ചതിക്കപ്പെടാതിരിക്കാം! പുതിയ കാർ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
text_fieldsപ്രതീകാത്മക ചിത്രം
ജീവിതത്തിലെ വലിയൊരു സ്വപ്നമാണ് സ്വന്തമായി ഒരു കാർ വാങ്ങുക എന്നത്. എന്നാൽ പലർക്കും ഒരു പുതിയ കാർ എന്ന സ്വപ്നം പല കാരണങ്ങൾകൊണ്ടും സാധ്യമാകാറില്ല. അത്തരം സന്ദർഭങ്ങളിൽ യൂസ്ഡ് കാറുകൾ സ്വന്തമാക്കിയാണെങ്കിലും സ്വപ്നം നിറവേറ്റുന്നവർ ഒരുപാടുണ്ട്. യൂസ്ഡ് കാർ വാങ്ങിക്കാൻ ശ്രമിക്കുന്നയാൾ ആ വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ, എൻജിൻ ഭാഗം, ബാറ്ററി, ടയർ എന്നിവ വ്യക്തമായി പരിശോധിക്കും. കൂടാതെ പല ഉപഭോകതാക്കളും ആ വാഹനത്തിന്റെ സർവീസ് ഹിസ്റ്ററി പരിശോധിച്ച് മാത്രമേ ആ വാഹനം സ്വന്തമാക്കാറുള്ളൂ.
എന്നാൽ, പുതിയ കാർ സ്വന്തമാക്കുന്നവർ പണമടച്ച് ബുക്കിങ് പൂർത്തിയാക്കിയത് കൊണ്ട് മാത്രം നിങ്ങളുടെ ഉത്തരവാദിത്തം തീരുന്നില്ല. യൂസ്ഡ് കാർ വാങ്ങുന്നവർ നടത്തുന്ന അതേ പ്രക്രിയ ഒരു പുതിയ കാർ സ്വന്തമാക്കുമ്പോഴും ഉപഭോക്താക്കൾ ശ്രദ്ധിക്കണം. കാർ ഷോറൂമിൽ നിന്നും പുറത്തിറക്കുന്നതിന് മുൻപ് നടത്തുന്ന പ്രീ-ഡെലിവറി ഇൻസ്പെക്ഷൻ (പി.ഡി.ഐ) ഏറെ പ്രധാനമാണ്. വാഹനം മികച്ച അവസ്ഥയിലാണെന്നും കമ്പനി വാഗ്‌ദാനം ചെയ്ത ഫീച്ചറുകൾ എല്ലാം ഉണ്ടെന്നും ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
പുറംഭാഗത്തെ പരിശോധന (Exterior Checks)
ആദ്യം വാഹനത്തിന്റെ ബോഡി തന്നെ പരിശോധിക്കണം. പകൽ വെളിച്ചത്തിൽ വേണം കാർ പരിശോധിക്കാൻ. പരിശോധന സമയത്ത് വാഹനത്തിന്റെ പെയിന്റിൽ പോറലുകളോ തടിപ്പുകളോ ഇല്ല എന്ന് ഉറപ്പുവരുത്തുക. ഡോറുകൾ, ബോണറ്റ്, ബൂട്സ്പേസ് എന്നിവക്കിടയിലുള്ള വിടവ് (Panel gaps) എല്ലാ വശങ്ങളിലും ഒരുപോലെയാണോ എന്ന് പരിശോധിക്കുക. വ്യത്യാസമുണ്ടെങ്കിൽ അത് നിർമാണ തകരാറോ, വാഹനം മുമ്പ് അപകടത്തിൽപ്പെട്ടതോ ആകാം. ഹെഡ്‌ലൈറ്റുകൾ, ടൈൽ ലാമ്പുകൾ, ഗ്ലാസുകൾ, അലോയ് വീലുകൾ എന്നിവയിൽ പൊട്ടലുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പാക്കുക്കണം.
