ആരാധകരെ ശാന്തരാകുവിൻ; പുതുക്കിയ മഹീന്ദ്ര ബൊലേറോ സീരീസ് വിപണിയിൽ
text_fieldsമഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഐതിഹാസിക എസ്.യു.വിയായ ബൊലേറോയുടെയും ന്യൂ ജെൻ ബൊലേറോ നിയോ മോഡലിന്റെയും ഏറ്റവും പുതിയ വകഭേദം വിപണിയിൽ അവതരിപ്പിച്ചു. 7.99 ലക്ഷം എക്സ് ഷോറൂം വിലയിൽ ബൊലേറോയും 8.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ബൊലേറോ നിയോ മോഡലും വിപണിയിൽ ലഭ്യമാകുമെന്ന് മഹീന്ദ്ര അറിയിച്ചു. നിലവിൽ ബൊലേറോയുടെ 16 ലക്ഷം യൂനിറ്റുകൾ നിരത്തുകളിൽ എത്തിച്ചതായി മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. പരിഷ്‌ക്കരിച്ചെത്തുന്ന ബൊലേറോ, ബൊലേറോ നിയോ മോഡലുകളിൽ അഡ്വാൻസ്ഡ് ആയിട്ടുള്ള റൈഡ്&ഹാൻഡ്ലിങ് ടെക്- റൈഡോഫ്ലോ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ സ്റ്റബിലിറ്റി, കണ്ട്രോൾ, സസ്‌പെൻഷൻ തുടങ്ങിയവയും മെച്ചപ്പെടുത്തിയിട്ടുണ്ട്.
മഹീന്ദ്ര ബൊലേറോ എൻജിൻ
ഏറ്റവും പുതിയ ബൊലേറോയിൽ 1.5-ലിറ്റർ എംഹോക്ക് 75 ഡീസൽ എൻജിനാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഈ എൻജിൻ പരമാവധി 75 ബി.എച്ച്.പി കരുത്തും 210 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വാഹനം ലഭിക്കുക.
മഹീന്ദ്ര ബൊലേറോ എക്സ്റ്റീരിയർ
പഴയ മോഡൽ ബൊലേറോയെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ 2025 മോഡലിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത് അഞ്ച് സ്ലറ്റുകളോടെ പുതിയ ഗ്രിൽ, ഫോഗ് ലാമ്പുകൾ, പുതിയ ഡിസൈനിൽ അലോയ്-വീലുകൾ എന്നിവ എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങളാണ്. ഇവ കൂടാതെ ബൊലേറോയുടെ നിലവിലുള്ള കളർ പാറ്റേണുകളിൽ നിന്നും വ്യത്യസ്തമായി സ്റ്റൽത്ത് ബ്ലാക്കിൽ പുതിയൊരു കളർ വകഭേദവും മഹീന്ദ്ര ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.
മഹീന്ദ്ര ബൊലേറോ ഇന്റീരിയർ
മഹീന്ദ്ര ബൊലേറോക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററിയും വായുസഞ്ചാരത്തിനായി സീറ്റുകളിൽ മെഷ് ഡിസൈനും ഉള്ള പുതുക്കിയ ക്യാബിൻ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറിലെ ഏറ്റവും വലിയ പ്രത്യേകത കമ്പനി ഇൻബിൽഡ് 17.8 സെന്റീമീറ്റർ ഇൻഫോടൈന്മെന്റ് യൂനിറ്റോടെയാണ് വാഹനം നിരത്തുകളിൽ എത്തുന്നു എന്നതാണ്. കൂടാതെ സ്റ്റിയറിങ്ങിൽ മൗണ്ടഡ് ഓഡിയോ കണ്ട്രോളും മറ്റ് ഫങ്ഷനുകളും ഡ്രൈവർമാർക്ക് കണ്ട്രോൾ ചെയ്യാം.
