എൻ.ഡി.എക്ക് വോട്ട് ചെയ്തവർ പോലും E20 പെട്രോൾ ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നു! സി-വോട്ടർ സർവേ ഫലം പുറത്ത്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ E20 പെട്രോൾ നയത്തിനെതിരെ വലിയൊരു വിഭാഗം ജനങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നതായി സി-വോട്ടർ അടുത്തിടെ നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു. എൻ.ഡി.എ അനുകൂലികൾക്കിടയിൽ പോലും E20 ഇന്ധനത്തോടുള്ള മനോഭാവം നെഗറ്റീവാണെന്നും സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 55.1 ശതമാനം പേരും E20 പെട്രോൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവരാണ്. എൻ.ഡി.എ വോട്ടർമാരിൽ 52.5 ശതമാനം പേരും E20നോട് വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം, പ്രതിപക്ഷ പാർട്ടികളെ പിന്തുണക്കുന്നവരിൽ 57.9% പേരും വിയോജിപ്പ് രേഖപ്പെടുത്തി.
ജൂലൈ 8 മുതൽ 9 വരെയാണ് സി-വോട്ടർ സർവേ നടത്തിയതാണ്. സാമ്പിൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 3% മാർജിൻ ഓഫ് എറർ പഠനത്തിൽ പ്രതീക്ഷിക്കാവുന്നതാണെന്ന് ഏജൻസി വ്യക്തമാക്കി. സർവേയിൽ പങ്കെടുത്തവർ ആവശ്യപ്പെടുന്നത് പോലെ ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലവിൽ ലഭ്യമല്ല. സമൂഹ മാധ്യമങ്ങളിലും മറ്റും E20 സംബന്ധിച്ച് നിരവധി പരാതികൾ ഉയരുമ്പോഴും, സർക്കാർ തങ്ങളുടെ നയം സുരക്ഷിതമാണെന്നും വാഹനങ്ങൾക്ക് ദോഷകരമല്ലെന്നും ആവർത്തിച്ച് വ്യക്തമാക്കുകയാണ്.
E20 പെട്രോൾ പഴയ വാഹനങ്ങളിലെ റബ്ബർ ഹോസുകൾ, ഗാസ്കറ്റുകൾ, സീലുകൾ എന്നിവയെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ പുതിയ ബി.എസ് 6 (BS6) വാഹനങ്ങൾ ഇതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തവയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് നിർമാതാക്കളുടെ പക്ഷം. അതേസമയം, സർവേയിൽ പങ്കെടുത്ത 54.2 ശതമാനം പേരും E20 പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമാണെന്ന് വിശ്വസിക്കുന്നു. എൻ.ഡി.എ അനുകൂലികളിൽ ഏകദേശം 50 ശതമാനം പേരും ഇതേ ആശങ്ക പങ്കുവെക്കുന്നുണ്ട്.
E20 ഇന്ധനത്തിന് സാധാരണ പെട്രോളിനേക്കാൾ ഊർജ്ജം കുറവായതിനാൽ 3-5% വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും സർക്കാരും സമ്മതിക്കുന്നുണ്ട്. എന്നാൽ, ഉയർന്ന ഒക്ടേൻ റേറ്റിങ് കാരണം എൻജിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുമെന്നാണ് സർക്കാർ വാദം. സർവേയിൽ പങ്കെടുത്ത 52.8 ശതമാനം പേരും E20 ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. അതേസമയം, E20 നിർബന്ധമാക്കുന്നത് പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് കാണിക്കുന്ന നീതികേടാണെന്ന് 56.3 ശതമാനം പേർ അഭിപ്രായപ്പെട്ടു.
എന്നാൽ സർക്കാർ ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോഴും ഇന്ധനം തിരഞ്ഞെടുക്കാനുള്ള അവകാശം വാഹന ഉടമകൾക്ക് നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. അതിനാൽ തന്നെ E20യും സാധാരണ പെട്രോളും തിരഞ്ഞെടുക്കാനുള്ള അവസരം വേണമെന്ന് 75.9% ആളുകൾ ആഗ്രഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

