Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightസൈറസ് മിസ്ത്രിയുടെ...

സൈറസ് മിസ്ത്രിയുടെ ജീവനെടുത്തത് ചെറിയൊരു പിഴവ്; അറിയാം സീറ്റ് ബെൽറ്റ് എന്ന ജീവൻ രക്ഷാ ഉപകരണത്തെപറ്റി

text_fields
bookmark_border
A small mistake took the life of Cyrus Mistry
cancel

നിസാരമെന്ന് തോന്നിക്കുന്ന ചില പിഴവുകൾ ചിലപ്പോഴെങ്കിലും ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ കൊണ്ടുവന്നേക്കാം. അതുപോലെന്നാണ് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ജീവിതത്തിൽ സംഭവിച്ചത്. ഈ പിഴവ് അദ്ദേഹത്തിന്റെ ജീവൻത​െന്ന നഷ്ടമാക്കി എന്നതാണ് ഏറ്റവുംവലിയ ദുരന്തം. കാറിന്റെ അമിത വേഗതയും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത രണ്ട് കാരണങ്ങളെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്.

നടന്നത് മാരകമായ അപകടം

മിസ്ത്രിയും നാല് സഹയാത്രികരും സഞ്ചരിച്ചിരുന്നത് മെഴ്സിഡസ് ബെൻസ് എസ്.യു.വിയിലാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണിത്. ആന്റി ലോക്ക് ബ്രേക്ക് മുതൽ സ്റ്റെബിലിറ്റി കൺട്രോളും മുട്ടിനും തലക്കും സുരക്ഷ നൽകുന്ന എയർബാഗുകൾവരെ വാഹനത്തിലുണ്ട്. എന്നാൽ അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്നതോടെയാണ് മിസ്ത്രിക്ക് മാരകമായ പരിക്കുകൾ ഏറ്റത്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, നീ എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ടായിരുന്നു.


പാൽഘർ ജില്ലയിലെ ചാറട്ടി ചെക്പോയന്റ് കടന്ന ശേഷം വെറും ഒമ്പതു മിനിറ്റ് ​കൊണ്ടാണ് ആഡംബര കാർ 20 കി.മീ ദൂരം താണ്ടിയതെന്നാണ് പൊലീസ് പറയുന്നത്. ചാറട്ടി ചെക്പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പാൽഘർ പൊലീസ് ഈ നിഗമനത്തിലെത്തിയത്. കാർ ഞായാറാഴ്ച വൈകീട്ട് 2.21 നാണ് ചെക്പോസ്റ്റ് കടന്നുപോയത്. 20 കി.മി പിന്നിടുമ്പോഴാണ് അപകടം നടന്നത്. അതായത് വെറും ഒമ്പത് മിനിറ്റ് കൊണ്ടാണ് കാർ 20 കിലോമീറ്റർ ദൂരം പിന്നിട്ടത്.

അപകടത്തിൽ മിസ്ത്രിയും സഹയാത്രികനായ ജഹാംഗീറുമാണ് മരിച്ചത്. മിസ്ത്രിയും ജഹാംഗീറും കാറിന്റെ പിറകിലെ സീറ്റിലാണ് ഇരുന്നത്. ഡാരിയസ് മുന്നിലും. കാർ ഓടിച്ചത് സ്ത്രീയാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് പൊലീസ് പറഞ്ഞത്. സൂര്യ നദിയിലെ പാലത്തിൽ അമിതവേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതു വശത്തു കൂടി മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞത്. അഹ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുമ്പോഴാണ് 54കാരനായ മിസ്ത്രിയുടെ ദാരുണാന്ത്യം. മിസ്ത്രിക്കൊപ്പം ജഹാംഗീർ പാൻഡോളും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുംബൈക്കാരിയായ ഗൈനക്കോളജിസ്റ്റ് അനഹിത പാൻഡോൾ ആയിരുന്നു കാർ ഓടിച്ചിരുന്നു.


ചില എയർബാഗുകൾ തുറന്നു ചിലത് തുറന്നില്ല

അപകടം നടന്നശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങളിൽനിന്ന് മനസിലാകുന്നത് ബെൻസിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട് എന്നാണ്. എന്നാൽ മുന്നിലെ രണ്ട് യാത്രികരും പരിക്കുകളോടെ രക്ഷപ്പെട്ടു. വലിയ കേടുപാടുകൾ പറ്റാത്ത പിൻ ഭാഗത്തെ യാത്രികരാണ് മരിച്ചത്. ഇത് ഒരുപക്ഷെ നമ്മിൽ അത്ഭുതം ഉണ്ടാക്കിയേക്കാം. ഇവിടെയാണ് സീറ്റ് ബെൽറ്റ് എന്ന ജീവൻ രക്ഷാ ഉപകരണത്തിന്റെ പ്രാധാന്യം നാം മനസിലാക്കേണ്ടത്. ഒരു വാഹനത്തിൽ എയർ ബാഗുകൾ തുറക്കണമെങ്കിൽ അതിലെ സീറ്റ് ബെൽറ്റുകളും ധരിച്ചിരിക്കണം എന്നത് പ്രാഥമികമായ നിയമമാണ്. മുന്നിലെ യാത്രികൾ സ്വാഭാവികമായും സീറ്റ് ബൽറ്റ് ധരിച്ചിരുന്നു. അതിനാൽത്തന്നെ മാരകമായ ഇടിയിലും എയർബാഗുകൾ തുറക്കുകയും അവരുടെ ജീവൻ രക്ഷപ്പെടുകയും ചെയ്തു. സീറ്റ് ബെൽറ്റ് ധരിക്കാതായതോടെ പിന്നിലെ യാത്രികർ വായുവിൽ ഉയർന്ന് പൊങ്ങുകയും തലക്കും കഴുത്തിനും കനത്ത ക്ഷതമേൽക്കുകയുമായിരുന്നു.


