സ്റ്റിയറിങ് ലോക്ക് രഹസ്യം
text_fieldsപുതുതായി കാർ ഡ്രൈവിങ് പഠിച്ചവർക്കിടയിൽ സാധാരണയായി കാണുന്ന ഒരു ചെറിയ പ്രശ്‌നവും അതിന്റെ പരിഹാരവും പറയാം. തുടക്കക്കാരായ ഡ്രൈവർമാരെ പരിഭ്രാന്തിയിലാക്കുന്ന സംഭവമാണിത്. വാഹനം പാർക്ക് ചെയ്ത് ചാവി ഊരിയ ശേഷവും സ്റ്റിയറിങ് വെറുതെ തിരിക്കും. വെറുതെ ഒരു രസത്തിനും അബദ്ധം പറ്റിയും ഇങ്ങനെ സംഭവിക്കാറുണ്ട്. അടുത്ത തവണ കാറിൽ കയറി ചാവി തിരിക്കാൻ നോക്കുമ്പോഴാണ് പ്രശ്നം-ചാവി തിരിയുന്നില്ല, സ്റ്റിയറിങ്ങും അനങ്ങുന്നില്ല!
കാറിന് എന്തോ തകരാറുണ്ടായെന്ന് കരുതി പേടിക്കേണ്ട. ഇത് പല കാറുകളിലും നൽകിയിട്ടുള്ള സ്റ്റിയറിങ് ലോക്ക് സംവിധാനമാണ്. മോഷണം തടയുന്നതിനുള്ള സുരക്ഷാ സംവിധാന ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്.
എൻജിൻ ഓഫ് ചെയ്ത് ചാവി ഊരിയശേഷം സ്റ്റിയറിങ് തിരിക്കുമ്പോൾ ഒരു പ്രത്യേക സ്ഥാനത്ത് എത്തുമ്പോൾ ലോക്ക് പ്രവർത്തിക്കാം. അതോടെ സ്റ്റിയറിങ് തിരിക്കാൻ കഴിയാതിരിക്കുകയും ഇഗ്നിഷൻ കീ തിരിക്കാൻ പറ്റാതാവുകയും ചെയ്യും.
അൺലോക്ക് ചെയ്യാൻ എന്തുചെയ്യണം?
സാധാരണയായി മെക്കാനിക്കിന്റെ സഹായം ആവശ്യമില്ല. സ്റ്റിയറിങ് ഇടത്തോട്ടും വലത്തോട്ടും ചെറുതായി തിരിക്കാൻ ശ്രമിക്കുക. ഏതെങ്കിലും ഒരു വശത്തേക്ക് ചെറിയ അയവ് അനുഭവപ്പെടും. ആ ദിശയിലേക്ക് സ്റ്റിയറിങ് അൽപം സമ്മർദത്തോടെ പിടിച്ചുകൊണ്ട് ചാവി ഇഗ്നിഷനിൽ തിരിക്കുക.
സ്റ്റിയറിങ്ങിലെ സമ്മർദം ഒഴിവാകുന്നതോടെ ലോക്ക് അൺലോക്ക് ചെയ്ത് ചാവി സാധാരണ പോലെ തിരിയും. പ്രശ്‌നം സോൾവ് ആയിക്കഴിഞ്ഞു! എന്നാൽ, ചാവി ബലമായി തിരിക്കുകയോ സ്റ്റിയറിങ് അമിതമായി വലിച്ചുതിരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.
പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കാറുകളിലോ?
പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കാറുകളിലും, മോഡൽ അനുസരിച്ച്, ഇലക്ട്രോണിക് സ്റ്റിയറിങ് കോളം ലോക്ക് ഉണ്ടായേക്കാം. അതിനാൽ ഇവയിൽ സ്റ്റിയറിങ് ലോക്ക് ഒരിക്കലും ഉണ്ടാകില്ലെന്ന് ധരിക്കേണ്ട.
സ്റ്റിയറിങ് അൺലോക്ക് ആകാതെ സ്റ്റാർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, സാധാരണയായി ബ്രേക്ക് അല്ലെങ്കിൽ ക്ലച്ച് ചവിട്ടിപ്പിടിച്ച് സ്റ്റാർട്ട്/സ്റ്റോപ് പുഷ് ബട്ടൺ അമർത്തുന്നതിനൊപ്പം സ്റ്റിയറിങ് ഇടത്തോട്ടും വലത്തോട്ടും ചെറുതായി തിരിക്കുക. മോഡലിനനുസരിച്ച് നടപടിക്രമത്തിൽ ചെറിയ വ്യത്യാസമുണ്ടാകാം.
ടയറുകൾ പൂർണമായി സ്ട്രെയിറ്റല്ലാതെ തിരിഞ്ഞുനിൽക്കുമ്പോൾ വണ്ടി ഓഫ് ചെയ്താൽ, സ്റ്റിയറിങ് ഇലക്ട്രോണിക് ആയി കടുപ്പത്തിൽ ലോക്കാകും. അടുത്ത തവണ Start ബട്ടൺ പ്രസ് ചെയ്യുമ്പോൾ വണ്ടി സ്റ്റാർട്ടാവാതെ ഡിസ്പ്ലേയിൽ ‘Steering Wheel Locked’ എന്ന് കാണിക്കും. വാഹനം ഓട്ടോമാറ്റിക്കാണെങ്കിൽ ബ്രേക്കും മാനുവലാണെങ്കിൽ ക്ലച്ചും ചവിട്ടിപ്പിടിച്ച്, സ്റ്റിയറിങ് ഫ്രീയായി തിരിയുന്ന വശത്തേക്ക് ചെറുതായി അനക്കിക്കൊണ്ടുതന്നെ Start ബട്ടൺ പ്രസ് ചെയ്യുക. ഒരു വശത്തേക്ക് ഒട്ടും തിരിയില്ലെങ്കിലും മറുവശത്തേക്ക് ചെറിയ അയവ് ഉണ്ടായാൽ പ്രശ്‌നം പരിഹരിക്കാം എന്ന് സാരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

