ഇങ്ങിനെയാണ് ആ ഇന്നോവ അവിടെ എത്തിയത്; എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി പാർക്കിങ് വീഡിയൊ കാണാം
text_fieldsകഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലായത്. ഇരു വശവും കുഴിയുള്ള സ്ലാബിന് മുകളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇന്നോവ കണ്ടാണ് നാട്ടിലെ ഡ്രൈവർമാരൊക്കെ മൂക്കത്ത് വിരൽവച്ചത്. ഇന്നോവക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രം സ്ഥലമുള്ള ഒരിടത്ത് വാഹനം എങ്ങിനെ പാർക്ക് ചെയ്തതെന്നതായിരുന്നു ആദ്യ വിസ്മയം.
അടുത്ത പ്രശ്നം റോഡ്വശത്തെ കമ്പികൾക്ക് ഇടയിലൂടെ എങ്ങിനെ ഒരു വാഹനം അവിടേക്ക് ഒാടിച്ച് കയറ്റി എന്നതായിരുന്നു. എല്ലാത്തിനും ഉത്തരമായി ഇന്നോവയുടെ പാർക്കിങ് വീഡിയോയും എത്തിയിരിക്കുകയാണ്. ഇത്തവണ പക്ഷെ കാഴ്ച്ചക്കാരുടെ മുന്നിലായിരുന്നു ഡ്രൈവറുടെ പ്രകടനം. ഇടുങ്ങിയ സ്ഥലത്തേക്ക് ഇന്നോവ അനായാസമാണ് ഒാടിച്ച് കയറ്റുന്നത്.
ആരാണാ ഡ്രൈവർ?
മാനന്തവാടി പേര്യ ആലാറ്റിൽ സ്വദേശി പ്ലാപറമ്പിൽ പി .ജെ ബിജുവാണ് സാമാന്യം തടിച്ച ഇന്നോവയെ ഇടുങ്ങിയ സ്ലാബിൽ പാർക്ക് ചെയ്ത വിരുതൻ. ബിജുവിന്‍റെ സുഹൃത്ത് ലിബിയുടെതാണ് ഇന്നോവ. ലിബി വാഹനം സർവ്വീസ് ചെയ്യാനായി ബിജുവിനെ ഏൽപ്പിക്കുകയായിരുന്നു. ഓണാവധി കഴിഞ്ഞ ശേഷമേ വർക്ക്ഷോപ്പ് തുറക്കൂ എന്നതിനാല്‍ വാഹനം തെൻറ ക്വാർട്ടേഴ്സിന് മുന്നിലാണ് പാർക്ക് ചെയ്തിരുന്നതെന്ന് ബിജു പറയുന്നു. റോഡിലെ കനാലിെൻറ പണി നടക്കുന്നതിനാലാണ് കാർ അവിടെ പാർക്ക് ചെയ്യാൻ കാരണം.
കഴിഞ്ഞ കുറേദിവസമായി വാഹനം അവിടെ കയറ്റിയിട്ടിട്ട്. ഇതിനിടെ ബിജുവിന്‍റെ ഭാര്യ വാഹനം പാർക് ചെയ്തിരിക്കുന്നതിെൻറ ചിത്രം എടുത്ത് സഹോദരിക്ക് അയച്ചു കൊടുത്തു. ഇതാണ് ആദ്യം വൈറലായത്. എന്നാൽ ഇക്കാര്യം ബിജു അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വര്‍ക്ക് ഷോപ്പ് തുറന്നു എന്നറിഞ്ഞ് കാർ കൊടുക്കാനായി എടുത്തു കൊണ്ടു പോയപ്പോൾ ഭാര്യയും മക്കളും ചേർന്നാണ് രണ്ടാമത്തെ വീഡിയോ പകർത്തിയത്. പിന്നീട് ഈ വീഡിയോയും സഹോദരിക്ക് അയച്ചു കൊടുത്തു. അവരാണ് ഇതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതെന്നും ബിജു പറയുന്നു.