Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറും 2 സെക്കൻഡ് മതി, ദുരന്തത്തിന്!

text_fields
bookmark_border
ഉറക്കത്തോട് മല്ലിട്ട് ഡ്രൈവിങ് വേണ്ട! കണ്ണുകൾ നൽകുന്ന ഈ സൂചനകൾ തിരിച്ചറിയണം
വെറും 2 സെക്കൻഡ് മതി, ദുരന്തത്തിന്!
cancel

ആദ്യം തന്നെ ഒരു കാര്യം പറയാം. ഈ ലേഖനം വായിച്ചിട്ട് ഉറങ്ങിപ്പോയാലും കുഴപ്പമില്ല. പക്ഷേ വണ്ടി ഓടിക്കുമ്പോൾ ഉറങ്ങിപ്പോകരുത്! തമാശയായി തോന്നാമെങ്കിലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്.

എത്ര മികച്ച ഡ്രൈവറാണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം നിയന്ത്രിക്കാൻ മനുഷ്യന് കഴിയില്ല. ദീർഘദൂര യാത്രകൾ, രാത്രിയിലെ ഡ്രൈവിങ്, തുടർച്ചയായ ജോലി, മതിയായ ഉറക്കമില്ലായ്മ എന്നിവയെല്ലാം ഡ്രൈവിങ്ങിനിടെ മയക്കം വരാനുള്ള സാധ്യത കൂട്ടും. കാറിന്റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം കൂട്ടുന്നതോ ഉറക്കം മാറ്റാനുള്ള വിശ്വസനീയമായ മാർഗങ്ങളല്ല.

പ്രത്യേകിച്ച് ഹൈവേകളിലൂടെ ഒരേ വേഗത്തിൽ ദീർഘനേരം യാത്ര ചെയ്യുമ്പോൾ റോഡിന്റെ ആവർത്തനസ്വഭാവവും ചുറ്റുപാടുകളിലെ മാറ്റക്കുറവും ഡ്രൈവറുടെ ജാഗ്രത കുറയ്ക്കാം. എന്നാൽ ഉറക്കക്കുറവും ശരീരത്തിന്റെ സ്വാഭാവിക ഉറക്കസമയവുമാണ് പ്രധാന അപകടഘടകങ്ങൾ. ഉറക്കം വരുമ്പോൾ 'കുറച്ചുകൂടി ഓടിച്ചാൽ ലക്ഷ്യത്തിലെത്താം' എന്ന ചിന്തയാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്.

ഉറക്കം വരുന്നതിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ

ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിന് മുമ്പ് ശരീരം ചില സൂചനകൾ നൽകാറുണ്ട്. അവ തിരിച്ചറിയുന്നത് അപകടം ഒഴിവാക്കാൻ സഹായിക്കും.

  • റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തവിധം കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക.
  • തുടർച്ചയായി കോട്ടുവായിടുകയും കണ്ണുകൾ തിരുമ്മുകയും ചെയ്യുക.
  • കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞുപോകുകയോ കാഴ്ച മങ്ങുന്നതുപോലെ തോന്നുകയോ ചെയ്യുക.
  • വാഹനത്തിന്റെ വേഗവും ദിശയും നിയന്ത്രിക്കുന്നതിൽ ശ്രദ്ധക്കുറവ് അനുഭവപ്പെടുക.
  • യാത്രയ്ക്കിടെ കഴിഞ്ഞുപോയ കുറച്ച് കിലോമീറ്ററുകളെക്കുറിച്ച് വ്യക്തമായ ഓർമയില്ലാതിരിക്കുക.
  • റോഡിലെ ബോർഡുകളും തിരിവുകളും ശ്രദ്ധയിൽപ്പെടാതെ പോകുക.
  • വാഹനം അറിയാതെ ലെയിൻ മാറുകയോ റോഡിന്റെ അരികിലേക്ക് നീങ്ങുകയോ ചെയ്യുക.
  • തല താഴേക്ക് കുനിയുന്നതുപോലെയോ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെയോ തോന്നുക.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. മയക്കം കൂടുമ്പോൾ ഏതാനും നിമിഷങ്ങൾ നീളുന്ന 'മൈക്രോസ്ലീപ്പ്' സംഭവിക്കാം. അറിയാതെ കണ്ണുകൾ അടയുകയും ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം താൽക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.

