അജിത്തിന്റെ കാർ റേസ് ഫ്ലാഗ് ഓഫ് ചെയ്യാൻ വിജയ്; യു.കെ സന്ദർശനത്തിനിടെ മുഖ്യമന്ത്രി സിൽവർസ്റ്റോണിലെത്തും
text_fieldsചെന്നൈ: നടൻ അജിത്ത് കുമാർ പങ്കെടുക്കുന്ന കാർ റേസ് ഫ്ലാഗ് ഓഫ് ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സിൽവർസ്റ്റോൺ സർക്യൂട്ടിലെത്തും. യു.കെ സന്ദർശനത്തിനിടെയാണ് മിഷേലിൻ ലെ മാൻസ് കപ്പിന്റെ സിൽവർസ്റ്റോൺ റൗണ്ടിന് പച്ചക്കൊടി വീശാൻ വിജയ് എത്തുക. സെപ്റ്റംബർ 11, 12 തീയതികളിലാണ് സിൽവർസ്റ്റോണിൽ 2026 മിഷലിൻ ലെ മാൻസ് കപ്പിന്റെ അഞ്ചാം റൗണ്ട് നടക്കുന്നത്.
വിജയ് കാർ റേസ് ഫ്ലാഗ് ഓഫ് ചെയ്യാൻ എത്തുമെന്ന് മിഷേലിൻ ലെ മാൻസ് കപ്പ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അജിത്ത് കുമാർ തന്റെ സ്വന്തം അജിത് കുമാർ റേസിങ് ടീമിനുവേണ്ടിയാണ് മത്സരിക്കുന്നത്. എൽ.എം.പി3 വിഭാഗത്തിലാണ് അജിത്തിന്റെ മത്സരം. അന്താരാഷ്ട്ര മോട്ടോർ സ്പോർട്ടിൽ അജിത്തിന്റെ സാന്നിധ്യം അടുത്ത കാലത്ത് കൂടുതൽ ശ്രദ്ധ നേടിയിരുന്നു. അജിത്തിന്റെ റേസിങ് കരിയറിലെ പ്രധാന വേദികളിലൊന്നാണ് സിൽവർസ്റ്റോൺ. യൂറോപ്യൻ എൻഡുറൻസ് ചാമ്പ്യൻഷിപ്പിലും ദുബൈ 24 മണിക്കൂർ റേസിലും ടീം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി വിജയ് ചെന്നൈ വിമാനത്താവളത്തിൽനിന്ന് യു.കെയിലേക്ക് പുറപ്പെട്ടത്. ഒരാഴ്ച നീണ്ട സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സെപ്റ്റംബർ 17നാണ് തിരിച്ചെത്തുക. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള വിജയുടെ ആദ്യ വിദേശ സന്ദർശനമാണിത്. തമിഴ്നാട്ടിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി വ്യവസായ മേഖലയിലെ പ്രതിനിധികളുമായി വിജയ് കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

