യമഹ എയറോക്സിന്റെ ഇലക്ട്രിക് പതിപ്പെത്തി; ഒറ്റ ചാർജിൽ 106 കിലോമീറ്റർ സഞ്ചരിക്കും
text_fieldsയമഹ എയറോക്സ് ഇ സ്കൂട്ടർ
രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ഔദ്യോഗിക പ്രവേശനത്തിനൊരുങ്ങി യമഹ മോട്ടോർ കോർപ്. ഇരുചക്ര വാഹനനിരയിലെ ഏറ്റവും കരുത്തുറ്റ മോഡലായ എയറോക്സിന്റെ ഇലക്ട്രിക് വകഭേദത്തിലൂടെയാണ് യമഹയുടെ എൻട്രി. എയറോക്സ് 155 സി.സി മോഡലിനെ അടിസ്ഥാമാക്കിയാണ് ഇലക്ട്രിക് മോഡലിന്റെ ഡിസൈനും ചെയ്തിരിക്കുന്നത്.
ഇലക്ട്രിക് വകഭേദത്തിലെത്തുന്ന സ്‌പോർട്ടി സ്കൂട്ടറിൽ 3kWh ഡ്യൂവൽ-ബാറ്ററി സജ്ജീകരണമാണ്. കൂടാതെ 9.5kW വൈദ്യുത മോട്ടോർ 48 എൻ.എം പീക് ടോർക് വരെ ഉത്പാദിപ്പിക്കാൻ സാധിക്കും. എടുത്ത് മാറ്റാൻ സാധിക്കുന്നതും വ്യത്യസ്ത ചാർജിങ് ഓപ്ഷനുകൾ ലഭിക്കുന്നതുമാണ് എയറോക്സിൽ സജ്ജീകരിച്ചിരിക്കുന്ന ഡ്യൂവൽ ബാറ്ററി സിസ്റ്റം. ഒറ്റ ചാർജിൽ 106 കിലോമീറ്റർ സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന സ്കൂട്ടർ വീട്ടിൽ നിന്നും ജോലി സ്ഥലത്ത് നിന്നും സുഖകരമായി ചാർജ് ചെയ്യാൻ സാധിക്കും.
ആവശ്യമുള്ളപ്പോൾ അധിക ജ്വലനം നൽകുന്ന ഒരു ബൂസ്റ്റ് ഫങ്ഷനോടൊപ്പം ഇക്കോ, സ്റ്റാൻഡേർഡ്, പവർ എന്നീ മൂന്ന് ഡൈനാമിക് റൈഡിങ് മോഡുകൾ എയറോക്സ്-ഇ സ്കൂട്ടറിന് ലഭിക്കുന്നു. കൂടാതെ റിവേഴ്‌സ് അസിസ്റ്റ് മോഡ്, ട്വിൻ എൽ.ഇ.ഡി ഹെഡ് ലാമ്പ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ അഞ്ച് ഇഞ്ച് ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട് കീ പ്രവർത്തനക്ഷമത, സിംഗിൾ-ചാനൽ എ.ബി.എസിൽ ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ട്രാക്ഷൻ കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകൾ യമഹ എയറോക്സ്-ഇ സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്.
മികച്ച സുഖവും ബാലൻസിങ്ങും വാഗ്‌ദാനം ചെയ്യുന്ന സ്കൂട്ടറിന് 139 കിലോഗ്രാം ഭാരമുണ്ട്. ഇത് സ്റ്റാൻഡേർ എയറോക്സ് 155 മോഡലിനേക്കാൾ 13 കിലോഗ്രാം അധികമാണ്. അതിനാൽത്തന്നെ എയറോക്സ് 155 മോഡലിന്റെ 14 ഇഞ്ച് അലോയ് വീലുകൾ അതേപടി ഇലക്ട്രിക് സ്കൂട്ടറിലും നിലനിർത്തുന്നുണ്ട്. യമഹ ഇതുവരെ എയറോക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയോ ലോഞ്ച് സമയക്രമമോ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ടി.വി.എസ് എക്സ്, ഏഥർ 450 അപെക്സ്, ഓല എസ്1 പ്രോ തുടങ്ങിയ ഇലക്ട്രിക് എതിരാളികളുമായി എയറോക്സ് മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

