എന്താണീ സ്ലിപ്-അസിസ്റ്റ് ക്ലച്ച്?
text_fieldsപ്രതീകാത്മക ചിത്രം
വിപണിയിൽ എത്തുന്ന വാഹനങ്ങളുടെ പരസ്യങ്ങളിൽ അവയുടെ സവിശേഷതകളും സാങ്കേതിക വിവരണങ്ങളും വർണിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഷോറൂമിൽ വാഹനം വാങ്ങാൻ ചെന്നാൽ സെയിൽസ് സ്റ്റാഫും ഫീച്ചറുകളെകുറിച്ച് വാചാലരാകാറുണ്ട്. ചിലതൊന്നും ഒരു പിടിയും കിട്ടിയില്ലെങ്കിലും വെറുതെ തലയാട്ടി സമ്മതിച്ച് തിരിച്ചു വരുന്നവരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കിൽ, ഇതൊക്കെ എന്താണെന്ന് അറിയണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ വായിച്ചുപോകാം. പലർക്കും അറിയുന്ന കാര്യങ്ങളാണ് പറയുന്നത്.
സ്ലിപ്-അസിസ്റ്റ് ക്ലച്ച് (Slip assist clutch)
പ്രധാനമായും ബൈക്കുകളിൽ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. പ്രധാന ഉദ്ദേശം എൻജിൻ ബ്രേക്കിങ് കുറക്കുക, ക്ലച്ച് ഓപറേഷൻ ലഘൂകരിക്കുക, സ്മൂത്തായ ഗിയർ ഡൗൺഷിഫ്റ്റ് സാധ്യമാക്കുക എന്നിവയാണ്. ഇത് രണ്ടുതരത്തിലാണ് പ്രവർത്തിക്കുന്നത്:
1. സ്ലിപ് ഫങ്ഷൻ (Slip function)
വേഗം കുറക്കുമ്പോൾ, ഗിയർ ഡൗൺ ചെയ്യുമ്പോൾ, ബ്രേക്കിങ് ബലം കുറച്ച്, പുറകിലെ ടയർ ലോക്ക് ആവാതിരിക്കാൻ സഹായിക്കുന്നു.
2. അസിസ്റ്റ് ഫങ്ഷൻ (Assist function) ക്ലച്ച് ലിവർ പ്രഷർ കുറക്കുന്നു.
ഇനിയും മനസ്സിലാകാത്തവർക്കുവേണ്ടി ഒരുദാഹരണം പറയാം. അതായത്, നമ്മൾ വാഹനത്തിന്റെ ഗിയർ ഡൗൺ ചെയ്യുമ്പോൾ (ഉദാ: 5ൽനിന്ന് 3ലേക്ക്) റിയർ ടയർ സ്കിഡ് ചെയ്യാതിരിക്കാൻ സഹായിക്കുന്നു. ക്ലച്ച് ലിവർ അമർത്താൻ കുറച്ചുമാത്രം ബലമേ വേണ്ടിവരൂ.
സാധാരണ ക്ലച്ച് സിസ്റ്റത്തിൽ, എൻജിൻ, ബൈക്ക് നീങ്ങുന്ന സ്പീഡിനേക്കാൾ അധികം സ്റ്റോപ്പാവാൻ ശ്രമിക്കും. അതോടെ, ടയറിൽ തെന്നലുണ്ടാകാൻ (Tyre skid) സാധ്യതയുണ്ട്. ഫലം: ബൈക്കിൽനിന്ന് മറിഞ്ഞുവീഴാനും പരിക്കേൽക്കാനും സാധ്യത. എന്നാൽ, Slip assist clutch ഉള്ള ബൈക്കിൽ, ക്ലച്ച് പാളികൾ (Plates) ടയർ സ്കിഡ് പൂർണമായും ഒഴിവാക്കും.
അതുപോലെ, ക്ലച്ച് ലിവർ അമർത്തേണ്ട ബലവും വളരെ കുറയും, നല്ല റോഡിൽ വേഗതയിൽ പോയാലും കംഫർട്ടും സേഫ്റ്റിയും അനുഭവപ്പെടുന്നതിനാൽ യാത്ര ആസ്വാദ്യകരമാകും. എൻജിൻ ബ്രേക്കിങ് സമയത്ത്, വാഹനത്തിന്റെ വേഗതയും ടയറിന്റെ സ്പീഡും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, ക്ലച്ച് ഒരു നിശ്ചിത സമയത്തേക്ക് ‘സ്ലിപ്’ ചെയ്യും. അതായത്, ക്ലച്ച് പൂർണമായി ബന്ധിപ്പിക്കാതെ, എൻജിന്റെ ശക്തി വാഹനത്തിന്റെ ടയറിലേക്ക് ഒരു പരിധി വരെ എത്തിക്കാൻ അനുവദിക്കുന്നു. ഇത് ടയർ ലോക്ക് ചെയ്യുന്നത് തടയുകയും വാഹനത്തിന്റെ നിയന്ത്രണം നിലനിർത്തുകയും ചെയ്യുന്നു.
ഉപകാരപ്രദം
ഈ ക്ലച്ച് പ്രധാനമായും ഹൈ-പെർഫോമൻസ് മോട്ടോർ ബൈക്കുകളിൽ കാണുന്ന ഉപകാരപ്രദമായ ഫീച്ചറാണ്. Slip assist clutch ഫീച്ചറുള്ള, വിപണിയിലെ ചില ഇരുചക്ര വാഹനങ്ങൾ ഇവയാണ്:
- ബജാജ് ഡോമിനോർ 400,
- ടി.വി.എസ് അപ്പാഷേ RTR 200, RR 310,
- യമഹ R15,
- ഹോണ്ട CB 350, ഹൈനസ് 350, CB 200X,
- റോയൽ എൻഫീൽഡ് ഹണ്ടർ 350, കോണ്ടിനെന്റൽ GT 650, ഇന്റർസെപ്റ്റർ 650,
- കെ.ടി.എം ഡ്യൂക് 250, 390 (ലിസ്റ്റ് പൂർണമല്ല).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

