ഓട്ടോ ഓടിച്ച് നഗരത്തിൽ കറങ്ങുന്ന ബിൽ ഗേറ്റ്സ്; പ്രചരിക്കുന്ന വിഡിയോയിലെ സത്യം ഇതാണ്
text_fieldsമൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്സ് ഇന്ത്യന്‍ നിരത്തുകളിലൂടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ചുപോകുന്ന വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബിൽഗേറ്റ്സ് തന്നെയാണ് വിഡിയോ തന്റെ സമൂഹമാധ്യമ അകൗണ്ടിൽ പങ്കുവച്ചത്. ഇന്ത്യ സന്ദര്‍ശനത്തിനിടെ കഴിഞ്ഞയാഴ്ച നടന്ന രസകരമായ സംഗതി ബില്‍ഗേറ്റ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
വിഡിയോയ്ക്ക് പിന്നിലെ കഥ
മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ത്രീ-വീലര്‍ ആണ് ഗേറ്റ്സ് ഓടിക്കുന്നത്. തന്റെ സഹപാഠിയായിരുന്ന ആനന്ദ് മഹീന്ദ്രയെ സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയതാണ് വിഡിയോ എന്നാണ് സൂചന. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ബില്‍ഗേറ്റ്‌സും ആനന്ദ് മഹീന്ദ്രയും ഒന്നിച്ച് പഠിച്ചിരുന്നു.
'നവീകരണത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ ഒരു ഇലക്ട്രിക് റിക്ഷ ഓടിച്ചു. നാല് പേരെ വഹിക്കാനും 131 കിലോമീറ്റര്‍ (ഏകദേശം 81 മൈല്‍) വരെ സഞ്ചരിക്കാനും ശേഷിയുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാന്‍ ഓടിച്ചത്. ഗതാഗത രംഗത്തിനും ഡീകാര്‍ബണൈസേഷനിലും മഹീന്ദ്രയെപ്പോലുള്ള കമ്പനികള്‍ നല്‍കുന്ന സംഭാവനകള്‍ പ്രചോദനാത്മകമാണ്’-ബില്‍ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
ബില്‍ ഗേറ്റ്‌സിന്റെ സന്ദര്‍ശനം സംബന്ധിച്ച് ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്. സഹപഠികള്‍ ഹസ്തദാനം നടത്തുന്ന ചിത്രം പങ്കിട്ട ആനന്ദ് മഹീന്ദ്ര 2021-ല്‍ ബില്‍ ഗേറ്റ്സ് രചിച്ച 'കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം' എന്ന പുസ്തകത്തിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചതായും കുറിച്ചു.
മഹീന്ദ്ര ഇലക്ട്രിക് ത്രീവീലറുകളായ ട്രിയോ ഓട്ടോ, ട്രിയോ സോര്‍, സോര്‍ ഗ്രാന്‍ഡ് എന്നിവ ജനപ്രിയമാണ്. ചെറിയ യാത്രകള്‍ക്കും ദൈനംദിന കാര്യങ്ങള്‍ക്കുമായി വിശ്വസനീയവും സാമ്പത്തിക ലാഭവുമുള്ള ഒരു ഓപ്ഷനാണിത്. ഇലക്ട്രിക് ത്രീ-വീലറുകള്‍ ഓടിക്കാനും എളുപ്പമാണ്. വലിയ വാഹനങ്ങള്‍ ഓടിച്ച് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്കും ഇത് എളുപ്പത്തില്‍ ഓടിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

