വേഗതയിൽ വിട്ടുവീഴ്ചയില്ല; കരുത്തുറ്റ യാത്രക്കായി എം.ജി സൈബർസ്റ്റർ സ്വന്തമാക്കി വനിത ക്രിക്കറ്റർ ഷഫാലി വർമ
text_fieldsഎം.ജി സൈബർസ്റ്റർ സ്വന്തമാക്കിയ ഷഫാലി വർമ
വനിത ലോകകപ്പിൽ വിജയക്കൊടി പാറിച്ച ഇന്ത്യൻ ടീമിലെ ഓപ്പണിങ് ബാറ്ററായ ഷെഫാലി വർമയുടെ യാത്രകൾ ഇനിമുതൽ കൂടുതൽ വേഗതയിലാകും. യൂറോപ്യൻ നിർമാതാക്കളായ എം.ജി (മോറിസ് ഗാരേജ്)യുടെ സൂപ്പർ കാർ, സൈബർസ്റ്റർ ഇലക്ട്രിക് വാഹനം ഗാരേജിൽ എത്തിച്ച് ഷഫാലി. ഇന്ത്യൻ വിപണിയിൽ 75 ലക്ഷം രൂപയാണ് മോഡലിന്റെ എക്സ് ഷോറൂം വില.
എം.ജി മോട്ടോർസ് ഇന്ത്യയാണ് ഷഫാലി വർമ സൈബർസ്റ്റർ ഇലക്ട്രിക് സ്വന്തമാക്കിയ ഫോട്ടോ ആദ്യമായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ റെഡ് കാർപ്പറ്റിൽ സൈബർസ്റ്ററിനൊപ്പം നിൽക്കുന്ന ഷാഫലിയുടെ ചിത്രമാണ് എം.ജി പങ്കുവെച്ചത്. വാഹനം സ്വന്തമാക്കാൻ സൈബർസ്റ്ററിന്റെ അതേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഷഫാലി ഗ്രൗണ്ടിൽ എത്തിയത്.
രാജ്യത്ത് ലഭ്യമായിട്ടുള്ള പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മോഡലാണ് സൈബർസ്റ്റർ. 77 kWh അൾട്രാ-തിൻ ബാറ്ററി പാക്കിലെത്തുന്ന വാഹനം ഡ്യൂവൽ-മോട്ടോർ, ഓൾ-വീൽ ഡ്രൈവ് സജ്ജീകരണത്തിലാണ് എത്തുന്നത്. ഈ ഡ്യൂവൽ-മോട്ടോർ 510 പി.എസ് പവറും 725 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (എം.ഐ.ഡി.സി) സാക്ഷ്യപ്പെടുത്തിയ റേഞ്ച് അനുസരിച്ച് ഒറ്റ ചാർജിൽ 580 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. 0 മുതൽ 100 kmph സഞ്ചരിക്കാൻ 3.2 സെക്കൻഡുകൾ മാത്രമെടുക്കുന്ന സൂപ്പർ കാറിന്റെ ഉയർന്ന വേഗത പരിധി 200 km/h ആണ്.
എംജി സൈബർസ്റ്റർ അതിന്റെ സ്ലീക്ക് കൂപ്പെ ഡിസൈൻ കൊണ്ട് മറ്റ് മോഡലുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു. ഇരുവശങ്ങളിലെയും ഇലക്ട്രോണിക് ഡോറുകൾ വാഹനത്തിന് കൂടുതൽ അട്ട്രാക്ഷൻ നൽകുന്നു. മുൻവശത്ത് ഷാർപ് എൽ.ഇ.ഡി ഹെഡ് ലാമ്പുകളും വലിയ എയർ വെന്റുകളും കാണാം. കൂടാതെ 20 ഇഞ്ച് അലോയ്-വീലുകളും ആരോ ഷേപ്പ് റിയർ എൽ.ഇ.ഡി ടൈൽലൈറ്റും കൂടുതൽ ബോൾഡായ ലുക്ക് നൽകുന്നുണ്ട്. ഉൾവശത്ത് 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, റേസിങ് മോഡൽ സ്റ്റിയറിങ് എന്നിവ ഗെയിമിങ് കോക്പിറ്റുകൾക്ക് സമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

