64,000 രൂപക്ക് ഇലക്ട്രിക് ബൈക്കുമായി സെനോ എമറ: അതും മൾട്ടി ചാർജിങ് സൗകര്യത്തോടെ
text_fieldsബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ സെനോ, എമറ എന്ന ഏറ്റവും പുതിയ മോട്ടോർസൈക്കിൾ ഇ.വി വിപണിയിൽ അവതരിപ്പിച്ചു. ഇത് രാജ്യത്തെ ആദ്യ സ്‌പോർട് യൂട്ടിലിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
100 മുതൽ 150 സി.സിയുള്ള മോട്ടോർസൈക്കിളുകളോടാകും എമറ മത്സരിക്കുക. ഹീറോ സ്‌പ്ലെൻഡർ, ഹോണ്ട ഷൈൻ തുടങ്ങിയവയാണ് എമറയുടെ എതിരാളികൾ. 190 എം.എം ഗ്രൗണ്ട് ക്ലിയറൻസുള്ള എമറയ്ക്ക് 250 കിലോഗ്രാം ലോഡ് കപ്പാസിറ്റി ഉണ്ട്. 4kWh ബാറ്ററിയാണ് എമറയുടെ കരുത്ത്. ഇത് 8kWh വരെ ഉയർത്താനും സാധിക്കും. എമറ 100 കിലോമീറ്റർ യഥാർത്ഥ റേഞ്ച് നൽകുന്നു. 8kW പീക്ക് മോട്ടോറാണ് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിട്ടുള്ളത്. മണിക്കൂറിൽ 95 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇ.വി മോട്ടോർസൈക്കിളിനാകും. ആഡ്-ഓൺ ആക്‌സസറികൾ വഴി 150 ലിറ്റർ വരെ ലോക്കബിൾ സ്റ്റോറേജും റൈഡർമാർക്ക് പ്രയോജനപ്പെടുന്നു.
സെനോയുടെ പ്രധാന പ്രത്യേകത അതിന്റെ മൾട്ടി-മോഡൽ ചാർജിങ് ഇക്കോസിസ്റ്റമാണ്. ഉപഭോക്താക്കൾക്ക് ബാറ്ററി സ്വാപ്പിങ്, ഫാസ്റ്റ് ചാർജിങ്, ഹോം ചാർജിങ് എന്നിവയിൽ ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. ഇത് ഉപഭോക്താക്കൾക്ക് ചാർജ് ചെയ്യുന്നതിൽ പൂർണ സ്വാതന്ത്രം നൽകുമെന്ന് സെനോ പറഞ്ഞു. ഈയൊരു സാങ്കേതികവിദ്യ ഇന്ത്യയിൽ ആദ്യമായാണ്. 2025 അവസാനത്തോടെ പൊതു മേഖലകളിൽ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി സ്ഥാപിക്കാൻ സെനോ ലക്ഷ്യമിടുന്നുണ്ട്.
സെനോ ഉപഭോക്താക്കൾക്ക് ബാറ്ററിയോട് കൂടെ മോട്ടോർസൈക്കിൾ സ്വന്തമാക്കാം. അല്ലാത്തവർക്ക് ബാറ്ററി-ആസ്-എ-സർവീസ് (ബാറ്ററി ആവിശ്യത്തിന് വാടകക്കെടുക്കുന്ന സംവിധാനം) എന്ന സ്‌കീമും തെരഞ്ഞെടുക്കാം. ബാറ്ററിയോട് കൂടിയ വാഹനത്തിന് 1,19,000 രൂപയാണ് എക്സ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കുന്നവർക്ക് 1,00,000 രൂപ മുതൽ വാഹനം ലഭിക്കും. ബി.എ.എ.എസ് സ്‌കീമിൽ പെടുന്ന വാഹനത്തിന് 64,000 രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. വാഹനത്തിന്റെ ടോപ് വേരിയന്റിന് 79,000 രൂപ വിലവരും. ബി.എ.എ.എസ് ഉപഭോക്താക്കൾക്ക് 48kWh ന് പ്രതിമാസം 1,500 രൂപയും (ഏകദേശം 40 കി.മി/ദിവസം) അല്ലെങ്കിൽ 120kWh ന് പ്രതിമാസം 2,500 രൂപ (ഏകദേശം 100 കി.മി/ദിവസം) നിരക്കിൽ പ്രീപെയ്ഡ് എനർജി പ്ലാനുകൾ സ്വന്തമാക്കാം. അല്ലാത്തവർക്ക് kWh-ന് 52 രൂപ എന്ന നിരക്കിലും പോസ്റ്റ്‌പെയ്ഡ് ഓപ്ഷൻ തെരഞ്ഞെടുക്കാം.
എമറയുടെ പ്രീ ബുക്കിങ്ങുകൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്ക് സെനോ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ 935 രൂപ നൽകി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക കിഴിവുകളും ഡെലിവറിയിൽ മുൻഗണനയും ലഭിക്കും. 2026ന്റെ തുടക്കം മുതലാകും ഡെലിവറി ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

