Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightE20 പ്രതിസന്ധിക്ക്...

E20 പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാറിനോട് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിർണായക ശിപാർശ

text_fields
bookmark_border
Indias Chief Economic Adviser V. Anantha Nageswaran
cancel
camera_alt

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ

ന്യൂഡൽഹി: രാജ്യമൊട്ടാകെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ E20 (20% എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധനനയത്തിനെതിരെ വാഹന ഉടമകളിൽ നിന്നുയരുന്ന വ്യാപകമായ ആശങ്കകൾക്കിടയിൽ, കുറഞ്ഞ എഥനോൾ മിശ്രിതമുള്ള ഇന്ധനം (E10 പോലുള്ളവ) കൂടി പെട്രോൾ പമ്പുകളിൽ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ ആവശ്യപ്പെട്ടു. പ്രമുഖ ദേശീയ പത്രമായ ഇന്ത്യൻ എക്സ്പ്രസിൽ സാമ്പത്തിക കാര്യ വകുപ്പ് കൺസൾട്ടന്റ് ആകാശ് പൂജാരിയുമായി ചേർന്ന് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. വി. അനന്ത നാഗേശ്വരൻ പങ്കുവെച്ച അഭിപ്രായം വ്യക്തിപരമാണെങ്കിലും സർക്കാറിന്റെ ഔദ്യോഗിക നിലപാടിനോട് വിയോജിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥൻ പരസ്യമായി രംഗത്തുവരുന്നത് വളരെ അപൂർവ്വമാണ്.

E20 പെട്രോൾ രാജ്യത്ത് വിൽപ്പന നടത്തുമ്പോൾ E10 പോലുള്ള കുറഞ്ഞ മിശ്രിതമുള്ള ഇന്ധനം കൂടി പമ്പുകളിൽ ലഭ്യമാക്കുന്നത് പൊതുജനങ്ങളുടെ ആശങ്കകൾ വലിയൊരു പരിധി വരെ ശമിപ്പിക്കുമെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ബി.എസ്-4 നിലവാരത്തിന് മുമ്പുള്ളതും കാർബറേറ്ററുകളിൽ പ്രവർത്തിക്കുന്നതുമായ 7.5 മുതൽ 8 കോടി വരെ പഴയ ഇരുചക്ര വാഹനങ്ങൾ രാജ്യത്തുണ്ട്. കാർബറേറ്ററുകൾക്ക് എഥനോളിലെ അധിക ഓക്സിജൻ തിരിച്ചറിഞ്ഞ് ഇന്ധന വിതരണം ക്രമീകരിക്കാൻ കഴിയില്ല. അതിനാൽ ഇത്തരം വാഹനങ്ങൾ സാധാരണയേക്കാൾ കൂടുതൽ ചൂടിൽ പ്രവർത്തിക്കാൻ ഇടയാക്കുന്നു. കൂടാതെ, എഥനോളുമായി പൊരുത്തപ്പെടാത്ത പഴയ റബ്ബർ സീലുകൾ വേഗത്തിൽ കേടാകുകയും ചെയ്യാൻ സാധ്യതയുണ്ട്.

എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ E20 ഇന്ധനം എഞ്ചിനെ പൂർണമായി തകർക്കുമെന്ന വാദം തെറ്റാണെന്നും വി. അനന്ത നാഗേശ്വരൻ വ്യക്തമാക്കി. യു.എസിലെ ഓക്ക് റിഡ്ജ് നാഷണൽ ലബോറട്ടറി നടത്തിയ പരിശോധനകളിലും, ഇന്ത്യയിലെ എ.ആർ.എ.ഐ, ഇന്ത്യൻ ഓയിൽ എന്നിവ നടത്തിയ പഠനങ്ങളിലും E20 ഉപയോഗം മൂലം എഞ്ചിന് അസാധാരണമായ തേയ്മാനമോ തകരാറോ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. എഥനോളിലെ ഊർജ്ജ അളവ് കുറവായതിനാൽ മൈലേജിൽ 6 മുതൽ 7 ശതമാനം വരെ ചെറിയ കുറവുണ്ടാകാം, എന്നാൽ ഇത് വലിയ സാങ്കേതിക തകരാറല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ എണ്ണ ഇറക്കുമതി കുറക്കുന്നതിനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് E20 പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ വർഷം മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കിയ ഈ പദ്ധതി, ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ ലഭ്യമാകുന്ന ഏക ഇന്ധനമായി മാറി. E20 ഇന്ധനം വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും ഓട്ടോ പാർട്സുകൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്നും കാർ ഉടമകൾ വലിയ തോതിൽ പരാതിപ്പെട്ടിരുന്നു. ഓട്ടോമൊബൈൽ നിർമാതാക്കളും ഇതുസംബന്ധിച്ച് സ്വകാര്യ ചർച്ചകളിൽ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.

രാജ്യത്ത് E0 അല്ലെങ്കിൽ E10 പോലുള്ള എഥനോൾ കുറഞ്ഞ മിശ്രിതങ്ങളിലേക്ക് തിരികെ പോകാൻ നിലവിൽ പദ്ധതികളില്ലെന്ന് കഴിഞ്ഞ മാസം സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ധന ഗുണനിലവാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പമ്പുകളിൽ കർശന പരിശോധന നടക്കുന്നുണ്ടെന്നും എണ്ണക്കമ്പനികളും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hot WheelChief Economic AdvisorAutomobile industryLatest NewsE20 Petrol
News Summary - Chief Economic Advisor's crucial recommendation to the government to resolve the E20 crisis
Next Story