ജി.എസ്.ടി ഇളവുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ 'സിയറ്റ്'; ടയറുകൾക്കും വിലകുറയും
text_fieldsസിയറ്റ് ടയറുകൾ
ന്യൂഡൽഹി: കേന്ദ്ര സർക്കാരും ധനവകുപ്പും ഏകീകൃതമായി നടപ്പിലാക്കിയ ജി.എസ്.ടി പരിഷ്‌കാരങ്ങളിൽ (ജി.എസ്.ടി 2.0) ഓട്ടോമൊബൈൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. സ്വദേശ, വിദേശ വാഹനങ്ങൾക്ക് ലഭിക്കുന്ന അധിക വിലക്കിഴിവിൽ പുതിയ വാഹനങ്ങൾ സ്വന്തമാക്കാനുള്ള തായ്യാറെടുപ്പിലാണ് രാജ്യത്തെ വാഹനപ്രേമികൾ. ഇതിനിടയിൽ വാഹങ്ങളുടെ ടയറുകൾക്ക് ജി.എസ്.ടിയിൽ വരുത്തിയ ഇളവുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇറ്റാലിയൻ ടയർ നിർമാതാക്കളായ സിയറ്റ്.
ജി.എസ്.ടി 2.0 പ്രകാരം പുതിയ ന്യൂമാറ്റിക് ടയറുകളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ആയി കുറച്ചതിനാൽ ടയറുകൾക്ക് ലഭിക്കുന്ന ആനുകൂല്യം 100 ശതമാനം ഉപഭോക്താക്കളിക്കെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ജി.എസ്.ടി 2.0 പ്രകാരം സിയറ്റ് ടയറുകൾക്ക് വില കുറക്കാനാണ് കമ്പനി തീരുമാനം. ഇത് പ്രകാരം എല്ലാ ടയറുകൾക്കും 18 ശതമാനം നികുതി ചുമത്തുമ്പോൾ ട്രാക്ടർ ടയറുകൾക്കും ട്യൂബുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി നിരക്ക് കുറയും.
ജി.എസ്.ടി സ്ലാബുകൾ ഏകീകരിച്ചത് ടയർ വ്യവസായത്തിനും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യും. വാഹന സ്വന്തമാക്കുന്നതിനും വാഹനത്തിന്റെ അറ്റകുറ്റ പണികൾക്കും ടയറുകൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ചെലവ് ഉപഭോക്താക്കൾക്ക് താങ്ങാവുന്നതായി മാറി. ഇതുമൂലം വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ വാഹന ഉടമകൾക്ക് സാധിക്കുമെന്ന് സിയറ്റ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ അർണാബ് ബാനർജി പറഞ്ഞു.
ഈ മാസം ആദ്യവാരമാണ് കേന്ദ്ര ധന വകുപ്പ് മന്ത്രി നിർമല സീതാരാമൻ ജി.എസ്.ടി കൗൺസിന്റെ ജിഎസ്ടി 2.0 സംവിധാനം സെപ്റ്റംബർ 22ന് രാജ്യത്ത് നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചത്. പുതിയ ജി.എസ്.ടി പ്രകാരം നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകൾ സർക്കാർ കുറച്ചിട്ടുണ്ട്. നിരക്ക് കുറച്ചതോടെ യാത്രാ വാഹനങ്ങൾ മുമ്പത്തേക്കാൾ വിലകുറഞ്ഞതായി. ഇരുചക്ര വാഹന വിഭാഗത്തിലും, 350 സി.സി വരെ എൻജിൻ കപ്പാസിറ്റിയുള്ള മോഡലുകൾക്ക് ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. അതേസമയം വലിയ എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾക്ക് 40 ശതമാനമായി നികുതി ഏകീകരിച്ചു. വാഹന വിപണി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വാഹന നിർമ്മാതാക്കളും അവരുടെ വാഹന നിരയിൽ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