വകഭേദം അനുസരിച്ചുള്ള എക്സ് ഷോറൂം വില
ഏറ്റവും പുതിയ ബൊലേറോക്ക് ബി8 എന്നൊരു പുതിയ മോഡലും മഹീന്ദ്ര അവതരിപ്പിക്കുണ്ട്.
- ബൊലേറോ B4 : 7.99 ലക്ഷം
- ബൊലേറോ B6 : 8.69 ലക്ഷം
- ബൊലേറോ B6 (0) : 9.09 ലക്ഷം
- ബൊലേറോ B8 : 9.69 ലക്ഷം
മഹീന്ദ്ര ബൊലേറോ നിയോ
2023ലാണ് മഹീന്ദ്ര ബൊലേറോ നിയോ മോഡലിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. മഹീന്ദ്രയുടെ മറ്റൊരു എസ്.യു.വിയായ ടി.യു.വി 300നെ പരിഷ്‌ക്കരിച്ചാണ് ബൊലേറോ നിയോയെ നിരത്തുകളിൽ എത്തിച്ചതെന്ന് വാഹനലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ മാത്രമെടുത്തൽ 8,109 യൂനിറ്റുകൾ നിരത്തുകളിൽ അവതരിപ്പിക്കാൻ മഹീന്ദ്രക്ക് സാധിച്ചിട്ടുണ്ട്.
2025 മഹീന്ദ്ര ബൊലേറോ നിയോ നിലവിലെ പതിപ്പിലെ അതേ എൻജിൻ തന്നെ നിലനിർത്തുന്നുണ്ട്. 1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ പരമാവധി 100 ബി.എച്ച്.പി കരുത്തും 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് മാനുവൽ ട്രാൻസ്മിഷൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയിണക്കിയതാണ്.
ബൊലേറോ നിയോ എക്സ്റ്റീരിയർ
2025 മഹീന്ദ്ര ബൊലേറോ നിയോ അതിന്റെ പഴയ മോഡലിനോട് ഏറെക്കുറെ സാമ്യമുള്ളതാണ്. എന്നിരുന്നാലും പുതിയ വെർട്ടിക്കൽ സ്ലറ്റ്‌സ് മുൻവശത്തെ ഗ്രില്ലിന് പുതിയ രൂപം നൽകുന്നു. കൂടാതെ പുതിയ R16 ഡിസൈനിൽ അലോയ്-വീലുകളും കമ്പനി 2025 വകഭേദത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീൻസ് ബ്ലൂ എന്ന പുതിയ നിറത്തിലും ഉപഭോക്താക്കൾക്ക് ഈ മോഡൽ സ്വന്തമാക്കാം.
ബൊലേറോ നിയോ ഇന്റീരിയർ
ബൊലേറോയിലേതുപോലെ, പുതുക്കിയ ബൊലേറോ നിയോയ്ക്കും ലെതറെറ്റ് അപ്ഹോൾസ്റ്ററിയും മെഷ് പാറ്റേണുകളുമുള്ള പുതുക്കിയ ക്യാബിൻ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന വേരിയന്റിൽ ലൂണാർ ഗ്രേ കളർ തീം ലഭിക്കുന്നു. കൂടാതെ താഴ്ന്ന വേരിയന്റുകൾക്ക് അകത്ത് കൂടുതൽ പ്രീമിയം അനുഭവം നൽകുന്ന മോച്ച ബ്രൗൺ തീമും മഹീന്ദ്ര നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റുകളോടൊപ്പം റിയർവ്യൂ കാമറയും 22.9 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും ലഭിക്കുന്നു.
വകഭേദം അനുസരിച്ചുള്ള എക്സ് ഷോറൂം വില
2025 മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് N11 എന്നൊരു പുതിയ വകഭേദവും കമ്പനി അവതരിപ്പിക്കുന്നുണ്ട്
- ബൊലേറോ നിയോ N4 : 8.49 ലക്ഷം
- ബൊലേറോ നിയോ N8 : 9.29 ലക്ഷം
- ബൊലേറോ നിയോ N10 : 9.79 ലക്ഷം
- ബൊലേറോ നിയോ N11 : 9.99 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

