വോൾവോ EX30 ഇന്ത്യൻ വിപണിയിൽ; ആദ്യം ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് പ്രത്യേക ഓഫർ
text_fieldsവോൾവോ EX30
സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോയുടെ EX30 മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബ്രാൻഡിന്റെ താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഏറ്റവും സുരക്ഷയേറിയ എസ്.യു.വി മോഡലാണ് EX30. 41 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. എന്നാൽ ദീപാവലി ഫെസ്റ്റിവലിനോടനുബന്ധിച്ച് 2025 ഒക്ടോബർ 19ന് മുമ്പ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 39.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ വാഹനം സ്വന്തമാക്കാം.
വോൾവോയുടെ മറ്റ് മോഡലുകളോട് ഏറെ സാമ്യമുള്ള വാഹനമാണ് EX30. ക്ലോസ്ഡ്-ഓഫ് ഗ്രിൽസ്, സ്ലിം എൽ.ഇ.ഡി ഹെഡ്‍ലൈറ്റുകൾ, സൂപ്പർ ഹീറോയായ തോറിന്റെ ഹാമറിനോട് സാമ്യതയുള്ള ഡേടൈം റണ്ണിങ് ലൈറ്റുകൾ, പിക്‌സലേറ്റഡ് റിയർ ലൈറ്റ്‌സ്, ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത എയറോഡൈനാമിക് വീലുകൾ എന്നിവ വോൾവോ EX30 മോഡലിന്റെ പ്രത്യേകതകളാണ്. ഇടത് വശത്തെ റിയർ ക്വാർട്ടർ പാനലിനോടടുത്താണ് ചാർജിങ് പ്ലോട്ട് വോൾവോ സജ്ജീകരിച്ചിരിക്കുന്നത്.
ഇന്റീരിയർ ഒരു മിനിമലിസ്റ്റ് സ്വീഡിഷ് സൗന്ദര്യശാസ്ത്രത്തെ എടുത്തുകാണിക്കുന്നു. ഗൂഗ്‌ൾ ബേസ്ഡ് സിസ്റ്റവുമായി ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്ന 12.3-ഇഞ്ച് വെർട്ടിക്കൽ ഇൻഫോടൈന്മെന്റ് സ്ക്രീൻ, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, ഏറ്റവും പുതിയ സ്റ്റിയറിങ് വീൽ, 360 ഡിഗ്രി കാമറ, മൾട്ടിപ്പിൾ എയർബാഗുകൾ, ലൈൻ കീപ് അസിസ്റ്റന്റോടും അഡാപ്റ്റീവ് ക്രൂയിസ് കോൺട്രോളോടും കൂടെ എത്തുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്‌മെന്റ് സിസ്റ്റം) ഫീച്ചറും EX30 മോഡലിൽ വോൾവോ സജ്ജീകരിച്ചിട്ടുണ്ട്.
ഗീലിയുടെ എസ്.ഇ.എ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ച EX30 മോഡലിൽ 69 kWh ബാറ്ററി പാക്കുമായാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുന്നത്. വേൾഡ് വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് നടപടിക്രമം (WLTP cycle) പ്രകാരം ഒറ്റചാർജിൽ 480 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് ബാറ്ററി ഓപ്ഷനുകളുമായാണ് ഈ മോഡൽ എത്തുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറിൽ ഇന്ത്യൻ നിരത്തുകളിൽ എത്തുന്ന EX30, 272 എച്ച്.പി കരുത്തും 343 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 180 km/h മാക്സിമം സ്പീഡ് കൈവരിക്കുന്ന ഈ എസ്.യു.വി 0-100 km/h എത്താൻ 5.3 സെക്കൻഡ്‌സ് മാത്രമാണ് എടുക്കുന്നത്. ഇന്ത്യൻ വിപണിയിൽ മെഴ്‌സിഡസ്-ബെൻസ് EQA, ഹ്യുണ്ടായ് ഇയോണിക് 5, ബി.വൈ.ഡി സീലിയൻ 7, ബി.എം.ഡബ്ല്യു iX1 തുടങ്ങിയ എതിരാളികളോടായിരിക്കും വോൾവോ EX30 മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

