ഒരിക്കലും ബാലൻസ് തെറ്റില്ല; ‘അമാസ്’ സിസ്റ്റവുമായി യമഹ ബൈക്കുകൾ
text_fieldsബാലൻസ് തെറ്റാതെ ബൈക്ക് ഓടിക്കുക എന്നത് എല്ലായിപ്പോഴും വെല്ലുവിളിനിറഞ്ഞ കാര്യമാണ്. ഇതിന് പരിഹാരമായി നൂതനമായൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ യമഹ. അഡ്വാൻസ്ഡ് മോട്ടോർ സൈക്കിൾ സ്െറ്റബിലിറ്റി അസിസ്റ്റ് സിസ്റ്റം (AMAS) എന്നാണ് ഈ സംവിധാനത്തിന് അവർ പേരിട്ടിരിക്കുന്നത്. യമഹയുടെ ആർ 3 ഡമ്മി മോഡലിൽ പരീക്ഷിച്ച സംവിധാനം വിജയമാണെന്നാണ് റിപ്പോർട്ടുകൾ.
ആർ 3 ഇലക്ട്രിക് ബൈക്കിലാണ് യമഹ സെല്‍ഫ് ബാലന്‍സിങ് സംവിധാനം പരീക്ഷിച്ചത്. അമാസിനായി ചില മാറ്റങ്ങൾ ബൈക്കിൽ വരുത്തിയിട്ടുണ്ട്. മുന്‍വശത്ത് രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ കാണാം. ഫ്രണ്ട് സസ്‌പെന്‍ഷന്റെ തൊട്ടുതാഴെയാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇരുചക്രവാഹനത്തിന്റെ സെല്‍ഫ് ബാലന്‍സിങ് സൗകര്യത്തിനായി കമ്പനി ചില പ്രത്യേക ഉപകരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് വീലിലും സ്റ്റിയറിങ് ഹെഡിലും ഇതിനായി അക്ചുവേറ്റേര്‍സ് സ്ഥാപിച്ചിട്ടുണ്ട്.
ബൈക്കിനെ ചലിപ്പിക്കാനും ആവശ്യാനുസരണം വലത്തോട്ടും ഇടത്തോട്ടും തിരിയാനും ബാലന്‍സ് ചെയ്യാനും സഹായിക്കുന്നവയാണ് ഇവ. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയോ അതില്‍ കുറവോ ആണെങ്കില്‍ ബൈക്ക് നേരെ നില്‍ക്കാന്‍ സഹായിക്കുന്ന ആറ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂനിറ്റും ഉണ്ട്. ഈ സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണെന്നാണ് യമഹ പറയുന്നത്. സാങ്കേതികവിദ്യ പൂർണമാകുമ്പോൾ ബൈക്കില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെതന്നെ സ്വയം ബാലൻസ് ചെയ്യുന്ന അവസ്ഥയിലെത്തിക്കാമെന്നാണ് കമ്പനി എഞ്ചിനീയർമാർ പറയുന്നത്.
ഇത്തരം സാങ്കേതികവിദ്യയുള്ള മോട്ടോര്‍സൈക്കിള്‍ യമഹ സമീപഭാവിയില്‍ വില്‍പ്പനക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അത് എപ്പോഴാണന്ന വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഒപ്പം ആർ 3 ഇലക്ട്രിക് ബൈക്കിന്റെ പല സുപ്രധാന വിവരങ്ങള്‍ ഒന്നും യമഹ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഉപയോഗിക്കുന്ന മോട്ടറിന്റെ പവര്‍ ഔട്ട്പുട്ട് എത്രയാണ്, മുഴുവന്‍ ചാര്‍ജില്‍ ബൈക്കിന് എത്ര റേഞ്ച് ലഭിക്കും എന്ന കാര്യമൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. അമാസിന് സമാനമായി എഡാസ് മാതൃകയിൽ ഓട്ടോണമസ് സംവിധാനവും എയര്‍ ബാഗ് സജ്ജീകരണവുമുള്ള ഇരുചക്രവാഹനത്തിന്റെ ഗവേഷണത്തിൽ ജാപ്പനീസ് കമ്പനിയായ ഹോണ്ട പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

