വീടിന്‍റെ രണ്ടാം നിലയിലേക്ക് പറന്നുകയറി ടൊയോട്ട കൊറോള! ഞെട്ടൽ, ദുരൂഹത
text_fieldsവീടിന്‍റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറിയ ടൊയോട്ട കൊറോള സെഡാന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ലെവിസ്‌ടൗണിൽ ആണ് ഞെട്ടിക്കുന്ന സംഭവം. 'ഇതെങ്ങനെ സംഭവിച്ചു' എന്ന് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന അപകടത്തിന്‍റെ ചിത്രം, പെൻസിൽവാനിയയിലെ ഫയർ ആൻഡ് റെസ്ക്യൂ യൂനിറ്റാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വാഷിങ്ങ്ടൺ പോസ്റ്റും സംഭവം റിപ്പോർട്ട് ചെയ്തു.
20 വയസുകാരനായ ഇവാൻ മില്ലർ എന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരുക്കുകളില്ല എന്നതും കൗതുകരമാണ്. വീട്ടുകാർ താഴത്തെ നിലയിലായതിനാൽ രക്ഷപ്പെടുകയായിരുന്നു. കാറിന്‍റെ മുൻവശം പൂർണമായും വീടിന്‍റെ മുകൾനില ഭാഗികമായും തകർന്നിട്ടുണ്ട്.
അതേസമയം, ഇത് അപകടമല്ലെന്നും യുവാവ് ബോധപൂർവം വീടിന് മുകളിലേക്ക് കാർ ഇടിച്ചുകയറ്റിയെന്നുമാണ് പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസ് പറയുന്നത്. ഇവാനെതിരെ അഞ്ച് വർഷം മുതല്‍ 20 വർഷം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകൾ ചേർത്ത് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
എന്നാൽ, സംഭവം എങ്ങനെ ഉണ്ടായി എന്നത് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമാനമായ മറ്റൊരു കേസ് വടക്കൻ കാലിഫോർണിയയിൽ മുമ്പ് റിപോർട്ട് ചെയ്തിരുന്നു. വീടിന്റെ രണ്ടാം നിലയിലേക്കാണ് അന്നും കാർ പറന്ന് കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

