ഏതെല്ലാം വേണം? ഇനി തീരുമാനിക്കാം
text_fieldsവാഹനത്തിന്റെ ഫീച്ചറുകളിൽ ആവശ്യമുള്ളതും അല്ലാത്തതും ഏതൊക്കെയെന്നത് ഓരോരുത്തരുടെയും സ്വഭാവസവിശേഷതകൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. ഒരാൾക്ക് ആവശ്യമായ ഫീച്ചറായി തോന്നുന്നത് മറ്റൊരാൾക്ക് അനാവശ്യമായി തോന്നിയേക്കാം. എന്തെങ്കിലുമൊക്കെ ഗുണമില്ലാതെ ഒരു വാഹന കമ്പനിയും ഇത്തരം സംവിധാനങ്ങൾ അവതരിപ്പിക്കില്ലല്ലോ. ഏറ്റവും പ്രധാനം പ്രസ്തുത ഫീച്ചർ നമ്മുടെ വാഹനത്തിന് യോജിച്ചതാണോ, ഗുണകരമാണോ നമുക്കിത് ആവശ്യമുണ്ടോ എന്ന് തിരിച്ചറിയുകയാണ്.
ഹെഡ്-അപ് ഡിസ്േപ്ല HUD
കാറിലെ ഹെഡ്-അപ് ഡിസ്േപ്ല സാധാരണ ഡ്രൈവിങ്ങിൽ അത്ര ആവശ്യമായ ഒന്നല്ല. ഒരു അഡ്വാൻസ്ഡ് ടെക്നോളജിയാണിത്. പ്രധാന വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഈ സ്ക്രീൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ യൂനിറ്റിൽനിന്ന് മുകളിലേക്ക് ഉയർന്നുനിൽക്കത്തക്ക വിധമാണ് പൊസിഷൻ ചെയ്തിട്ടുള്ളത്. ഇതുവഴി, ഡ്രൈവർക്ക് തലകുനിക്കാതെ തന്നെ വേഗത, നാവിഗേഷൻ, റോഡ് മാർക്കിങ്ങുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ മനസ്സിലാക്കാനാകും.
HUDയിൽ കാണിക്കുന്ന വിവരങ്ങൾ
- സ്പീഡോമീറ്റർ (Speedometer)
- RPM (Revolutions Per Minute)
- ഫ്യൂവൽ ലെവൽ & മൈലേജ്
- നാവിഗേഷൻ മാർഗനിർദേശങ്ങൾ (GPS)
- ട്രാഫിക് വിവരങ്ങൾ (Speed Limit, Signals)
- ADAS (Advanced Driver Assistance Systems) അലർട്ടുകൾ.
HUD അത്യാവശ്യമാണെന്നോ അല്ലെന്നോ പറയുന്നത് ഡ്രൈവിങ് രീതി, ഉപയോഗം എന്നിവയെ ആശ്രയിച്ചിരിക്കും. മുഖത്തിനഭിമുഖമായി ഉയർന്നു നിൽക്കുന്നതിനാൽ HUD ചിലപ്പോൾ ശ്രദ്ധ മാറ്റാൻ ഇടയാക്കിയേക്കാം. ഇത്തരം സംവിധാനമുള്ള കാറിനും വില കൂടുതലായിരിക്കും.
ക്രൂസ് കൺട്രോൾ
നല്ലൊരു ഫീച്ചറാണ് ഇത്. പക്ഷേ കേരളത്തിലെ റോഡിലൊന്നും തീരെ ആപ്ലിക്കബ്ൾ അല്ലാത്ത, സാധ്യമല്ലാത്ത ഒന്നാണിത്. നിശ്ചിത സ്പീഡിൽ സെറ്റ് ചെയ്ത് വെച്ചാൽ പിന്നെ ആക്സിലേറ്ററിൽനിന്ന് കാലെടുത്ത് റെസ്റ്റ് ചെയ്യാം. വണ്ടി ചുമ്മാ അങ്ങ് പൊയ്ക്കോളും. മുന്നിൽ എന്തെങ്കിലും തടസ്സമോ ആരെങ്കിലും വട്ടംചാടുകയോ എന്തുതന്നെയായാലും ബ്രേക്കിൽ കാലമർത്തിയാൽ ഓട്ടോമാറ്റിക്കായി ക്രൂസ് കൺട്രോൾ സെറ്റിങ്സ് ഡിസ്കണക്ടാവും.
