Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightവാഹനങ്ങളിലെ...

വാഹനങ്ങളിലെ മോഡിഫിക്കേഷൻ: നിയമക്കുരുക്ക് എങ്ങനെ ഒഴിവാക്കും, ആലോചനയിൽ ഗതാഗത വകുപ്പ്

text_fields
bookmark_border
വാഹനങ്ങളിലെ മോഡിഫിക്കേഷൻ: നിയമക്കുരുക്ക് എങ്ങനെ ഒഴിവാക്കും, ആലോചനയിൽ ഗതാഗത വകുപ്പ്
cancel

തിരുവനന്തപുരം: 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന് അടിക്കുറിപ്പോടെ വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്തുന്നത് തെറ്റല്ലെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകുമെന്നുമായിരുന്നു വി.ഡി. സതീശൻ മുമ്പ് പറഞ്ഞത്. നിയമക്കുരുക്കുകളും സുപ്രീംകോടതി ഉത്തരവും നിലനിൽക്കുമ്പോൾ എങ്ങനെ മോഡിഫിക്കേഷൻ നടക്കും.

നിയമക്കുരുക്കുകൾ ഒഴിവാക്കി മോഡിഫിക്കേഷൻ എങ്ങനെ നടപ്പാക്കുമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്ന പട്ടിക തയാറാക്കുകയാണെന്ന് ഗതാഗത കമീഷണർ സി. നാഗരാജു പറഞ്ഞു. അനുവദിക്കാവുന്ന രൂപമാറ്റങ്ങൾ ഏതൊക്കെയെന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. കേന്ദ്രനിയമം അനുസരിച്ചാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള എല്ലാക്കാര്യങ്ങളും. സംസ്ഥാനങ്ങൾക്ക് പ്രത്യേകനിയമം നിർമിക്കാനാവില്ല. കേന്ദ്ര നിയമവും സുപ്രീംകോടതി ഉത്തരവും അനുസരിച്ച് വാഹനം നിർമിച്ച ശേഷം വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്. നിയമക്കുരുക്ക് ഒഴിവാക്കാനുള്ള വഴിയാണ് വകുപ്പ് നോക്കുന്നത്. അപകടകരമല്ലെന്ന് കണ്ടെത്തി രൂപമാറ്റം അനുവദിച്ചും പിഴയീടാക്കാണ്ടെന്ന് വകുപ്പുതല ഉത്തരവിറക്കാം. ഇതുൾപ്പെടെയുള്ള നിർദേശങ്ങളാണ് വകുപ്പിനു മുന്നിലുള്ളത്. നിയമപ്രകാരം എന്തൊക്കെ മോഡിഫിക്കേഷൻ ചെയ്യാൻ പറ്റും?

മോഡിഫിക്കേഷൻ

വാഹനനിർമാതാക്കൾ നൽകിയിട്ടുള്ളതിൽനിന്ന് എന്തു അധികം വച്ചാലും അത് മോഡിഫിക്കേഷനാണ്. സ്പെസിഫിക്കേഷനിൽനിന്ന് മാറ്റം വരുത്താൻ നിയമപരമായി അനുവാദമില്ല. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരാൻ പാടില്ല. സ്ട്രക്ചറിൽ മാറ്റം വരുത്താൻ അവകാശമില്ല. വാഹനത്തിലെ ഓരോ ഭാഗവും ടെസ്റ്റ് ചെയ്തു ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമാതാക്കൾ ഒരു വാഹനം നിരത്തിലിറക്കുന്നത്. ശരിയായ രീതിയിലല്ലാതെ ടയർ അപ്സൈസ് ചെയ്യുന്നതും സൈലൻസർ മാറ്റുന്നതും കുറ്റകരമാണ്. എല്ലാ മോഡിഫിക്കേഷനും നിയമവിധേയമല്ല. എന്നാൽ, നിയമപരമായി ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനും ഉണ്ട്.

ടയർ സൈസ്

പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ റോഡിൽ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വീതികൂടിയ ടയറുകൾ ഉപയോഗിക്കുമ്പോൾ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലുള്ള മഡ്-ഫ്ലാപ്പുകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. റേസ്, മഡ് ട്രാക്കുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിലെ വീലുകൾ റോഡിൽ ഓടിക്കുമ്പോൾ അതഴിച്ചുമാറ്റി സാധാരണ വീൽ ഉപയോഗിക്കണം.


സ്റ്റിക്കർ

ഫ്രണ്ട് വിൻഡ് ഗ്ലാസുകളിൽ മുൻകാഴ്ച തടസ്സപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാൻ പാടില്ല. ഗ്ലാസിൽ സ്റ്റിക്കർ പതിപ്പിക്കുമ്പോൾ കാറിനുള്ളിൽ ഇരിക്കുന്നവരുടെ കാഴ്ച മറയ്ക്കരുത്. വിൻഡോ ഗ്ലാസിന്റെ സുതാര്യതയെ തടസ്സപ്പെടുത്തരുത്. നിശ്ചിത അളവിൽ സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ-പിൻ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാം. പിൻ ഗ്ലാസുകളിൽ 70 പ്രകാശവും സൈഡ് ഗ്ലാസുകളിൽ 50 ശതമാനം പ്രകാശവും കടന്നുപോകാൻ സാധിക്കണം.

