം നിയമനടപടികൾക്കും വഴിവെക്കും. നിയമലംഘകർക്ക് ആറ് മാസം വരെ തടവും 500 ബഹ്‌റൈൻ ദിനാർ വരെ പിഴയും ചുമത്തുന്നതാണ്. ട്രാഫിക്, പോലീസ് പട്രോൾ സംഘങ്ങൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടാൽ ഉടൻ നിർത്തണമെന്നും നിർദ്ദേശങ്ങൾ അവഗണിക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