എയർബാഗും സീറ്റ് ബെൽറ്റും ഇരട്ടകൾ

ഇന്ത്യന്‍ വാഹന ലോകം സുപ്രധാന പരിവര്‍ത്തന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും എന്തിന് റോഡിലൂടെ പോകുന്ന കാല്‍നടക്കാര്‍ക്കും ഒരുപോലെ സുരക്ഷ നല്‍കുന്ന വാഹനങ്ങളാണ് ഇപ്പോഴുള്ളത്. വാഹന സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വളരെ വലുതാണ്. എയര്‍ബാഗ് ഉള്ള വാഹനങ്ങളില്‍ അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം.

സീറ്റ് ബെല്‍റ്റ് ധരിച്ചാൽ അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനവും ഗുരുതരമായ പരിക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരിക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും സാധിക്കും.

വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റ് നടത്തുമ്പോള്‍ വിവിധ അളവുകളിലുള്ള ഡമ്മികളാണ് അപകടത്തിന്റെ ആഘാതമറിയാൻ ക്രാഷ് ടെസ്റ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്നത്. ഉരുക്കിലും റബറിലുമുണ്ടാക്കിയ ഡമ്മികളില്‍ വിവിധ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് അപകടം വരുത്തിയ ക്ഷതങ്ങളെ അളക്കുന്നത്. ഇതില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡമ്മികളില്‍ അപകടങ്ങളുടെ ആഘാതം വളരെ കൂടുതലാണെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ശീലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ല. സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കര്‍ശനമായ സാഹചര്യത്തില്‍ അത് മുന്‍ സീറ്റിലെ യാത്രക്കാരില്‍ മാത്രമായി ഒതുങ്ങുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് അപൂർവമാണ്.


എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം

മാനവരാശിയുടെ ഗതിയെത്തന്നെ മാറ്റിമറിച്ച കണ്ടുപിടുത്തമായി കണക്കാക്കാവുന്ന ഒന്നാണ് സീറ്റ്ബെൽറ്റിന്റേത്. മാനവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ രക്ഷിച്ച കണ്ടു പിടുത്തങ്ങളിലൊന്നാണിത്. 1958 ൽ സ്വീഡനിലെ വോൾവോ കമ്പനിക്കുവേണ്ടി നിൽസ് ബോലിൻ (Nils Bohlin) ആണ് ഇന്ന് ഉപയോഗത്തിലിരിക്കുന്ന ത്രീ പോയിന്റ് സീറ്റ് ബെൽറ്റിന് പേറ്റന്റ് നേടി വാഹനങ്ങളിൽ ഘടിപ്പിച്ച് നൽകാൻ തുടങ്ങിയത്. 1970 ന് മുൻപേ അമേരിക്ക അടക്കമുള്ള പല വികസിത രാജ്യങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി നിയമ ഭേദഗതി വരുത്തിയിരുന്നു. 2002 ലാണ് ഇന്ത്യയിൽ 8 സീറ്റ് വരെയുള്ള വാഹനത്തിൽ സീറ്റ് ബെൽറ്റ് നിർമ്മാണത്തിൽ ഉൾക്കൊള്ളിക്കണമെന്ന് നിഷ്കർഷിക്കുന്നത് (കേന്ദ്ര മോട്ടോർ വാഹന ചട്ടം 124 ). മുൻ സീറ്റിലെയും, മുന്നോട്ടുള്ള ദിശയിലേക്ക് ഇരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാണ്.

ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉറപ്പ് വരുത്തിയാൽ മാത്രം കേരളത്തിൽ മാത്രം പ്രതിവർഷം രണ്ടായിരത്തോളം പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് കണക്ക്. സീറ്റ് ബെൽറ്റും (primary restraint system - PRS) ഉം എയർ ബാഗും (supplementaryary restraint system -SRS) ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമെ 70 കിലോ മീറ്ററിന് മുകളിലേക്കുള്ള സ്പീഡിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇട്ടാൽ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവം. മാത്രമല്ല സീറ്റ് ബെൽറ്റ് ഇട്ടാൽ മാത്രമെ പല വാഹനങ്ങളിലും എയർ ബാഗ് പ്രവർത്തിക്കുകയുള്ളൂ. സീറ്റ് ബെൽറ്റ് ധരിക്കാരിത്തിരിക്കുന്നത് 2019 ലെ മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പെറ്റികേസിൽ നിന്ന് മാറ്റി ഗൗരവമേറിയ മറ്റ് കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് പതിനാല് വയസ്സിന് മുകളിലേക്ക് പ്രായമുള്ള എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. പതിനാല് വയസ്സിന് താഴെയാണ് പ്രായം എങ്കിൽ സീറ്റ് ബെൽറ്റൊ അല്ലെങ്കിൽ ചൈൽഡ് റീസ്ട്രൈൻഡ് സിസ്റ്റമൊ (child restraint system) ഉപയോഗിച്ചിരിക്കണം എന്നാണ് വ്യവസ്ഥ.

സീറ്റ് ബെൽറ്റ് കാലാകാലങ്ങളിൽ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പ് വരുത്തേണ്ടതും സുരക്ഷയിൽ പ്രധാനമാണ്. മാത്രമല്ല ഡ്രൈവറും മറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Show Full Article
TAGS:cyrus mistry accident seatbelt Airbag 
News Summary - A small mistake took the life of Cyrus Mistry; Know about the life saving device called seat belt
Next Story