അർബൻ ക്രൂയിസർ ഹൈറൈഡർ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന്റെ ബാറ്ററി ശേഷിയിൽ മാറ്റം വരുത്തി ടൊയോട്ട
text_fieldsഅർബൻ ക്രൂയിസർ ഹൈറൈഡർ
ടൊയോട്ട കിർലോസ്കർ മോട്ടോർസ് മാരുതി സുസുകി ഗ്രാൻഡ് വിറ്റാരയുടെ ഡിസൈൻ പ്രചോദനം കൊണ്ട് നിർമിച്ച അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന്റെ ബാറ്ററി ശേഷിയിൽ മാറ്റം വരുത്തി. ഇതുവരെ നൽകിയിരുന്ന 0.76kWh ബാറ്ററിക്ക് പകരം 0.60kWh ശേഷിയുള്ള ബാറ്ററിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 2025 ഏപ്രിലിൽ പുറത്തിറങ്ങിയ മോഡലുകൾ മുതലാണ് ടൊയോട്ട ഈ മാറ്റം നടപ്പിലാക്കിയതെന്ന് കമ്പനി സ്ഥിരീകരിച്ചു.
വാഹനത്തിന്റെ പ്രകടനത്തിലോ കാര്യക്ഷമതയിലോ ഈ മാറ്റം യാതൊരുവിധ സ്വാധീനവും ചെലുത്തില്ലെന്ന് ടൊയോട്ട ഔദ്യോഗികമായി വ്യക്തമാക്കി. 115.56 പി.എസ് കരുത്തും 27.97 kmpl എന്ന എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയും പഴയതുപോലെ തന്നെ തുടരുമെന്നും കമ്പനി അറിയിച്ചു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്നും ടൊയോട്ട കൂട്ടിച്ചേർത്തു.
വാഹന ഉടമകൾക്കിടയിൽ ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും, ഹൈബ്രിഡ് പവർട്രെയിനുകളുടെ പ്രവർത്തനരീതി വെച്ച് നോക്കുമ്പോൾ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇലക്ട്രിക്-ഓൺലി മോഡിൽ വാഹനം സഞ്ചരിക്കുന്ന ദൂരത്തിൽ ചെറിയ കുറവ് ഉണ്ടായേക്കാം. ഇത് കാരണം പെട്രോൾ എൻജിൻ നേരത്തെ പ്രവർത്തിച്ചു തുടങ്ങാൻ സാധ്യതയുണ്ട്. ബാറ്ററി ശേഷി കുറവായതിനാൽ, എൻജിൻ ഉപയോഗിച്ച് ബാറ്ററി വീണ്ടും ചാർജ് ചെയ്യുന്ന പ്രക്രിയ കൂടുതൽ വേഗത്തിൽ നടക്കും. ബാറ്ററി വലുപ്പം കുറഞ്ഞതോടെ ബൂട്ട് സ്പേസ് കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്നത് ചില ഉപയോക്താക്കൾക്ക് ഗുണകരമാകും.
ടൊയോട്ട ഔദ്യോഗികമായി അറിയിപ്പുകളൊന്നും നൽകാതെ ഈ മാറ്റം നടപ്പിലാക്കിയതാണ് വാഹന ഉടമകൾക്കിടയിൽ ആദ്യം ആശയക്കുഴപ്പത്തിന് കാരണമായത്. വാഹനത്തിന്റെ സർവീസിങ്ങിനിടെയാണ് പലരും ബാറ്ററി കപ്പാസിറ്റിയിലെ വ്യത്യാസം ശ്രദ്ധിച്ചത്. ടൊയോട്ടയുടെ ഈ 'സൈലന്റ് അപ്‌ഡേറ്റ്' സംബന്ധിച്ച് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ കമ്പനിയുടെ വരുംകാല അപ്‌ഡേറ്റുകളിൽ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

