Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്യൂ​ബ: വി​ന്‍റേജ് കാ​റു​ക​ളു​ടെ പ​റു​ദീ​സ
cancel
Listen to this Article

കരീബിയൻ രാജ്യമായ ക്യൂബ സന്ദർശിക്കാൻ നിങ്ങൾക്ക് ഒരവസരം കിട്ടിയെന്നുവെക്കുക. തലസ്ഥാനമായ ഹവാനയിൽ പറന്നിറങ്ങി എയർപോർട്ടിനു പുറത്തുള്ള വി​േന്റജ് ടാക്സികളുടെ നീണ്ടനിര കണ്ടാൽ നിങ്ങളുടെ കണ്ണ് മഞ്ഞളിച്ചു പോകും. അമ്പതുകളിലും അതിനുമുമ്പും നിർമിച്ച ഷെവി, ബ്യുകെ, ക്രിസ്‍ലർ, വോൾഗ എന്നുതുടങ്ങി ഏഴു പതിറ്റാണ്ടിലധികം പഴക്കം ചെന്ന അമേരിക്കൻ ക്ലാസിക് കാറുകളാണ് ക്യൂബൻ റോഡുകളെ ഇപ്പോഴും അടക്കിവാഴുന്നത് എന്ന് കേട്ടാൽ വിശ്വസിക്കുമോ? പശ്ചാത്തലത്തിൽ കൊളോണിയൽ കാലഘട്ടത്തിലെ പുരാതന കെട്ടിടങ്ങളുടെ കാഴ്ചയും കൂടി ആയാൽ പിന്നിട്ട നൂറ്റാണ്ടിലെ കഥപറയുന്ന ഒരു ഹോളിവുഡ് സിനിമയുടെ സെറ്റിലാണോ നാം എന്ന് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

70,000 ക്ലാസിക് കാറുകൾ

ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള, വിപ്ലവങ്ങൾ ഒരുപാടുകണ്ട ഈ ദ്വീപ് ചങ്കൂറ്റമുള്ള ഒരുപാട് നേതാക്കൾ പിറവിയെടുത്ത സ്ഥലം കൂടിയാണ്. മുതലാളിത്തത്തോട് കലഹിച്ച ചെ ഗുവേരയും ഫിദൽ കാസ്ട്രോയും ക്യൂബക്കാർക്കെന്ന പോലെ മലയാളിക്കും സുപരിചിതമാണ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും കർക്കശമായ വിദേശ നയങ്ങൾ കൊണ്ടും എന്നും വാർത്തകളിൽ ഇടം പിടിക്കുന്ന ക്യൂബയിൽ എഴുപതിനായിരത്തിൽപരം ക്ലാസിക് കാറുകൾ ഇപ്പോഴും റോഡിലോടുന്നതിലും ഉണ്ട് ഒരു പഴയ രാഷ്ട്രീയം. പരിമിതികൾ പലതുകൊണ്ടും സ്വന്തമായി വാഹന നിർമാണത്തിന് ക്യൂബ ഇതുവരെ മിനക്കെട്ടിട്ടില്ല. വിദേശ ഇറക്കുമതിയിലൂടെയാണ് ഇക്കാലമത്രയും ക്യൂബൻ ജനതയുടെ വാഹനസ്വപ്നങ്ങൾ പൂവണിഞ്ഞിരുന്നത്. 1910 മുതൽ 1950 വരെ അമേരിക്കയായിരുന്നു ക്യൂബയിലേക്ക് വാഹനങ്ങൾ കയറ്റിയയക്കുന്നതിൽ ഒന്നാമത്. വാണിജ്യതാൽപര്യത്തോടൊപ്പം തന്നെ പുതിയ മോഡൽ കാറുകൾ പരീക്ഷിക്കാനുള്ള ഒരു ടെസ്റ്റിങ് മാർക്കറ്റ് ആയും അമേരിക്ക ക്യൂബയെ ഉപയോഗപ്പെടുത്തിയിരുന്നു. അതായത്, ഒരു പുത്തൻമോഡൽ അമേരിക്കക്കാരൻ ഉപയോഗിക്കുന്നതിനുമുന്നേ തന്നെ ക്യൂബക്കാരന്റെ കൈയിൽ കിട്ടിയിട്ടുണ്ടാകും എന്ന് ചുരുക്കം. ക്യൂബൻ വിപ്ലവാനന്തരം 1959ൽ ഫിദൽ കാസ്ട്രോ അധികാരത്തിൽ വന്നതോടെ ഈ ഏർപ്പാട് നിർത്തലാക്കി. ഇതോടെ സർക്കാറിന്റെ അനുമതിയില്ലാതെ ക്യൂബക്കാർക്ക് കാറുകൾ ഇറക്കുമതി ചെയ്യാനോ വാങ്ങാനോ വിൽപന നടത്താനോ പാടില്ല എന്ന നിയമം നിലവിൽ വന്നു. നയതന്ത്ര ഉദ്യോഗസ്ഥർ, ഉയർന്ന പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങി ഉന്നതർക്ക് മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തി. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ പഴയ കാറുകൾ തന്നെ ഉപയോഗിക്കാൻ നിർബന്ധിതരായി. വിൽക്കാൻ പാടില്ലാത്തതുകൊണ്ട് അവ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അമേരിക്കയിൽനിന്നുള്ള ഇറക്കുമതി നിലച്ചതോടെ അറ്റകുറ്റപ്പണി ചെയ്യാനും സാധനസാമഗ്രികൾ മാറ്റാനും മെക്കാനിക്കുകളും വാഹന ഉടമകളും ബുദ്ധിമുട്ടനുഭവിച്ചു തുടങ്ങി.

