പള്‍സര്‍ 220 എഫ് പുനരവതരിപ്പിച്ച് ബജാജ്; വില 1.39 ലക്ഷം
text_fieldsപള്‍സര്‍ ശ്രേണിയിലെ മിന്നും താരമായിരുന്ന പള്‍സര്‍ 220 എഫ് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബജാജ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. സർക്കാർ മലിനീകരണ നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോഴായിരുന്നു ഇത്. എന്നാലിപ്പോള്‍ കൂടുതല്‍ ഊര്‍ജ്വസ്വലനായി പള്‍സര്‍ 220 എഫ് ഇന്ത്യയില്‍ പുനരവതരിച്ചിരിക്കുകയാണ്.
ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞാണ് പള്‍സര്‍ 220 എഫ് ബജാജ് പുനരവതരിപ്പിക്കുന്നത്. 1,39,686 രൂപ എക്സ്-ഷോറൂം ആണ് ബൈക്കിന്റെ വില. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിനിൽ ചില പരിഷ്കരങ്ങള് വരുത്തി എന്നതൊഴിച്ചാല്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വാഹനത്തിലില്ല.
സെമി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ 2007ലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 16 വര്‍ഷത്തോളം ഈ മോഡല്‍ വിപണിയില്‍ തിളങ്ങിനിന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ എഫ് 250 പുറത്തിറക്കിയതോടെ പള്‍സര്‍ 220 എഫ്-ന്റെ വില്‍പ്പന ബജാജ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കമ്പനിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് പള്‍സര്‍ എഫ് 250 വിപണിയിൽ പരാജയമായിരുന്നു. 200-250 സിസി സെഗ്മെന്റില്‍ വില്‍പ്പന ഗണ്യമായ കുറഞ്ഞതോടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പള്‍സര്‍ 220 എഫ് വീണ്ടും കളത്തിലിറക്കുകയാണ് ബജാജ്.
മാറ്റങ്ങൾ
ബൈക്കില്‍ അങ്ങിങ്ങായി നല്‍കിയിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഗ്രാഫിക്സ് പുതിയ പള്‍സര്‍ 220 എഫ്-ന്റെ ഡിസൈനില്‍ മികച്ച് നില്ക്കുന്നു. ബൈക്കിന്റെ ബെല്ലി പാന്‍, സൈഡ് പാനലുകള്‍, ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവയില്‍ കാര്‍ബണ്‍ ഫൈബര്‍ ഫിനിഷുള്ളതായി ചിത്രങ്ങളില്‍ കാണാം. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ബൈക്കിന്.
ട്വിന്‍ എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയ് വീലുകള്‍, ഹാലൊജെന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പൈലറ്റ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഉയരമുള്ള ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ ഫീച്ചറുകളും പുതിയ ബജാജ് പള്‍സര്‍ 220 എഫില്‍ തുടര്‍ന്നും ലഭ്യമാകും. മുന്‍വശത്ത് ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സൈഡഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്ഷന് ചുമതലകള്‍ നിര്‍വഹിക്കുന്നത്.
220 സിസി സിംഗിള്‍-സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന് ആണ് വാഹനത്തിന് തുടിപ്പേകുക. എഞ്ചില്‍ 8,500 rpm-ല്‍ 20 ബി.എച്ച്.പി പവര്‍ ഔട്ട്പുട്ടും 7,000 rpm-ല്‍ 18.55 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. എഞ്ചിന് 5 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഇണചേര്‍ത്തിരിക്കുന്നത്. പരിഷ്കാരങ്ങളുമായി വിപണിയിലെത്തിയ പള്‍സര്‍ 220 എഫ് രാജ്യത്തുടനീളമുള്ള ബജാജ് ഷോറൂമുകളില്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.