15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഏപ്രിൽ മുതൽ ഇന്ധനം നൽകില്ല; നിർണായക തീരുമാനവുമായി ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനവുമായി ഡൽഹി സർക്കാർ. ഏപ്രിൽ ഒന്ന് മുതൽ തീരുമാനം നടപ്പാക്കും. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
ഡൽഹി നേരിടുന്ന കനത്ത വെല്ലുവിളികളിലൊന്നായ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ചകൾ നടത്തിയിരുന്നു.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനായി ഇന്ധന പമ്പുകളിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കും. തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിക്കുമെന്ന് മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
പഴക്കമുള്ളതും മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക ടാസ്ക് ഫോഴ്സുകൾക്ക് രൂപംനൽകും. പുറത്തുനിന്ന് ഡൽഹിയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ കർശനമായി പരിശോധിക്കും.
ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (NCR) 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും റോഡുകളിൽ ഓടുന്നത് നിരോധിച്ചുള്ള തീരുമാനം നേരത്തെയുണ്ട്. ഇത് കർശനമാക്കാനാണ് സർക്കാർ നീക്കം. 2025 ഡിസംബറോടെ ഡൽഹിയിലെ പൊതുഗതാഗതത്തിൽ നിന്ന് സി.എൻ.ജി ബസുകളിൽ ഏകദേശം 90 ശതമാനവും പിൻവലിച്ച് പകരം ഇലക്ട്രിക് ബസുകൾ കൊണ്ടുവരും.
ഡല്‍ഹിയിലെ വലിയ ഹോട്ടലുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിമാനത്താവളം, വലിയ നിർമാണ സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആന്റി സ്‌മോഗ് ഗണ്ണുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി സിർസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

