നവംബറിൽ വാഹന നിർമാണം വെട്ടിക്കുറക്കുമെന്ന് ടൊയോട്ട. 15 ശതമാനത്തിെൻറ കുറവാണ് ആഗോള ഉത്പ്പാദനത്തിൽ കമ്പനി വരുത്തുന്നത്. സെപ്റ്റംബറിൽ ടൊയോട്ട അവരുടെ ഉത്പ്പാദനം മൂന്ന് ശതമാനം കുറച്ചിരുന്നു. 12 മാസത്തേക്ക് ഒമ്പത് ദശലക്ഷം വാഹനങ്ങളെന്ന വാർഷിക ഉത്പ്പാദന ലക്ഷ്യം മാറ്റമില്ലാതെ തുടരുമെന്നും ടൊയോട്ട അറിയിച്ചു.
പാർട്സുകൾ കിട്ടാനില്ല
ജാപ്പനീസ് വാഹന ഭീമെൻറ പുതിയ തീരുമാനത്തിനുപിന്നിലെ കാരണം പാർട്സുകളുടെ അഭാവമാണ്. ബ്രാൻഡിന് ഇപ്പോഴും ചില വാഹന ഭാഗങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ മുമ്പത്തെ ഉൽപാദന കുറവുകൾ നികത്താനാകില്ലെന്നും ടൊയോട്ട അറിയിച്ചു. പുതിയ ക്രമീകരണം ജപ്പാനിൽ ഏകദേശം 50,000 യൂനിറ്റുകളെയും വിദേശത്ത് 50,000 മുതൽ 100,000 യൂനിറ്റുകളെയും ബാധിക്കും.
അടുത്ത മാസം ഒരു ദശലക്ഷം കാറുകൾ നിർമ്മിക്കാൻ ടൊയോട്ട ആദ്യം ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇപ്പോഴത് ഏകദേശം 8,50,000 മുതൽ 9,00,000 യൂനിറ്റുകൾ വരെയായി കുറക്കുകയായിരുന്നു.
സെപ്റ്റംബറിൽ, തെക്കുകിഴക്കൻ ഏഷ്യയിലെ കോവിഡ് -19 കേസുകളുടെ വർധനവ് കാരണം അർധചാലക നിർമാണം മന്ദഗതിയിലായിരുന്നു. തുടർന്ന് ടൊയോട്ട അവരുടെ ഉത്പ്പാദന ശേഷി 3 ശതമാനം കുറച്ചു.
കഴിഞ്ഞ മാസം ചൈനയിലുണ്ടായ വൈദ്യുതി ക്ഷാമം ഉത്പ്പാദനത്തെ ബാധിച്ചതായും സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഭാവി എന്താണെന്ന് വ്യക്തമല്ലെന്നും ടൊയോട്ട പറയുന്നു. കുറവുകളുണ്ടെങ്കിലും വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും സ്വന്തം പ്ലാന്റുകളിലും വിതരണക്കാരിലും കോവിഡ് പ്രതിരോധ നടപടികൾ നടപ്പിലാക്കുമെന്നും ടൊയോട്ട അറിയിച്ചു. അർധചാലകങ്ങളുടെ കുറവ് വാഹനലോകത്ത് ദീർഘകാലം തുടരുമെന്നാണ് സൂചന.