രണ്ട് സെക്കൻഡ് മതി, വാഹനം 55 മീറ്ററോളം മുന്നോട്ട് പോകും!

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം ഒരു സെക്കൻഡിൽ ഏകദേശം 27.8 മീറ്റർ മുന്നോട്ടുപോകും. അതായത്, ഡ്രൈവർക്ക് വെറും രണ്ട് സെക്കൻഡ് മൈക്രോസ്ലീപ്പ് സംഭവിച്ചാൽ വാഹനം ഏകദേശം 55.6 മീറ്റർ ദൂരം മുന്നോട്ടുപോകും. ആ സമയത്ത് ഡ്രൈവർക്ക് റോഡിലെ വളവോ മുന്നിലുള്ള വാഹനമോ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന തടസ്സമോ തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. പ്രതികരിക്കാൻ കഴിയാത്ത ആ ചെറിയ ഇടവേള പോലും വലിയ അപകടത്തിന് കാരണമാകാം.

എന്തുകൊണ്ടാണ് ചില സമയങ്ങളിൽ ഉറക്കം കൂടുതൽ വരുന്നത്?

മനുഷ്യശരീരത്തിന് ഉറക്കവും ഉണർവും നിയന്ത്രിക്കുന്ന ഒരു സ്വാഭാവിക ജൈവഘടികാരമുണ്ട്. ഇതിനെ സർക്കാഡിയൻ റിഥം എന്നു വിളിക്കുന്നു. സാധാരണയായി അർധരാത്രി മുതൽ പുലർച്ചെ ആറുമണി വരെയുള്ള സമയത്തും ഉച്ചകഴിഞ്ഞുള്ള ചില മണിക്കൂറുകളിലും ശരീരത്തിന്റെ ജാഗ്രത കുറയാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ രാത്രി വൈകിയും പുലർച്ചെയുമുള്ള യാത്രകളിൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധിക്കണം. ഉറക്കക്കുറവുള്ളവർക്ക് ഈ സമയങ്ങളിൽ മയക്കം കൂടുതൽ ശക്തമാകാം. ഒരേ രീതിയിൽ നീണ്ടുനിൽക്കുന്ന ഹൈവേ യാത്രയും ക്ഷീണം വർധിപ്പിക്കാം.

യാത്രയ്ക്കിടെ ഉറക്കം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. യാത്രയ്ക്ക് മുമ്പ് മതിയായ ഉറക്കം

ദീർഘദൂര യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യത്തിന് ഉറങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. മുതിർന്നവർക്ക് പൊതുവെ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ശുപാർശ ചെയ്യപ്പെടുന്നു. ഉറക്കം കുറഞ്ഞ ദിവസങ്ങളിൽ ദീർഘദൂര ഡ്രൈവിങ് ഒഴിവാക്കുന്നതാണ് സുരക്ഷിതം.

2. ഉറക്കം വന്നാൽ വാഹനം നിർത്തുക

കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുകയോ കോട്ടുവായിടൽ കൂടുകയോ ശ്രദ്ധ കുറയുകയോ ചെയ്താൽ ലക്ഷ്യസ്ഥാനത്തെത്താൻ ശ്രമിച്ച് ഡ്രൈവിങ് തുടരരുത്. സുരക്ഷിതമായ വിശ്രമസ്ഥലത്ത് വാഹനം നിർത്തി 15–20 മിനിറ്റ് നേരം ചെറിയൊരു ഉറക്കം എടുക്കാം. ഉറക്കമുണർന്നിട്ടും മയക്കം തുടരുന്നുണ്ടെങ്കിൽ വീണ്ടും ഡ്രൈവ് ചെയ്യരുത്.


