സൂക്ഷിച്ചില്ലെങ്കിൽ നാണക്കേടാകും; എ.ഐ പരസ്യബോർഡുകളിൽ ട്രാഫിക് ചലാനുകൾ പ്രദർശിപ്പിച്ച് ബംഗളൂരു പൊലീസ്
text_fieldsഎ.ഐ പരസ്യബോർഡുകൾ
ബംഗളൂരു: സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് ബംഗളൂരുവിലെ എ.ഐ പരസ്യബോർഡുകൾ. പരസ്യബോർഡുകളൾക്ക് എന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ? പറഞ്ഞുതരാം. ബംഗളൂരു ട്രാഫിക് പൊലീസും കർണാടക സർക്കാറും കെട്ടികിടക്കുന്ന ട്രാഫിക് ചലാനുകൾ വാഹനഉടമകൾക്ക് പരസ്യബോർഡുകളിലൂടെ അറിയിക്കുന്ന പുതിയ എ.ഐ അധിഷ്ഠിത പരസ്യബോർഡുകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്.
ബംഗളൂരു ട്രിനിറ്റി സർക്കിളിലാണ് ട്രാഫിക് പൊലീസ് പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കാർസ്24, ക്രാഷ്ഫ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പരസ്യബോർഡുകളിൽ ഇത്തരം പരിഷ്ക്കരണങ്ങൾ പൊലീസ് നടപ്പിലാക്കുന്നത്.
എ.ഐ സംവിധാനം അനുസരിച്ച് പ്രവർത്തിക്കുന്ന പരസ്യബോർഡുകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം കാമറകൾ 100 മീറ്റർ ദൂരത്തിൽ നിന്നും വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ സ്കാൻ ചെയ്യുകയും കെട്ടികിടക്കുന്ന ചലാനുകളും കാലഹരണപ്പെട്ട ഇൻഷുറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവ രജിസ്റ്റർ നമ്പർ സഹിതം പരാസ്യബോർഡുകളിൽ പ്രദർശിപ്പിക്കും. ട്രാഫിക് പൊലീസിന്റേത് സദുദ്ദേശം ആണെങ്കിലും വാഹന ഉടമകളെയും മറ്റ് യാത്രക്കാരെയും റോഡിൽ നാണംകെടുത്താൻ ഈ പുതിയ പരിഷ്‌ക്കരണം കാരണമാകും.
സുർക്ഷിതമായ ഡ്രൈവിങ് ശീലം വളർത്തിയെടുക്കുന്നതോടൊപ്പം വാഹനത്തിന്റെ മുഴുവൻ രേഖകളും യഥാക്രമം കലഹരണപ്പെട്ടിട്ടില്ലെന്നും ഉടമകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കരണമെന്നാണ് ബംഗളൂരു ട്രാഫിക് പൊലീസിന്റെ വാദം. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 12 വരെയുള്ള മൂന്നാഴ്ച കാലയളവിൽ മാത്രമായി 3.78 മില്യണിലധികം ഗതാഗതലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് ഏകദേശം 106 കോടി രൂപയുടെ പിഴയായിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകിയ കുടിശ്ശിക ചലാനുകളിൽ താൽക്കാലികമായി 50 ശതമാനം ഇളവ് വരുത്തിയതാണ് പിഴകളുടെ ഈ വർധനവിന് ഭാഗികമായി കാരണമായതെന്നും ട്രാഫിക് പൊലീസ് മേധാവി പറഞ്ഞു.
പുതിയ എ.ഐ പരസ്യബോർഡുകളെ പ്രശംസിച്ചും വിമർശിച്ചും നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തുന്നുണ്ട്. ഇത് യാത്രക്കാർക്കിടയിൽ മികച്ച ഡ്രൈവിങ് ശീലം വളർത്തിയെടുക്കുമെന്ന് ചിലർ അഭിപ്രായപെടുമ്പോൾ റോഡിലെ കുഴി, ആംബുലൻസുകൾ, തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്നവർ എന്നിവയും പരസ്യബോർഡിൽ ഉൾപ്പെടുത്തണമെന്ന് മറ്റുചിലർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

