ഡൽഹിയിൽ ബി.എസ് 4ൽ താഴെയുള്ള വാഹനങ്ങൾക്ക് വിലക്ക്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നഗരത്തിലെ വായു മലിനീകരണ തോത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നിർഗമന തോത് ബി.എസ് 4ൽ താഴെ വരുന്ന വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക് ഏർപ്പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും എതിരെയാണ് നടപടി വരുക. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്‌ചി, വിപുൽ പഞ്ചോലി എന്നിവരും അടങ്ങിയ ബെഞ്ചാണ് ഡൽഹി സർക്കാർ ഉന്നയിച്ച ആവശ്യത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
ബി.എസ് 3ന് കീഴിലെ വാഹനങ്ങൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാനുള്ള ആഗസ്റ്റ് 12ലെ ഉത്തരവ് തിരുത്തണമെന്ന ഡൽഹി സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയുടെ അഭ്യർഥന അംഗീകരിച്ചാണ് പരമോന്നത കോടതിയുടെ ഉത്തരവ്. വായു മലിനീകരണ വിഷയത്തിൽ അമിക്കസ് ക്യൂറിയായി പ്രവർത്തിക്കുന്ന മുതിർന്ന അഭിഭാഷക അപരാജിത സിങ് സർക്കാറിന്‍റെ ആവശ്യത്തെ പിന്തുണക്കുകയും ചെയ്തു.
10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഡൽഹി, എൻ.സി.ആർ മേഖലകളിൽ പ്രവർത്തനാനുമതി നൽകരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ 2015ൽ ഉത്തരവ് നൽകുകയും സുപ്രീംകോടതി 2018ൽ ശരിവെക്കുകയും ചെയ്തിരുന്നു. ഡൽഹി സർക്കാർ ഇതുസംബന്ധിച്ച് 2024ൽ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
പഴക്കംചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സർക്കാർ ഉത്തരവ് നൽകിയെങ്കിലും പ്രതിഷേധം കനത്തതോടെ ആ തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ വായു മലിനീകരണ തോത് ദിവസങ്ങളായി അതിരൂക്ഷമായി തുടരുകയാണ്. അത് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിലും പരിസര മേഖലകളിലും ഗ്രേഡഡ് റെസ്‍പോൺസ് ആക്ഷൻ പ്ലാനിന്‍റെ സ്റ്റേജ് 4 നടപ്പാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