3. ദീർഘയാത്രയിൽ ഇടവേളകൾ എടുക്കുക

മണിക്കൂറുകളോളം തുടർച്ചയായി വണ്ടിയോടിക്കുന്നത് ഒഴിവാക്കുക. യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്ത് ഇടയ്ക്കിടെ വിശ്രമത്തിനായി വാഹനം നിർത്തുക. സാധ്യമെങ്കിൽ ഡ്രൈവിങ് അറിയാവുന്ന, മതിയായ വിശ്രമം ലഭിച്ച മറ്റൊരാൾക്കൊപ്പം യാത്ര ചെയ്യുകയും ക്ഷീണം അനുഭവപ്പെടുമ്പോൾ ഡ്രൈവർ മാറുകയും ചെയ്യാം.

4. മദ്യവും മയക്കം ഉണ്ടാക്കുന്ന മരുന്നുകളും ഒഴിവാക്കുക

മദ്യപാനം ഉറക്കവും പ്രതികരണശേഷിക്കുറവും വർധിപ്പിക്കും. ചില അലർജി മരുന്നുകളും ഉറക്കമുണ്ടാക്കുന്ന മറ്റ് മരുന്നുകളും ഡ്രൈവിങ്ങിനെ ബാധിക്കാം. മരുന്നുകളുടെ ലേബലിലെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. സംശയമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം തേടുക.

5. കാപ്പിയെ മാത്രം ആശ്രയിക്കരുത്

കാപ്പിയിലെയും മറ്റ് കഫീൻ പാനീയങ്ങളിലെയും ഘടകങ്ങൾ കുറച്ചുസമയത്തേക്ക് ജാഗ്രത വർധിപ്പിച്ചേക്കാം. എന്നാൽ കടുത്ത ഉറക്കക്ഷീണം മാറ്റാൻ ഇവയ്ക്ക് കഴിയില്ല. കാപ്പി കുടിച്ചാൽ ഉറക്കം പൂർണമായി മാറുമെന്ന് കരുതി യാത്ര തുടരുന്നതും അപകടകരമാണ്.

6. ഉറക്കം വരുന്ന സമയങ്ങൾ തിരിച്ചറിയുക

സാധ്യമെങ്കിൽ ശരീരത്തിന് സ്വാഭാവികമായി ഉറക്കം വരുന്ന രാത്രിസമയങ്ങളിൽ ദീർഘദൂര യാത്ര ഒഴിവാക്കുക. യാത്ര മാറ്റിവയ്ക്കാൻ കഴിയില്ലെങ്കിൽ വിശ്രമത്തിനുള്ള ഇടങ്ങൾ മുൻകൂട്ടി കണ്ടെത്തി യാത്ര ക്രമീകരിക്കുക.

വിൻഡോ തുറന്നിടുക, പാട്ടിന്റെ ശബ്ദം കൂട്ടുക, മുഖത്ത് വെള്ളം തളിക്കുക തുടങ്ങിയ മാർഗങ്ങൾ ഉറക്കം മാറ്റാനുള്ള സ്ഥിരമായ പരിഹാരങ്ങളല്ല. ഇവയിലൂടെ താൽക്കാലികമായി ഉണർവ് തോന്നിയേക്കാം. എന്നാൽ ഉറക്കക്ഷീണം മാറില്ല. കാപ്പിയും ചെറിയ ഉറക്കവും ചില സാഹചര്യങ്ങളിൽ താൽക്കാലിക സഹായം നൽകുമെങ്കിലും മതിയായ ഉറക്കത്തിന് പകരമാകില്ല.

ലക്ഷ്യസ്ഥാനത്ത് അൽപ്പം വൈകിയെത്തിയാലും കുഴപ്പമില്ല. യാത്രയുടെ വേഗത്തേക്കാൾ പ്രധാനമാണ് സുരക്ഷിതമായി വീട്ടിലെത്തുക എന്നത്. ഉറക്കം തോന്നുമ്പോൾ സ്റ്റിയറിങ്ങിൽ പിടിമുറുക്കുകയല്ല, വാഹനം നിർത്തുകയാണ് വേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drowsy Driving: Warning Signs and Safety Tips
Next Story