'എഫ്.ജെ ക്രൂയിസർ' അഥവാ മിനി ലാൻഡ് ക്രൂയിസർ അവതരിപ്പിച്ച് ടൊയോട്ട
text_fieldsടൊയോട്ട ലാൻഡ് ക്രൂയിസർ എഫ്.ജെ
ലോകത്തെ വൻകിട വാഹനനിർമാതാക്കളായ ടൊയോട്ട അവരുടെ വാഹനനിരയിൽ മിനി ലാൻഡ് ക്രൂയിസർ അഥവാ ക്രൂയിസർ എഫ്.ജെ അവതരിപ്പിച്ചു. ഒക്ടോബർ 30ന് നടക്കുന്ന ജപ്പാൻ മൊബിലിറ്റി എക്സ്പോ 2025ലാകും ടൊയോട്ട വാഹനത്തെ പൂർണമായും പ്രദർശിപ്പിക്കുക. 2026ന്റെ മധ്യത്തോടെ വാഹനം ജപ്പാൻ വിപണിയിൽ സജീവമാകും.
വലിയ ലാൻഡ് ക്രൂയിസറിന്റെ അതേ മോഡലിലുള്ള ബോക്‌സി ഡിസൈനിൽ നിരത്തുകൾ കീഴടക്കാൻ പോകുന്ന ക്രൂയിസർ എഫ്.ജെ എൽ.സി 250 സീരിസിന് താഴെയാണ് സ്ഥാനം. രണ്ട് ഡിസൈൻ മോഡലിലാണ് വാഹനം വിപണിയിൽ എത്തുന്നത്. ഒരു മോഡൽ വൃത്താകൃതിയിലുള്ള ഹെഡ്‍ലൈറ്റിൽ എത്തുമ്പോൾ മറ്റേത് ദീർഘചതുരകൃതിയിൽ ലഭ്യമാകും. ദീർഘചതുരാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലും എൽ.ഇ.ഡി ഹെഡ്‍ലൈറ്റിൽ സി- ആകൃതിയിലുള്ള ഡി.ആർ.എൽ ലൈറ്റിങ്, മുമ്പിലും പിറകിലുമായി ചങ്കി ബമ്പറുകൾ എന്നിവ ക്രൂയിസർ എഫ്.ജെ മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ തിക്ക് ക്ലാഡിങ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ ഓഫ്-റോഡ് ഡ്രൈവിങ്ങിന് കൂടുതൽ കരുത്ത് പകരും.
4,574 എം.എം നീളവും 1,854 എം.എം വീതിയും 1,960 ഉയരവും 2,580 എം.എം വീൽ ബേസുമാണ് വാഹനത്തിന്റെ ആകെ വലുപ്പം. ഇന്റീരിയറിലെ വിശേഷങ്ങൾ വാഹനം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിലൂടെ വ്യക്തമാകും. എന്നിരുന്നാലും ഒന്നിലധികം ലയറുകളുള്ള ഡാഷ്‌ബോർഡ്, 12.5-ഇഞ്ച് ഫ്രീ-സ്റ്റാന്റിങ് ഇൻഫോടൈന്മെന്റ് സ്ക്രീൻ, ചങ്കി സ്റ്റീയറിങ് വീൽ എന്നിവ പ്രതീക്ഷിക്കാം.
2.7-ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനാകും ക്രൂയിസർ എഫ്.ജെക്ക് കരുത്ത് പകരുന്നത്. ഇത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കിയിരിക്കുന്നു. 160 ബി.എച്ച്.പി പവറും 245 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണിത്. പുതിയ ക്രൂയിസർ എഫ്.ജെ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

