ഉടൻ എത്തും! വി.എൽ.എഫ് മോബ്‌സ്റ്റർ 135 സ്‌പോർട്ടി സ്കൂട്ടറിന്റെ പ്രൊഡക്ഷൻ ആരംഭിച്ചു
text_fieldsവി.എൽ.എഫ് മോബ്സ്റ്റാർ 135
ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ വി.എൽ.എഫിന്റെ (വെലോസിഫെറോ) പുതിയ മോബ്‌സ്റ്റർ 135 സ്കൂട്ടർ പ്രൊഡക്ഷൻ ആരംഭിച്ചു. ഇന്ത്യയിലേക്കായി കമ്പനി നിർമിക്കുന്ന ആദ്യ പെട്രോൾ എൻജിൻ സ്കൂട്ടറാണ് മോബ്‌സ്റ്റർ 135. മഹാരാഷ്ട്രയിലെ കോലാഹപുർ പ്ലാന്റിലാണ് കമ്പനി സ്കൂട്ടറിന്റെ നിർമാണം ആരംഭിച്ചത്. ബുക്കിങ് നടത്തിയ ഉപഭോക്താക്കൾക്ക് അടുത്തമാസം മുതൽ വാഹനം ലഭിച്ചു തുടങ്ങുമെന്ന് വി.എൽ.എഫ് അറിയിച്ചു.
2025 സെപ്റ്റംബറിലാണ് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ വി.എൽ.എഫ് അവതരിപ്പിച്ചത്. 1.30 ലക്ഷം രൂപയാണ് മോഡലിന്റെ എക്സ് ഷോറൂം വില. ആദ്യമാസത്തിൽ 2,500 ബുക്കിങ്ങുകൾ സ്വന്തമാക്കാൻ കമ്പനിക്ക് സാധിച്ചു. കൂടാതെ ആദ്യ 48 മണിക്കൂറിൽ 1,000 ബുക്കിങ്ങുകൾ നേടി റെക്കോഡ് നേട്ടവും വി.എൽ.എഫ് മോബ്സ്റ്റാർ 135 സ്വന്തമാക്കിയിരുന്നു.
ആദ്യം 2,500 യൂനിറ്റുകളുടെ ബുക്കിങ് മാത്രം നേടിയ കമ്പനി ഉപഭോക്താക്കളുടെ താത്പര്യംകൊണ്ട് 500 യൂനിറ്റുകൾ കൂടെ ഉൾപ്പെടുത്തി 3,000 യൂനിറ്റുകളായി ബുക്കിങ് നിർത്തിവെച്ചിരുന്നു. ഈ വാഹനമാണ് 1.30 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ലഭിക്കുക. തുടർന്ന് ബുക്കിങ് ആരംഭിക്കുമ്പോൾ സ്കൂട്ടർ ലഭ്യമാകുക 1.38 ലക്ഷം എക്സ് ഷോറൂം വിലയിലാകുമെന്ന് വി.എൽ.എഫ് അറിയിച്ചു. ഹീറോ സൂം 160, ടി.വി.എസ് എൻടോർക്ക് 150, അപ്രിലിയ എസ്.ആർ 175, യമഹ എയറോക്സ് 155 സ്കൂട്ടറുകളോടെ നേരിട്ടാകും വി.എൽ.എഫ് മോബ്സ്റ്റാർ 135 മത്സരിക്കുക.
വി.എൽ.എഫ് മോബ്സ്റ്റാർ 135 ഡിസൈൻ
മഹാരാഷ്ട്രയിലെ കോലാഹപുർ പ്ലാന്റിലാണ് മോബ്സ്റ്റാർ 135 മോഡലിന്റെ നിർമാണം. ഇറ്റാലിയൻ വാഹന ഡിസൈനറായ 'അലസ്സൻഡ്രോ ടാർടാറിനി'യാണ് മോബ്സ്റ്റാർ 135 രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഷാർപ്പ്-ബോഡി രൂപകൽപ്പനയിൽ ട്വിൻ-പ്രൊജക്ടഡ് ഹെഡ്ലാമ്പുകൾ മുൻവശത്ത് സജ്ജീകരിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ 5.0 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേ, കീ ഉപയോഗിക്കാതെ എൻജിൻ ഓൺ/ഓഫ് സ്വിച്ച്, ട്രാക്ഷൻ കണ്ട്രോൾ എന്നിവക്ക് പുറമെ ഓപ്ഷണലായി ഡാഷ് കാമറയും വി.എൽ.എഫ് മോബ്സ്റ്റാർ 135 സ്കൂട്ടറിന് നൽകുന്നുണ്ട്.
125 സി.സി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എൻജിൻ 12.1 ബി.എച്ച്.പി കരുത്തും 11.7 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 122 കിലോഗ്രാം ഭാരം വരുന്ന സ്കൂട്ടറിന്റെ ഉയർന്ന വേഗത 105 kmph ആണ്. എട്ട് ലിറ്റർ ഫ്യൂവൽ ടാങ്കിൽ ഒരു ലിറ്റർ പെട്രോളിൽ 46 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 12 ഇഞ്ച് അലോയ്-വീൽ ടയറിൽ 230 എം.എം ഫ്രണ്ട് ഡിസ്‌കും 220 എം.എം റിയർ ഡിസ്ക് ബ്രേക്കും മോബ്സ്റ്ററിന് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

