മുൻനിര ടയറുകളെ അപേക്ഷിച്ച് നാലിലൊന്ന് വില; ചൈനീസ് ടയറുകൾക്ക് സ്വീകാര്യതയേറി ബഹ്‌റൈൻ ടയർ വിപണി
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ബഹ്‌റൈനിലെ കാർ ടയർ വിപണിയിൽ ചൈനീസ് നിർമിത ടയറുകൾ ആധിപത്യം ഉറപ്പിക്കുന്നതായി റിപ്പോർട്ട്. ജാപ്പനീസ് ടയറുകളെ അപേക്ഷിച്ച് നാലിലൊന്ന് വിലക്കുറവിൽ ലഭ്യമാണെന്നതാണ് ഉപഭോക്താക്കളെ ചൈനീസ് ബ്രാൻഡുകളിലേക്ക് ആകർഷിക്കുന്നത്. വിപണിയിലെ പത്തിൽ എട്ട് ടയറുകളും ഇപ്പോൾ ചൈനീസ് ഉൽപ്പന്നങ്ങളാണെന്നാണ് വ്യാപാരികൾ പറയുന്നത്. വിലയിലെ വലിയ വ്യത്യാസമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്.
ജാപ്പനീസ് ടയറുകൾ നാലെണ്ണത്തിന് ഏകദേശം 400 ദിനാർ വരെ വില വരുമ്പോൾ, ചൈനീസ് ടയറുകൾ 100 ദിനാറിന് ലഭ്യമാണ്. ചൂടുകാലാവസ്ഥയിൽ ടയറുകൾ വേഗത്തിൽ തേഞ്ഞുതീരുന്നത് കാരണം കൂടുതൽ പേരും വിലക്കുറവുള്ള ചൈനീസ് ടയറുകൾ തിരഞ്ഞെടുക്കുന്നു. അതേസമയം, സൗദിയിൽ നിന്ന് ടയറുകൾ വാങ്ങാൻ ബഹ്‌റൈനികൾ പോകുന്നുവെന്ന പ്രചാരണവും വ്യാപാരികൾ തള്ളി. പകരം സൗദിയിൽ നിന്നുള്ള വാഹന ഉടമകൾ ടയറുകൾ വാങ്ങാൻ ബഹ്‌റൈനിലേക്കാണ് വരുന്നതെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.
വിപണിയിലെ ടയറുകൾ വ്യാജമാണെന്ന വാദങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും, ജപ്പാൻ, ചൈന, തായ്‌ലൻഡ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടയറുകൾ അതത് ഫാക്ടറികളിൽ നിന്നുള്ള ഒറിജിനൽ ഉൽപ്പന്നങ്ങളാണെന്നും വ്യാപാരികൾ വ്യക്തമാക്കി. ഗുണനിലവാരത്തിൽ ജാപ്പനീസ് ടയറുകൾ മുൻപന്തിയിലാണെങ്കിലും വിലക്കൂടുതൽ കാരണം കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യുന്നവർ ബജറ്റ് ഫ്രണ്ട്‌ലിയായ ചൈനീസ് ടയറുകളാണ് കൂടുതലായി വാങ്ങുന്നത്.
ടയറുകളുടെ ആയുസ്സ് നിർമാണത്തിലെ ഗുണനിലവാരത്തെ മാത്രമല്ല, അത് ഉപയോഗിക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷന്റെ നിർദ്ദേശപ്രകാരം, വാഹന ഉടമകൾ ടയറുകളിലെ എയർ കൃത്യമായി പരിശോധിക്കണമെന്നും, നിർമാതാക്കൾ ശിപാർശ ചെയ്യുന്ന അളവിൽ തന്നെ അത് നിലനിർത്തണമെന്നും മുന്നറിയിപ്പുണ്ട്. ടയറുകൾ തണുത്ത അവസ്ഥയിലിരിക്കുമ്പോൾ വേണം എയർ പരിശോധിക്കാൻ. കൂടാതെ, അമിതഭാരം കയറ്റുന്നത് ടയറുകൾ പെട്ടെന്ന് ചൂടാകാനും നശിക്കാനും കാരണമാകുമെന്നും നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

