വെയിലും മഴയും കൊള്ളാൻ സൺറൂഫ് എന്ന ആഡംബര വിടവ്! ഇന്ത്യൻ കാലാവസ്ഥയിൽ കാറിന് സൺറൂഫ് ആവശ്യമുണ്ടോ?
text_fieldsസൺറൂഫ് ഉണ്ടോ ഇതിൽ? കാർ ഷോറൂമുകളിൽ ചെല്ലുന്ന ഇന്ത്യക്കാരുടെ കുട്ടികൾ ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണ്. വണ്ടിക്ക് എത്ര മൈലേജ് കിട്ടും എന്നതിനേക്കാൾ, സൺറൂഫ് ഉണ്ടോ എന്നാണ് ഇപ്പോൾ പലർക്കും അറിയേണ്ടത്. മഴയും വെയിലും മാറിമാറി വരുന്ന നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ തല വെളിയിലിടാൻ ഒരു വിടവ്!. സൺറൂഫ് സത്യത്തിൽ വെറും അനാവശ്യ ആഡംബരമാണോ? കേരളത്തിലെ 35-40 ഡിഗ്രി ചൂടിൽ സൺറൂഫ് തുറന്നിടുന്നത് ആത്മഹത്യാപരമല്ലേ? ഗ്ലാസ് റൂഫിലൂടെ അകത്തേക്ക് ഇറങ്ങുന്ന ചൂട് കാബിനിലെ എയർകണ്ടീഷണറിന്റെ പണി ഇരട്ടിയാക്കുന്നു. എ.സി ഫുൾ സ്പീഡിലിട്ടാലും കാറിനുള്ളിലെ തണുപ്പ് നിലനിർത്താൻ പാടുപെടേണ്ടിവരും.
ആറുമാസം മഴലഭിക്കുന്ന നാടാണ് നമ്മുടേത്. സൺറൂഫിന് ചുറ്റുമുള്ള റബർ ബീഡിങ്ങുകൾ കാലപ്പഴക്കത്തിൽ മോശമായാൽ കാറിനുള്ളിൽ മഴത്തുള്ളി വീണേക്കാം. ഡ്രെയിനേജ് പൈപ്പുകളിൽ ഇലയോ അഴുക്കോ അടിഞ്ഞുകൂടിയാൽ വെള്ളം അകത്തേക്ക് ഇറങ്ങാനും സാധ്യതയുണ്ട്. മെക്കാനിക്കൽ ഭാഗങ്ങൾ ഉള്ളതുകൊണ്ടുതന്നെ കൃത്യമായ ക്ലീനിങ്ങും ഗ്രീസിങ്ങും ഇതിന് ആവശ്യമാണ്. പൊടിയും കരിയിലകളും നിറഞ്ഞ നമ്മുടെ റോഡുകളിൽ സൺറൂഫിന്റെ ചാനലുകൾ വേഗം ചീത്തയാകാൻ സാധ്യതയുണ്ട്.
സൺറൂഫിന്റെ ഗ്ലാസ് പാനൽ മുന്നോട്ടും പിന്നോട്ടും നീങ്ങുന്നതിനായി വശങ്ങളിൽ നൽകിയിരിക്കുന്ന ചെറിയ ട്രാക്കുകളെയാണ് ചാനലുകൾ എന്ന് വിളിക്കുന്നത്. പൊടിയും കരിയിലകളും അടിഞ്ഞുകൂടുന്നത് ഈ ട്രാക്കുകളിലാണ്. അവിടെ അഴുക്ക് നിറഞ്ഞാൽ ഗ്ലാസ് നീങ്ങാൻ തടസ്സമുണ്ടാവുകയും സൺറൂഫിന്റെ മോട്ടോർ പണിമുടക്കുകയും ചെയ്യും. കൂടാതെ, ഇതിലൂടെയാണ് വെള്ളം പുറത്തേക്ക് കളയാനുള്ള ഡ്രെയിനേജ് പൈപ്പുകൾ പോകുന്നത്.
സൺറൂഫിലെ ഗ്ലാസിനെയാണ് ഗ്ലാസ് പാനൽ എന്ന് വിളിക്കുന്നത്. പാനലിൽ പൊടി പിടിച്ചാൽ അത് തുടച്ചുമാറ്റാൻ എളുപ്പമാണ്, പക്ഷേ ചാനലിൽ അഴുക്ക് കേറിയാൽ അത് വൃത്തിയാക്കാൻ പ്രയാസമാണ്. ഏകദേശം അര ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയിൽ വ്യത്യാസമുണ്ട് സൺറൂഫുള്ളതും ഇല്ലാത്തതുമായ വേരിയന്റുകൾ തമ്മിൽ.
എന്നിട്ടും സൺറൂഫ് ഹിറ്റാണല്ലോ?
ഇത്രയൊക്കെ പോരായ്മകൾ ഉണ്ടായിട്ടും ആളുകൾ സൺറൂഫിന് പിന്നാലെ പായുന്നതിനുപിന്നിൽ പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്ന കാരണങ്ങളിതാണ്:
സോഷ്യൽ സ്റ്റാറ്റസ്: അയൽക്കാരന്റെ കാറിന് സൺറൂഫ് ഉണ്ടെങ്കിൽ എനിക്കും വേണം എന്ന ചിന്ത. സൺറൂഫുള്ള കാർ പ്രീമിയം ആണെന്ന ഒരു ധാരണ പൊതുവേയുണ്ട്. ശരിയാണുതാനും.
കുട്ടികളുടെ നിർബന്ധം: കാർ വാങ്ങുമ്പോൾ വീട്ടിലെ കുട്ടികളുടെ ഏറ്റവും വലിയ ഡിമാൻഡ് ഇതായിരിക്കും. ആളുകളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാന ഫാക്‌ടർ വീട്ടിലെ കുട്ടികളുടെ ഇഷ്ടമായി മാറി.
സൺറൂഫ് എന്നത് കാണാൻ ഭംഗിയുള്ള ഒരു ഫീച്ചറാണ്. പ്രത്യേകിച്ച് രാത്രിയാത്രകളിലും വൈകുന്നേരങ്ങളിലും കാറിനുള്ളിൽ കൂടുതൽ വെളിച്ചം ലഭിക്കാനോ കുട്ടികളൊക്കെ കാറിലുണ്ടെങ്കിൽ ഒരു വൈബ് ഫീൽ കിട്ടാനോ സാധിച്ചേക്കും. എന്നാൽ, കേരളത്തിലെ സാധാരണ ഉച്ചസമയങ്ങളിൽ ഇത് ഉപകാരത്തേക്കാൾ ഉപദ്രവമാണ് ചെയ്യുന്നത് എന്നതാണ് പ്രായോഗിക യാഥാർഥ്യം. എങ്കിലും പനോരമിക് സൺറൂഫുള്ള കാറുകൾക്ക് ഒരു പ്രത്യേക ലുക്കുണ്ടെന്നതിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

