ഞങ്ങൾ എവിടെയും പോകുന്നില്ല, ഇവിടെ തന്നെ ഉണ്ടാകും; പുതിയ മൂന്ന് വാഹനങ്ങളുമായി നിസാൻ മോട്ടോർസ്
text_fieldsന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ മോട്ടോർസ് ഇന്ത്യ വിടുന്നെന്ന അഭ്യൂഹങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ആ വാർത്ത നിലവിലുള്ള വാഹന ഉപഭോക്താക്കൾക്ക് ഏറെ സംശയങ്ങൾ ഉണ്ടാക്കി. വാഹനത്തിന്റെ സർവീസ്, പാർട്സുകൾ തുടങ്ങിയവ എവിടെ നിന്നും ലഭിക്കുമെന്ന ചർച്ചകൾക്കിടയിലാണ് നിസാർ മോട്ടോഴ്സിന്റെ ആ പ്രഖ്യാപനം. 'ഞങ്ങൾ എവിടെയും പോകുന്നില്ല, ഇവിടെ തന്നെ ഉണ്ടാകും' എന്ന് നിസാൻ മാനേജിങ് ഡയറക്ടർ സൗരഭ് വാസ്ത പറഞ്ഞു.
ഏകദേശം ഇന്ത്യയിൽ 60 വർഷത്തെ ചരിത്രമുള്ള നിസാൻ മോട്ടോർസ് ഫ്രഞ്ച് കമ്പനിയായ റെനോയ്ക്ക് ചെന്നൈയിലെ നിർമാണ പ്ലാന്റിലെ ഓഹരികൾ വിറ്റതിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രവർത്തനം തുടരുമെന്നും 2026 അവസാനത്തോടെ ഇന്ത്യയിൽ പുതിയ മൂന്ന് വാഹനങ്ങൾ നിർമ്മിക്കുമെന്നും സൗരഭ് വാസ്ത പറഞ്ഞു.
ഇന്ത്യയിൽ നിസാന്റെ മാഗ്‌നൈറ്റ്, എക്സ്-ട്രെയിൽ എന്നീ വാഹങ്ങൾ മാത്രമാണ് നിലവിൽ വിൽപ്പന നടത്തുന്നത്. എന്നാൽ 2026ന്റെ ആദ്യം തന്നെ എം.പി.വി സെഗ്‌മെന്റിലെ ആദ്യ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എം.ഡി പറഞ്ഞു. തുടർന്ന് 2026ന്റെ മധ്യത്തിൽ മിഡ്-സൈസ് എസ്.യു.വി സെഗ്‌മെന്റിൽ ഒരു 5 സീറ്റർ വാഹനം ഇറക്കും. ഇത് ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് വാഹങ്ങളോട് മത്സരിക്കും. മൂന്നാമത്തെ വാഹനം 7 സീറ്റർ എസ്.യു.വി ആയിരിക്കും. അത് 2027ന്റെ ആദ്യത്തിൽ വിപണിയിലെത്തിക്കുമെന്ന് സൗരഭ് വാസ്ത കൂട്ടിച്ചേർത്തു.
രാജ്യത്ത് നിസാന്റെ 160 ഡീലർഷിപ്പുകളാണ് നിലവിലുള്ളത്. 2026ന്റെ തുടക്കത്തിൽ തന്നെ പുതിയ 20 ഡീലർഷിപ്പുകൾ ആരംഭിക്കാൻ നിസാൻ പദ്ധതിയിടുന്നുണ്ട്. 2023ലെ വിൽപ്പനയുമായി 2024ലെ വിൽപ്പന താരതമ്യം ചെയ്യുമ്പോൾ 7.51% ന്റെ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും കയറ്റുമതിയിൽ 65.93% വർധനവാണ് നിലവിൽ മാർക്കറ്റിൽ നിസാൻ മോട്ടോഴ്സിനെ പിടിച്ചുനിർത്തുന്നത്. 2026 സാമ്പത്തിക വർഷത്തിൽ പുതിയ മോഡലുകൾ ആഭ്യന്തര വിപണിയിലേക്കായി 1,00,000 യൂനിറ്റുകളും കയറ്റുമതിക്കായി 1,00,000 യൂനിറ്റുകളും നിർമ്മിക്കാനാണ് നിസാന്റെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

