പുത്തൻ വെന്യുവിനെ അറിയാം
text_fieldsഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായ ഹ്യുണ്ടായ് വെന്യുവിന്‍റെ പുതിയ മോഡൽ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. ആദ്യ മോഡൽ അവതരിപ്പിച്ചത് മുതൽ ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് ഇൗ ചെറു എസ്.യു.വി മുഖംമിനുക്കിയെത്തിയത്. ഇൗയിടെ രൂപമാറ്റങ്ങളോടെ എത്തിയ ഹ്യൂണ്ടായ് ക്രെറ്റയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വെന്യു നിർമിച്ചിരിക്കുന്നത് എന്ന് വ്യക്തം.
മൂന്ന് എഞ്ചിൻ വകഭേദങ്ങളിലാണ് പുത്തൻ വെന്യു എത്തിയത്. 120 ബി.എച്ച്.പി കരുത്തുള്ള 1 ലിറ്റർ പെട്രോൾ, 83 ബിഎച്ച്.പി കരുത്തുള്ള 1.2 ലിറ്റർ പെട്രോൾ, 100 ബി.എച്ച്.പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണുള്ളത്. 1 ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ, 1.5 ലിറ്റർ സി.ആർ.ഡി.െഎ ഡീസൽ എഞ്ചിനുകൾ 9.99 ലക്ഷം രൂപ മുതൽ ലഭിക്കും. 1.2 ലിറ്റർ എം.പി.െഎ പെട്രോൾ എഞ്ചിന് 7.53 ലക്ഷം രൂപയാണ് വില. െഎ.എം.ടി, ഏഴ് സ്പീഡ് ഡി.സി.ടി ഗിയർബോക്സുകളിൽ 1 ലിറ്റർ ടർബോ എഞ്ചിൻ ലഭിക്കുമ്പോൾ മാനുവൽ ഗിയർബോക്സിൽ മാത്രമാണ് 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ ലഭ്യമാവൂ.
ഏഴ് നിറങ്ങളിലാണ് വാഹനം ലഭിക്കുക. ആറ് സിങ്കിൾ ടോൺ കളർ ഓപ്ഷനിലും ഒരു ഡ്യുവൽ ടോൺ കളറിലും വെന്യു സ്വന്തമാക്കാം. പുറംകാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത് മുൻഭാഗത്തും പിന്നിലുമാണ്. പുതിയ വലുപ്പം കൂടിയ ഗ്രില്ലുകളാണ് മുൻവശത്തെ പ്രധാന മാറ്റം. മുൻഭാഗത്തെ ഡിസൈനിനോട് ചേർന്ന് നിൽക്കുന്നതാണ് പുതിയ ഗ്രില്ലിന്‍റെ രൂപകൽപ്പന.
എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം ഡി.ആർ.എല്ലുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി പുതിയ ഡിസൈനിലാണ് സൈഡ് ഇൻഡിക്കേറ്റർ ഉള്ളത്. മുൻവശത്തെ ഡിസൈനിൽ ഉണ്ടായ മാറ്റങ്ങൾ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകിയിട്ടുണ്ട്.
പിന്നീട് മാറ്റങ്ങൾ പ്രകടമാവുന്നത് പിൻഭാഗത്താണ്. പുതിയ ഡിസൈനിലാണ് ടെയിൽലൈറ്റ് ഒരുക്കിയത്. ഒരു വശത്ത് നിന്നും തുടങ്ങി മറുവശം വരെയെത്തുന്ന ടെയിൽലൈറ്റിന്റെ ഡിസൈൻ മനോഹരമാണ്. ഇത് പിൻവശത്തെ കൂടുതൽ സുന്ദരമാക്കുന്നു. പിൻവശത്തെ ബമ്പറും വലിയ രീതിയിൽ പുനർ നിർമിച്ചിട്ടുണ്ട്. വശക്കാഴ്ചയിൽ ബോൾഡ് ലുക്ക് നൽകുന്ന ഡിസൈനാണ് ഉള്ളത്. മനോഹരമായ 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് മറ്റൊരു ആകർഷണം.
അകക്കാഴ്ചയിലും ധാരാളം മാറ്റങ്ങളുണ്ട്. ബീജും ബ്ലാക്കും നിറങ്ങളിലാണ് ഇന്‍റീരിയർ. മാറ്റങ്ങളോടെയുള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, ബ്ലൂ ലിങ്ക് വഴിയുള്ല 60ൽ അധികം കണക്ടിവിറ്റി ഫീച്ചറുകൾ, എയർ പ്യൂരിഫയർ, പാഡിൽ ഷിഫ്റ്റുകൾ, വയർലെസ് ചാർജർ, ഇലക്ട്രിക് അഡ്ജസ്റ്റ് സീറ്റുകൾ, പിൻനിര സീറ്റിനോട് ചേർന്ന് രണ്ട് ചാർജ്ജിങ് പോയിന്‍റുകൾ എന്നിവ പുതിയ മോഡലിന്‍റെ പ്രത്യേകതയാണ്. കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, വരാനിരിക്കുന്ന 2022 മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവയാവും വെന്യുവിന്‍റെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

