അടിസ്ഥാനപരമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പോലും അവഗണന; റോഡ് നിയമങ്ങളിൽ ഇന്ത്യൻ ഡ്രൈവർമാരുടെ നിസംഗത; രാജ്യത്ത് ഗതാഗത നിയമലംഘനത്തിന് ഈടാക്കിയത് 12,000 കോടി രൂപ പിഴ
text_fieldsന്യൂഡൽഹി: 2024 ൽ മാത്രം രാജ്യത്ത് ഗതാഗത നിയമലംഘനത്തിന് 12,000 കോടി രൂപയുടെ പിഴകൾ പുറപ്പെടുവിച്ചെന്ന് റിപ്പോർട്ട്. അതിൽ 9,000 കോടി രൂപ കുടിശ്ശികയുണ്ടെന്നും ഓട്ടോടെക് സ്ഥാപനമായ കാർസ്24 ന്റെ ചലാൻ റിപ്പോർട്ടിൽ പറയുന്നു. 2024-ൽ ആകെ എട്ടു കോടി ചലാനുകളാണ് പുറപ്പെടുവിച്ചത്. കണക്കു പ്രകാരം ഓരോ സെക്കന്റിലും റോഡിലിറങ്ങുന്ന ഓരോ വാഹനത്തിനും പിഴ ചുമത്തപ്പെടുന്നു.
'കർശനമായ നിയമങ്ങൾ നിലവിലുണ്ടായിട്ടും അവ കൃത്യമായി നടപ്പാക്കുന്നില്ല. നിയമലംഘനങ്ങൾ തഴച്ചുവളരുന്നു. പിഴകൾ കടലാസിൽ മാത്രമായി ഒതുങ്ങുകയും നിയമലംഘകരെ പിന്തിരിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന വ്യവസ്ഥിതിയിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. 12,000 കോടി രൂപയുടെ പിഴ എന്നത് സാമ്പത്തിക കണക്ക് മാത്രമല്ല രാജ്യത്തുടനീളം ട്രാഫിക് നിയമങ്ങൾ എത്രത്തോളം എളുപ്പത്തിലും വ്യാപകമായും ലംഘിക്കപ്പെടുന്നു എന്നതിൻ്റെ പ്രതിഫലനം കൂടിയാണ്' കാർസ്24 പ്രസ്താവനയിൽ പറഞ്ഞു.
റോഡ് ഉപഭോക്താക്കളിൽ ഒരു വിഭാഗം മറ്റേതിനേക്കാൾ കൂടുതൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന മിഥ്യാധാരണയെ നിരാകരിക്കുന്നതാണ് തങ്ങളുടെ കണ്ടെത്തൽ എന്നും കണക്കുകളെ ഉദ്ധരിച്ച് കാർസ്24 പറഞ്ഞു. നാലുചക്ര വാഹനങ്ങൾക്കാണ് 55 ശതമാനം ചലാനുകളും ഈടാക്കിയത്. ബാക്കി 45 ശതമാനം ഇരുചക്ര വാഹനങ്ങൾക്കും. നിയമലംഘനങ്ങളിൽ ആരും നിരപരാധികളല്ല. വാഹനങ്ങളുടെ തരം, നഗരങ്ങൾ, വരുമാന ഗ്രൂപ്പുകൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുമുള്ളവരും നിയമങ്ങൾ ലംഘിക്കുന്നുവെന്ന അസ്വസ്ഥജനകമായ സത്യമാണ് പഠനം വെളിപ്പെടുത്തുന്നത്.
പല ഇന്ത്യൻ ഡ്രൈവർമാരും റോഡ് നിയമങ്ങളെ കാണുന്നത് നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെങ്കിൽ പാലിക്കേണ്ടതില്ലാത്ത ഒന്നായിട്ടാണ്. 43.9% പേർ പൊലീസ് സാന്നിധ്യമില്ലെങ്കിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ 31.2% പേർ വണ്ടി ഓടിക്കുന്നതിന് മുൻപ് പൊലീസിനെ ശ്രദ്ധിക്കാറുണ്ടെന്നും അതിനനുസരിച്ച് ഡ്രൈവിങ്ങിൽ മാറ്റം വരുത്താറുണ്ടെന്നും പറയുന്നു. 17.6% പേർ പിഴ ഒഴിവാക്കാനായി ചുറ്റുപാടുകൾ സജീവമായി നിരീക്ഷിച്ച് ഡ്രൈവിങ്ങിൽ മാറ്റം വരുത്തുന്നവരാണെന്നും ചലാൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
'ഓരോ ട്രാഫിക് നിയമലംഘനവും പൗരബോധമില്ലായ്മയെ ഊട്ടിയുറപ്പിക്കുന്നു. നമുക്ക് കൂടുതൽ സുരക്ഷിതമായ നഗരങ്ങൾ വേണമെങ്കിൽ ഭയം മൂലം നിയമം പാലിക്കുന്നതിൽ നിന്ന് അഭിമാനത്തോടെ ഉത്തരവാദിത്തബോധത്തോടെ നിയമം പാലിക്കുന്നതിലേക്കുള്ള സാംസ്കാരിക മാറ്റം ആവശ്യമാണ്.' കാർസ്24 ന്റെ സഹസ്ഥാപകൻ ഗജേന്ദ്ര ജാങിദ് പറഞ്ഞു
ഗുരുഗ്രാമിൽ അധികാരികൾ പ്രതിദിനം 10 ലക്ഷം രൂപ ട്രാഫിക് പിഴയായി പിരിച്ചെടുക്കുന്നുണ്ട്. പ്രതിദിനം 4,500-ൽ അധികം ചലാനുകളാണ് അവിടെ നൽകുന്നത്. നോയിഡയിൽ ഒരു മാസം മാത്രം ഹെൽമെറ്റ് നിയമലംഘനങ്ങൾക്ക് 3 ലക്ഷം രൂപയുടെ ചലാനുകൾ നൽകി. ഇത് ഏറ്റവും അടിസ്ഥാനപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പോലും വ്യാപകമായി അവഗണിക്കപ്പെടുന്നു എന്ന വസ്തുതയെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

