മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻറ്സ് മോേട്ടാർ കമ്പനിയുടെ രണ്ടാമത് ബ്രാൻഡായി യെസ്ഡി നിരത്തിലെത്തുന്നു. നേരത്തേ കമ്പനി ജാവ എന്ന മോഡലിനെ പുറത്തിറക്കിയിരുന്നു. യെസ്‌ഡിയുടെ ഇന്ത്യയിലെ ആദ്യ വാഹനം അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന റോഡ്‌കിങ് ആയിരിക്കാനാണ് സാധ്യത. റോയൽ എൻഫീൽഡ് ഹിമാലയൻ മോഡലുകളുടെ എതിരാളിയായിരിക്കും റോഡ്‌കിങ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തൽ കമ്പനി നടത്തിയത്.
'മറ്റേ സഹോദരനെ തിരികെ കൊണ്ടുവരാൻ സമയമായിരിക്കുന്നു' എന്നാണ് ഇതുസംബന്ധിച്ച് ക്ലാസിക് ലെജൻറ്സിന്റെ സഹസ്ഥാപകൻ അനുപം തരേജ ട്വീറ്റ് ചെയ്തത്. റോഡ്‌കിങ് പ്രോട്ടോടൈപ്പിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
യെസ്ഡി റോഡ്‌കിങ്
യെസ്ഡി റോഡ്‌കിങ് ജാവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമായി എഞ്ചിൻ പ്ലാറ്റ്ഫോം പങ്കിടുമെന്നാണ് സൂചന. ജാവ പെരക്കിലെ 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. പെരക്കിൽ പരമാവധി 30 ബിഎച്ച്പി കരുത്തും 32.74 എൻഎം പീക്ക് ടോർക്കും നൽകുന്ന എഞ്ചിനാണിത്.
ഫുൾ-എൽഇഡി ലൈറ്റിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയുമായി ബൈക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാർഡ്‌വെയർ ഘടകങ്ങളിൽ വയർ-സ്‌പോക്ക് വീലുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്, രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടാം. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.