നമ്പർ പ്ലേറ്റ്

2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളിലും നിയമപ്രകാരം അതിസുരക്ഷാ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ഡീലർമാർ തന്നെ വാഹനത്തിൽ ഫിറ്റ് ചെയ്തു നൽകണം. അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനത്തിന്റെ മുന്നിലും പിന്നിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് വാഹൻ സൈറ്റിൽ രേഖപ്പെടുത്തിയാൽ മാത്രമേ ആർ.സി പ്രിന്റ് എടുക്കാൻ സാധിക്കൂ. എന്തെങ്കിലും കാരണവശാൽ നമ്പർപ്ലേറ്റിന് തകരാർ സംഭവിച്ചാൽ മോട്ടോർ വാഹനവകുപ്പിന് രേഖാമൂലം അപേക്ഷ നൽകിയാൽ മാത്രമേ പുതിയ നമ്പർ പ്ലേറ്റ് അനുവദിക്കൂ. അതിസുരക്ഷാ നമ്പർ പ്ലേറ്റ് മനഃപൂർവം കേടുവരുത്താൻ ശ്രമിച്ചാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വരെ റദ്ദാകാം. ഹൈസെക്യൂരിറ്റി നമ്പർപ്ലേറ്റ് അല്ലാത്ത നമ്പർ പ്ലേറ്റുള്ള വാഹനങ്ങളിൽ, രജിസ്ട്രേഷൻ നമ്പർ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തണം. നമ്പർ പ്ലേറ്റിൽ വിവിധ നിറങ്ങളിലുള്ള അക്ഷരങ്ങൾ, പേര് തുടങ്ങിയവയൊന്നും രേഖപ്പെടുത്താൻ പാടില്ല.


സൈലൻസർ

വ്യത്യസ്ത സൗണ്ട് നോട്ടുകളുള്ള സൈലൻസർ ഉപയോഗിച്ച് മോഡിഫിക്കേഷൻ നടത്താൻ പാടില്ല. ഏതൊരു വാഹനവും നിർമിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ സൈലൻസർ, ശബ്ദം, വായു മലിനീകരണതോത് തുടങ്ങിയവ ടെസ്റ്റിങ് ഏജൻസിയെക്കൊണ്ട് പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷമാണ് വിൽപനക്കെത്തുന്നത്.


ഹൈ ബീം ലൈറ്റ്

നിയമപ്രകാരം എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കത്തക്കവിധം ഹൈ ബീം ലൈറ്റ് ഉപയോഗിക്കുന്നത് കുറ്റകരമാണ്. രാത്രിയാത്രകളിൽ അപകടസാധ്യത വർധിക്കും. വാഹനനിർമാതാക്കൾ നിർദേശിക്കുന്ന ലൈറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ.


ബുൾ ബാർ/പുഷ് ബംപർ

മോട്ടോർ വാഹനങ്ങൾക്ക് ഫൈബർ കൊണ്ടുള്ള ബംപറാണ്. വാഹനത്തിന്റെ മുന്നിൽ ബുൾ ബാർ ഘടിപ്പിക്കുന്നത് സുരക്ഷയെ ബാധിക്കും. ബുൾബാർ, ക്രാഷ് ഗാർഡ് തുടങ്ങിയവ പിടിപ്പിച്ചാൽ, അപകടമുണ്ടാകുമ്പോൾ സെൻസറുകൾ കൃത്യമായി പ്രവർത്തിക്കാതെ വരികയും എയർ ബാഗ് വിടരാതിരിക്കാൻ കാരണമാകും.


എൻജിൻ ട്യൂണിങ്‌‌

എൻജിൻ സ്പെസിഫിക്കേഷനിൽ മാറ്റം വരുത്തുന്നത് ശരിയല്ല. നല്ല പെർഫോമൻസ് തരുന്ന തരത്തിലാണ് കമ്പനികൾ എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് എൻജിന്റെ പ്രവർത്തനക്ഷമതയെയും വാറണ്ടിയെയും ബാധിക്കും.


ഇന്റീരിയർ ആക്സസറീസ്

കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ആക്സസറീസ് ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ ഇലക്ട്രിക് സർക്യൂട്ടുകൾക്ക് തകരാർ സംഭവിക്കാൻ ഇടയുണ്ട്. എക്സ്ട്രാ ഫിറ്റിങ്സ് പ്രത്യേകിച്ചും ഇലക്ട്രിക്കൽ ഉപയോഗിക്കുന്നതിലെ അപാകതകൾ മൂലം വാഹനങ്ങൾ തീപിടിക്കാൻ ഇടയാക്കും. വോൾട്ടേജ് കൂടിയ സ്റ്റീരിയോ തുടങ്ങിയ ഉപകരണങ്ങൾക്കായി കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയും വയറുകൾ, ഫ്യൂസ് കാരിയറുകൾ, ജോയന്റുകൾ എന്നിവ ഓവർഹീറ്റായി തീ കത്താൻ ഇടയാക്കും. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരരുത്.

നിറം

വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ അനുമതിയോടെ നിറം മാറ്റാൻ സാധിക്കും. നിറം മാറ്റിയ ശേഷം ഗതാഗത വകുപ്പിന് മുന്നിൽ വാഹനം ഹാജരാക്കിയാൽ ആർ.സിയിൽ രേഖപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclescomplicationslegalmodifications
News Summary - Modification of vehicles: Transport Department considering how to avoid legal complications
Next Story