ക്ലാസിക് എന്ന 'ഭ്രാന്ത്'

നിവൃത്തികേടും ആവശ്യകതയും ഒക്കെ ആണല്ലോ പല കണ്ടുപിടിത്തങ്ങൾക്കും കാരണഭൂതർ! ​കൈയിൽ കിട്ടിയ സാമഗ്രികളൊക്കെ കാറുകളെ നന്നാക്കിയെടുക്കാൻ പരീക്ഷിച്ചുതുടങ്ങി. പുൽവെട്ടി യന്ത്രങ്ങൾ എൻജിനുകളായും ഷാംപൂ ബ്രേക്ക് ഓയിൽ ആയും മറ്റും കാറുകളിൽ അവതരിക്കാൻ തുടങ്ങി. കൂടാതെ, ചങ്ങാത്തം നിലനിൽക്കുന്ന റഷ്യപോലുള്ള രാജ്യങ്ങളിൽനിന്നും ലഭ്യമായ പാർട്സുകൾ ഇറക്കുമതി ചെയ്ത് ഒരു പരിധി വരെ ഈ പ്രതിസന്ധിയെ ക്യൂബക്കാർ മറികടന്നു.

ക്ലാസിക് കാറുകളെ ഭ്രാന്തമായി ആരാധിക്കുന്നവർക്ക് ഒരുപക്ഷേ കാലക്രമേണ സങ്കരയിനങ്ങളായി മാറിയ ക്യൂബൻ കാറുകൾ അലോരസം ഉണ്ടാക്കിയേക്കാം. പ്രതാപിയായ ഹുഡ്‌സൺ ഹോണറ്റിന്റെ എൻജിൻ ഒരുപക്ഷേ ഫോർഡിന്റേതായിരിക്കാം, ഷേവി ഇമ്പാലയുടെ കൈപ്പിടി ചിലപ്പോൾ ക്രിസ്ലറിന്റേതാവാം, അങ്ങനെ പോകും ഈ ക്രോസ്മാച്ചിങ്. ക്യൂബയിലെ മിതോഷ്ണ കാലാവസ്ഥ ഈ കാറുകളുടെ ഈട് വർധിപ്പിക്കുന്നതിൽ ഒരു മുഖ്യഘടകമാണ്. പിൽക്കാലത്ത് വിനോദസഞ്ചാര മേഖല അഭിവൃദ്ധിപ്പെട്ടതോടെ വി​​േന്റജ് കാറുകൾ ടൂറിസത്തിന്റെ അവിഭാജ്യ ചേരുവകളിൽ ഒന്നായി. ആകർഷണീയ നിറങ്ങളിൽ മേത്തരം ക്രോമിയം പ്ലേറ്റിങ്ങുകൾ ചെയ്ത പുത്തൻ കാറുകളെ വെല്ലുന്ന ഭംഗിയിൽ നഗരപാതകളിൽ വി​േന്റജ് കാറുകൾ ഇപ്പോഴും ടൂറിസ്റ്റുകളെയും കൊണ്ട് തലങ്ങും വിലങ്ങും പായുന്നത് കാണാം.

ക്ലാസിക്‌ കാർ മ്യൂസിയം

ഫിദൽ കാസ്ട്രോയുടെ കാലശേഷം സഹോദരൻ റാഉൾ കാസ്ട്രോ അധികാരത്തിൽ വന്നതോടെ നിയമങ്ങളിലെ കാർക്കശ്യത്തിൽ അൽപസ്വൽപം ഇളവുവരുകയും 2013 ഓടെ ഇറക്കുമതിക്കുള്ള നിരോധനങ്ങൾ എടുത്തുമാറ്റുകയും ചെയ്തു. തുടർന്ന് സർക്കാർ മേൽനോട്ടത്തിലുള്ള ഡീലർമാരിൽനിന്നും കാറുകൾ വാങ്ങാൻ ക്യൂബൻ ജനതക്ക് അനുവാദം ലഭിച്ചുവെങ്കിലും വാഹനവകുപ്പുമായി ബന്ധപ്പെട്ട പല നിയമങ്ങളും സാധാരണക്കാരന് താങ്ങാനാവാത്ത നിലയിൽ വിപണിയെ കൊണ്ടെത്തിച്ചു. ഈ കാരണങ്ങൾ കൊണ്ടൊക്കെ ഇനിയും ഒരുപാട് കാലം ക്യൂബൻ പട്ടണങ്ങൾ അമേരിക്കൻ ക്ലാസിക്‌ കാറുകളുടെ ചലിക്കുന്ന മ്യൂസിയങ്ങളായി നിലനിൽക്കാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cubavintage car
News Summary - Cuba Paradise for vintage cars
Next Story