Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

E20 പെട്രോൾ തരാമെന്ന് ഇന്ത്യ, വേണ്ടെന്ന് ഭൂട്ടാൻ; ഇന്ത്യയുടെ ഓഫർ നിരസിച്ചതിന്റെ കാരണമിതാണ്...

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയിൽ E20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) വ്യാപകമാക്കുന്നതിനിടെ, അയൽരാജ്യമായ ഭൂട്ടാൻ ഇന്ത്യൻ ഓയിൽ കമ്പനികളുടെ ഓഫർ ഔദ്യോഗികമായി നിരസിച്ചു. ഇന്ത്യൻ വിപണിയിൽ സാധാരണ പെട്രോൾ ലഭ്യമാകുന്നിടത്തോളം കാലം അത് തുടരണമെന്നാണ് ഭൂട്ടാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ധനക്ഷമത കുറയുന്നു, എൻജിൻ തകരാറുകൾ വർധിക്കുന്നു എന്നാരോപിച്ച് ഇന്ത്യയിൽ വലിയൊരു വിഭാഗം വാഹന ഉടമകൾ E20 പെട്രോളിനെതിരെ രംഗത്തുവന്നിരിക്കെയാണ് ഭൂട്ടാന്റെ ഈ നിർണായക തീരുമാനം.

ഭൂട്ടാനിലെ ഭൂഗർഭ ഇന്ധന സംഭരണ ടാങ്കുകൾ വളരെ പഴയതായതാണ് ഓഫർ നിരസിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇവയിൽ വെള്ളം കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. E20 പെട്രോൾ ഹൈഗ്രോസ്കോപ്പിക് (Hygroscopic) സ്വഭാവമുള്ളതാണ്. അതായത്, അന്തരീക്ഷത്തിലെ ഈർപ്പത്തെയും വെള്ളത്തെയും പെട്ടെന്ന് ആഗിരണം ചെയ്യാൻ ഇതിന് കഴിവുണ്ട്. ഇത്തരത്തിൽ ടാങ്കുകളിൽ വെള്ളം കലർന്നാൽ, അത് ഇന്ധനവുമായി വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം ലയിച്ചുചേരുന്നു. ഇത് ഇന്ധനത്തിന്റെ ഗുണനിലവാരം പൂർണമായും നശിപ്പിക്കുകയും എൻജിന് ഗുരുതരമായ തകരാറുകൾ വരുത്തുകയും ചെയ്യും.

ഭൂട്ടാന്റെ പർവതനിരകളിലൂടെയുള്ള യാത്രക്ക് വാഹനങ്ങൾക്ക് ഉയർന്ന എൻജിൻ കരുത്ത് (Power) ആവശ്യമാണ്. E20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾക്ക് ഈ കരുത്ത് ലഭിക്കില്ലെന്നും, മലയോര പാതകളിൽ ഇത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ ഭയപ്പെടുന്നു. കൂടാതെ, ഉയരമുള്ളതും ഉയർന്ന ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ ഇന്ധന ടാങ്കുകളിൽ കണ്ടൻസേഷൻ (Condensation) വഴി വെള്ളം അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഇന്ധനത്തെ മലിനമാക്കാൻ ഇടയാക്കും.

ഇന്ത്യയിൽ 2023ന് മുമ്പ് നിർമിച്ച വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, പഴയ വാഹന ഉടമകളിൽ പലരും മൈലേജ് ഗണ്യമായി കുറയുന്നതായും, വാഹനത്തിന്റെ ഭാഗങ്ങൾക്ക് കൂടുതൽ തേയ്മാനവും കേടുപാടുകളും സംഭവിക്കുന്നതായും പരാതിപ്പെടുന്നു. ഇതൊരു 'പരീക്ഷണമാണ്' എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ ഇത് നിഷേധിച്ചെങ്കിലും, ഇത്തരം ഇന്ധന മാറ്റങ്ങൾ പഴയ വാഹനങ്ങളുടെ എൻജിൻ ആയുസ്സിനെ ബാധിക്കുമോ എന്ന ആശങ്ക വാഹന ഉടമകൾക്കിടയിൽ ശക്തമാണ്.

നിലവിൽ തങ്ങളുടെ പക്കലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാതെ E20 പെട്രോൾ കൈകാര്യം ചെയ്യുന്നത് അസാധ്യമാണെന്ന് ഭൂട്ടാൻ വ്യക്തമാക്കുന്നു. ഭാവിയിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തിയ ഇന്ധനങ്ങളിലേക്ക് മാറാൻ ഇന്ത്യൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ, അത് മുൻകൂട്ടി അറിയിക്കണമെന്നും, അതിനനുസരിച്ചുള്ള ചോർച്ചയില്ലാത്ത ആധുനിക സംഭരണ ടാങ്കുകൾ ഒരുക്കാൻ സമയം നൽകണമെന്നും ഭൂട്ടാൻ ഇന്ത്യൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhutan has declined E20 ethanol petrol offer from India
Next Story