മോദിയുടെ മെഴ്സിഡെസ് മേയ്ബാക്ക് മാറ്റുന്നു; പകരമെത്തുക ഈ അത്യാധുനിക കാർ?
text_fieldsലോകത്തെ പ്രമുഖരായ രാഷ്ട്രീയനേതാക്കളെല്ലാം വിലകൂടിയ ആഡംബര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. പലപ്പോഴും നേതാക്കളോടൊപ്പം ഇവരുടെ വാഹനങ്ങളും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർ മാറ്റുന്നുവെന്ന വാർത്തകളാണ് വരുന്നത്. പുതുതായി ഒരു ഇലക്ട്രിക് കാറായിരിക്കും മോദിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. രാജ്യം കാർബൺ നിർഗമനം കുറക്കാനായി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ഇതിന് പ്രചോദനം നൽകുകയെന്നതും പ്രധാനമന്ത്രിയുടെ പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മേഴ്സിഡെസ് മേയ്ബാക്ക് എസ് 650 ഗാർഡിന് പകരമാവും പുതിയ കാറെത്തുക. ഇതിന് മുമ്പ് റേഞ്ച് റോവർ വോഗാണ് പ്രധാനമന്ത്രി ഉപയാഗിച്ചിരുന്നത്. ടോയോട്ടയുടെ ലാൻഡ് ക്രൂയിസറും നരേന്ദ്ര മോദി ഉപയോഗിച്ചിരുന്നു. മേഴ്സിഡെസിന്റെ ഇ.ക്യു എസ്.യു.വിയായിരിക്കും ഇനി മോദിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തിക്കുക.
പ്രധാനമന്ത്രിക്കായി മാറ്റങ്ങൾ വരുത്തിയാവും ഇ.ക്യൂ.എസ് എസ്.യു.വി മേഴ്സിഡെസ് ഇന്ത്യക്ക് കൈമാറുക. ജർമ്മനിയിലെ കമ്പനിയുടെ ആസ്ഥാനത്താവും കാറിൽ മാറ്റങ്ങൾ വരുത്തുക. ഇലക്ട്രിക് കാർ മോദിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തിയാൽ ഇലക്ട്രിക് കാറിലേക്ക് മാറുന്ന ആദ്യത്തെ രാഷ്ട്രനേതാവായിരിക്കും മോദി.