അകത്തളം പരിശോധിക്കാം (Interior Inspection)
ക്യാബിനുള്ളിലെ ഫിനിഷിങ്ങാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സീറ്റുകൾ, ഡാഷ്‌ബോർഡ് എന്നിവിടങ്ങളിൽ കറകളോ, കീറലോ ഉണ്ടോ എന്ന് നോക്കുക. മ്യൂസിക് സിസ്റ്റം, ടച്ച് സ്ക്രീൻ, എസി, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ (മീറ്റർ ബോർഡ്) അനാവശ്യ വാണിങ് ലൈറ്റുകൾ തെളിയുന്നില്ലെന്നും ഉറപ്പാക്കണം.
നിർമാണ തീയതിയും രേഖകളും (Verify Vehicle Details)
പുതിയ വാഹനം വാങ്ങിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകമാണിത്. ബുക്കിങ് പൂർത്തീകരിച്ച ഉപഭോക്താവിന് പഴയ സ്റ്റോക്ക് വാഹനമാണോ നൽകുന്നത് എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. വാഹനത്തിന്റെ വി.ഐ.എൻ (വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ), എൻജിൻ നമ്പർ എന്നിവ ഡീലർ നൽകുന്ന രേഖകളുമായി ഒത്തുനോക്കുക. വാഹനം നിർമിച്ച മാസം, വർഷം എന്നിവ പരിശോധിച്ച ശേഷം പുതിയ സ്റ്റോക്ക് തന്നെയാണെന്ന് ഉറപ്പാക്കുക.
ബോണറ്റിന് അടിയിലെ പരിശോധന (Engine Bay Check)
എൻജിൻ ഭാഗത്ത് അടിസ്ഥാനപരമായ ചില പരിശോധനകൾ നടത്തേണ്ടത് നിർബന്ധമുള്ള കാര്യമാണ്. ഓയിൽ ചോർച്ചയോ അയഞ്ഞ വയറുകളോ ഉണ്ടോ എന്ന് പരിശോധിക്കുക. കൂടാതെ കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ്, എൻജിൻ ഓയിൽ എന്നിവ ആവശ്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
ടയറുകളുടെ അവസ്ഥ (Tyre and Wheel Condition)
ടയറുകൾ പുതിയതാണെന്നും അവയിൽ തേയ്മാനം സംഭവിച്ചിട്ടില്ലെന്നും ഉറപ്പാക്കണം. ടയറിന്റെ വശത്തുള്ള നിർമാണ തീയതി പരിശോധിച്ചാൽ ടയർ നിർമിച്ച വർഷം ഏതാണെന്ന് മനസ്സിലാകും. സ്റ്റെപ്പിനി ടയർ (Spare tyre), ജാക്കി, ടൂൾ കിറ്റ് എന്നിവ വാഹനത്തിലുണ്ടെന്ന് ഉറപ്പുവരുത്തണം.
ആക്സസറികളും രേഖകളും (Accessories & Documentation)
വാഹനം ബുക്ക് ചെയ്യുമ്പോൾ കമ്പനി വാഗ്‌ദാനം ചെയ്ത എല്ലാ സൗജന്യങ്ങളും നിങ്ങൾക്ക് ലഭിച്ചോ എന്ന് ഉറപ്പുവരുത്തണം. ഫ്ലോർ മാറ്റുകൾ, മഡ് ഫ്ലാപ്പുകൾ തുടങ്ങിയ ആക്സസറികൾ ഉണ്ടോ എന്ന് പരിശോധിക്കണം. ഇൻവോയ്‌സ്, ഇൻഷുറൻസ് പേപ്പറുകൾ, വാറന്റി ബുക്ക്‌ലെറ്റ്, രജിസ്ട്രേഷൻ രേഖകൾ എന്നിവയിലെ വിവരങ്ങൾ കൃത്യമാണോ എന്ന് ഡെലിവറിക്ക് മുൻപ് ഒത്തുനോക്കുക. രണ്ട് താക്കോലുകൾ കൈപ്പറ്റാനും മറക്കരുത്.
പുതിയ വാഹനം ഡെലിവറി എടുക്കുമ്പോൾ അൽപ്പം സമയം കണ്ടെത്തി ഈ പരിശോധനകൾ നടത്തുന്നത് ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. വാഹനം പൂർണ്ണ തൃപ്തികരമാണെങ്കിൽ മാത്രം ഡെലിവറി പേപ്പറുകളിൽ ഒപ്പിട്ടാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