വാഹനത്തിലെ സ്പീഡ് സ്വയമേ നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ ഗംഭീര റോഡുകളിലെ ദീർഘയാത്രകളിൽ ആശ്വാസംതന്നെയാണ്. ഓട്ടോമാറ്റിക് മോഡലുകളിലാണ് ഈ ഫീച്ചർ കൂടുതൽ ഫലപ്രദമെന്നും വിലയിരുത്തപ്പെടുന്നു. സ്ഥിരമായ സ്പീഡ് ഏറെ ദൂരം ഒരേപോലെ നിലനിർത്തുന്നതിനാൽ ഇന്ധനക്ഷമത വർധിപ്പിക്കാനാകും. പക്ഷേ, മറ്റ് തടസ്സങ്ങൾക്ക് സാധ്യതയില്ലാത്ത റോഡ് ഉണ്ടായിരിക്കണമെന്നു മാത്രം.
എന്നാൽ, സദാസമയവും തിരക്കും ഗതാഗതക്കുരുക്കും സ്പീഡ് ബ്രേക്കറുകളും ഹമ്പും ഡിപ്പും പാച്ച് വർക്കും ഗട്ടറും നിറഞ്ഞ റോഡും, എന്തിനേറെ വിവിധ കച്ചവടങ്ങൾപോലും റോഡിൽ അരങ്ങേറുന്ന നമ്മുടെ നാട്ടിൽ ഈ ഫീച്ചറിട്ട് ഒരു കിലോമീറ്ററെങ്കിലും വാഹനം ഓടിക്കാൻ പറ്റിയാൽ ഭാഗ്യമെന്ന് കൂട്ടിയാൽ മതി. ഏതാനും ചില റോഡുകളിലും ഹൈവേകളിൽ സാധിച്ചേക്കാമെങ്കിൽപോലും നമ്മുടെ നാട്ടിലെ സ്പീഡ് ലിമിറ്റും നിയമസംവിധാനവും പാലിച്ച് ഈ ഫീച്ചർ ഒരു പാഴ്വസ്തു ആകാനാണ് സാധ്യത കൂടുതൽ. മാത്രവുമല്ല ഡ്രൈവർ അലസനാകാനും ശ്രദ്ധക്കുറവ് വരാനും സാധ്യതയുമുണ്ട്.
ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ
ഇരുട്ട് പരക്കുന്നത് സ്വയം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ സ്വയമേ ഓണാകും. വൈകുന്നേരങ്ങളിൽ ചിലപ്പോഴൊക്കെ നല്ല സ്ട്രീറ്റ് ലൈറ്റുള്ള റോഡുകളിൽ ഹെഡ് ലൈറ്റ് ഓണാക്കാൻ മറക്കാറുണ്ട് പലരും. അതേപോലെ രാത്രിയിൽ കാർ പാർക്ക് ചെയ്തശേഷം, ലൈറ്റുകൾ കുറച്ച് നേരം ഓണായി നിൽക്കുന്നതിനാൽ ലൈറ്റില്ലാത്തിടത്ത് നിർത്തിയിടുമ്പോൾ ഏറെ ഉപകാരപ്രദമാണ് ഫോളോ മീ ഹോം ഹെഡ് ലാംപ്സ്.
TPMS
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം. ടയർ പ്രഷർ കൃത്യമാണോ എന്ന് നിരന്തരം നമ്മെ കാണിച്ചുകൊണ്ടേയിരിക്കുന്നത് അപകടസാധ്യത കുറക്കാനുപകരിക്കും.
അഡ്ജസ്റ്റബ്ൾ ORVMs (Electric or Manual)
സൈഡ് മിററുകൾ എളുപ്പത്തിൽ അഡ്ജസ്റ്റ് ചെയ്യാനുപകരിക്കും. ഇപ്പോഴിറങ്ങുന്ന മിക്ക വാഹനങ്ങളിലും ബേസിക് ഫീച്ചറായി പോലും ഇത് നിർമാതാക്കൾ നൽകാറുണ്ട്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

