റോയൽ എൻഫീൽഡിന്‍റെ ഹിമാലയൻ മുഖംമിനുക്കും. പുതിയ വാഹനം ഈ മാസം 21ന് വിപണിയിലെത്തിക്കാനാണ് നീക്കംനടക്കുന്നത്. സിൽവർ, പൈൻ ഗ്രീൻ പോലുള്ള പുതിയ നിറങ്ങൾ ഉൾപ്പെടുത്തിയും ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന് ചെറിയ മാറ്റം വരുത്തിയും ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങളും ഉൾപ്പടെയാണ് ഹിമാലയൻ പുറത്തുവരിക. നിലവിലെ മോഡൽ ബിഎസ് 6 ഫോമിലേക്ക് മാറുന്നതിനിടയിൽ ചില പരിഷ്കാരങ്ങൾക്ക് വിധേയമായിരുന്നു. അതുകഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പുതിയ പതിപ്പ് വരുന്നത്.
പുതിയ മീറ്റിയോർ 350ൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമായിരിക്കും ഹിമാലയനിലും വരിക. റോയൽ ഗൂഗിളുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്ട് ചെയ്തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട് ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ് സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല.
പുതിയ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ അപ്ഡേറ്റ് ചെയ്ത ഹിമാലയന് നിലവിലെ വിലയായ 1.91-1.96 ലക്ഷം രൂപയേക്കാൾ അൽപ്പം കൂടാനാണ് സാധ്യത. ഹിമാലയന് പുറമെ പുതിയ ക്ലാസിക് 350, 650 സിസി ക്രൂസർ തുടങ്ങി നിരവധി പുതിയ ബൈക്കുകൾ വിപണിയിലെത്തിക്കാനും റോയൽ എൻഫീൽഡിന് പദ്ധതിയുണ്ട്.