കേടുപാടുകള്‍; 1,27,000 ദിര്‍ഹമിന്‍റെ കാര്‍ വിൽപന കോടതി റദ്ദാക്കി
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: വാഹനം കൈമാറുന്നതിന് മുമ്പ് കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 127,000 ദിര്‍ഹം വിലയുള്ള കാര്‍ വിൽപന കരാര്‍ റദ്ദാക്കി അബൂദബി കൊമേഴ്‌സ്യല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി. വാഹനം വാങ്ങിയ ആള്‍ക്ക് നല്‍കിയ തുക തിരികെ നല്‍കാനും കോടതി നിർദേശിച്ചു. ഡെലിവറിക്ക് മുമ്പ് വാഹനത്തിലുണ്ടായിരുന്ന പോറലുകള്‍, പഴയ തകരാര്‍ ആണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കാര്‍ വിൽപന കരാര്‍ റദ്ദാക്കണമെന്നും താന്‍ നല്‍കിയ തുക നിയമപരമായ പലിശ സഹിതം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് കാര്‍ കമ്പനിക്കെതിരേ കേസ് നല്‍കുകയായിരുന്നു. കമ്പനിയില്‍നിന്ന് താന്‍ വാഹനം വാങ്ങി മുഴുവന്‍ പണവും നല്‍കിയെങ്കിലും വാഹനം സമയബന്ധിതമായി ഡെലിവറി ചെയ്തില്ലെന്നും, പിന്നീട് വാഹനത്തിലെ തകരാര്‍ കാരണം വാഹനം സ്വീകരിക്കാന്‍ താന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും യുവാവ് കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, കേസ് തള്ളിക്കളയണമെന്നും മുഴുവന്‍ കോടതിച്ചെലവുകളും വാദിയായ യുവാവ് തന്നെ വഹിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമപ്രകാരം വിറ്റഴിച്ച വസ്തുവില്‍ പഴയ തകരാര്‍ ഉണ്ടായാല്‍ അത് മടക്കി നല്‍കാനോ അല്ലെങ്കില്‍ നിശ്ചയിച്ച വിലയ്ക്ക് സ്വീകരിക്കാനോ വാങ്ങിയ ആള്‍ക്ക് അവകാശമുണ്ടെന്ന് വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു.
തുക കൃത്യസമയത്ത് തിരിച്ചുകിട്ടാത്തതില്‍ കമ്പനിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടത്തിയതിനെ തുടര്‍ന്നാണ് വാദിയുടെ പലിശ അവകാശവും കോടതി അംഗീകരിച്ചത്. കാലതാമസത്തിനുള്ള നഷ്ടപരിഹാരമായി ലേറ്റ് പേയ്‌മെന്‍റ് പലിശ അനുവദിക്കുന്നതിനുള്ള എല്ലാ വ്യവസ്ഥകളും ഈ കേസില്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

